ഷാരൂഖ് മന്നത്ത് വിടുന്നു...! ഇനി താമസം പ്രതിമാസം 24 ലക്ഷം രൂപ വാടകയുള്ള കെട്ടിടത്തില്‍; കാരണമിത്
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും സമ്പന്നനായ താരമാണ് ഷാരൂഖ് ഖാന്‍. ഷാരൂഖ് ഖാനും കുടുംബവും വര്‍ഷങ്ങളായി മുംബൈയിലെ മന്നത്ത് എന്ന ആഡംബര ബംഗ്ലാവില്‍ ആണ് താമസിക്കുന്നത്. ഭാര്യ ഗൗരി ഖാന്‍, മക്കളായ ആര്യന്‍, സുഹാന, അബ്രാം എന്നിവര്‍ക്കൊപ്പമാണ് ഷാരൂഖിന്റെ താമസം. ഷാരൂഖിന്റെ പേരിനൊപ്പം തന്നെ ഐക്കണിക് ആണ് അദ്ദേഹത്തിന്റെ വസതിയും.
അതിനാല്‍ തന്നെ മന്നത്ത് ബംഗ്ലാവ് മുംബൈയിലെ ഒരു വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുന്നു എന്ന് പറയുന്നതിലും അതിശയോക്തിയില്ല. ബാന്ദ്ര ബാന്‍ഡ്സ്റ്റാന്‍ഡിന് എതിര്‍വശത്തായി സ്ഥിതി ചെയ്യുന്ന ഈ ബംഗ്ലാവിന് മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ നൂറുകണക്കിന് ആരാധകരാണ് എത്തുന്നത്. കഴിഞ്ഞ 25 വര്‍ഷത്തിലേറെയായി ഷാരൂഖ് ഖാന്റെയും കുടുംബത്തിന്റെയും താമസം ഇവിടെയാണ്.

എന്നാല്‍ ഈ വര്‍ഷം അവസാനത്തോടെ ഖാന്‍ കുടുംബം മന്നത്ത് വിട്ട് ഒരു അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിലേക്ക് മാറാനിരിക്കുകയാണ്. കൊട്ടാരസമാനമായ മന്നത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന വിപുലമായ നവീകരണത്തിന്റെ ഭാഗമായാണ് ഷാരൂഖും കുടുംബവും മന്നത്ത് വിടുന്നത്. മുന്നത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ മെയ് മാസത്തില്‍ ആരംഭിക്കുമെന്ന് വൃത്തങ്ങള്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
മന്നത്തിന്റെ നവീകരണത്തിന് ഷാരൂഖ് കുറെ നാളായി പദ്ധതിയിടുന്നുണ്ട്. എന്നാല്‍ മന്നത്ത് ഗ്രേഡ് III ഉള്‍പ്പെട്ട ഒരു പൈതൃക ഘടനയായതിനാല്‍ കോടതിയില്‍ നിന്ന് അനുമതി ലഭിക്കേണ്ടി വന്നു. ഇത്തരം നൂലാമാലകള്‍ എല്ലാം മറികടന്നിട്ടുണ്ട് എന്നാണ് വിവരം. ഇതിന്റെ ഭാഗമായി ഷാരൂഖും കുടുംബവും ബാന്ദ്രയിലെ പാലി ഹില്‍ പ്രദേശത്തെ ഒരു ആഡംബര അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിലേക്ക് താമസം മാറുകയാണ്.
നാല് നിലകളുള്ള ഈ കെട്ടിടം ചലച്ചിത്ര നിര്‍മ്മാതാവ് വാഷു ഭഗ്‌നാനിയില്‍ നിന്നാണ് ഷാരൂഖ് വാടകയ്‌ക്കെടുത്തിരിക്കുന്നത്. ഷാരൂഖിന്റെ റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റ്, ഭഗ്‌നാനിയുടെ മകന്‍ ജാക്കി ഭഗ്‌നാനിയും മകള്‍ ദീപ്ഷിക ദേശ്മുഖും, പൂജ കാസ എന്ന സ്വത്തിന്റെ സഹ ഉടമകളുമായി ഒരു ലീവ് ആന്‍ഡ് ലൈസന്‍സ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. നാല് നിലകളിലായുള്ള ഈ കെട്ടിടത്തില്‍ ഷാരൂഖിന്റെ കുടുംബം മാത്രമല്ല, അവരുടെ സുരക്ഷാ ജീവനക്കാരും താമസിക്കും.
ഓഫീസിന് വേണ്ട സ്ഥലവും ഇവിടെ ഒരുക്കിയിട്ടുണ്ട്. 'മന്നത്തിന്റെ അത്രയും വിശാലമല്ല ഇത്. എന്നിരുന്നാലും അദ്ദേഹത്തിന്റെ സുരക്ഷാ ജീവനക്കാരെയും മറ്റ് ജീവനക്കാരെയും ഉള്‍ക്കൊള്ളാന്‍ മതിയായ സ്ഥലമുണ്ട്,' ഷാരൂഖുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. നാല് നിലകള്‍ക്കായി ഷാരൂഖ് പ്രതിമാസം 24 ലക്ഷം രൂപയാണ് വാടക നല്‍കുക എന്ന് റിപ്പോര്‍ട്ടുണ്ട്. അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ തങ്ങള്‍ക്ക് ശരിയായ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് ഷാരൂഖ്.












Click it and Unblock the Notifications