ഷാരൂഖ് ഖാന്റെ നാവ് അരിഞ്ഞാല്‍ ഒരു ലക്ഷം; ബിജെപിക്ക് പിന്നാലെ ഹിന്ദുമഹാസഭ, ഇതാണ് കാരണം
മുംബൈ; ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരെ ബിജെപിയും ഹിന്ദുമഹാസഭയും. ഷാരൂഖ് ഖാന്‍ രാജ്യദ്രോഹിയാണ് ബിജെപി നേതാവ് സംഗീത് സോം അധിക്ഷേപിച്ചു. ഷാരൂഖ് ഖാന്റെ നാവ് അരിഞ്ഞെടുക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ഹിന്ദുമഹാസഭയും പ്രഖ്യാപിച്ചു. ഷാരൂഖ് ഖാന്റെ ഐപിഎല്‍ ടീമില്‍ ബംഗ്ലാദേശി ക്രിക്കറ്റ് താരത്തെ ഉള്‍പ്പെടുത്തിയതാണ് ഹിന്ദുത്വ നേതാക്കളെ പ്രകോപിപ്പിച്ചത്.
അഖിലേന്ത്യ ഹിന്ദു മഹാസഭയുടെ അഗ്ര ജില്ലാ പ്രസിഡന്റായ മീര താക്കൂര്‍ ആണ് ഷാരൂഖ് ഖാന്റെ നാവ് അരിയണം എന്ന് ആവശ്യപ്പെട്ടത്. മഥുരയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ, താരത്തിന്റെ നാവ് അരിയുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നും അവര്‍ പറഞ്ഞു. ബംഗ്ലാദേശി ക്രിക്കറ്റ് താരം മുസ്തഫിസുര്‍ റഹ്മാനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ എടുത്തതാണ് പ്രകോപനം.

ബംഗ്ലാദേശില്‍ ഹിന്ദുക്കളെ കൊല്ലുകയാണ്. അതേസമയം, ബംഗ്ലാദേശിലെ ക്രിക്കറ്റ് താരങ്ങളെ വാങ്ങുകയാണ് ഷാരൂഖ് ഖാന്‍. അത് അനുവദിക്കില്ലെന്ന് മീര താക്കൂര്‍ പറയുന്നു. ബംഗ്ലാദേശ് താരത്തെ ഐപിഎല്‍ ടീമില്‍ എടുത്തതില്‍ അയോധ്യയിലെ ചില സന്യാസികളും രംഗത്തുവന്നു. ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍ അവിടെയുള്ള ഹിന്ദുക്കളുടെ സുരക്ഷയ്ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തണം എന്നാണ് അവരുടെ ആവശ്യം.
ഷാരൂഖ് ഖാന്‍ നായകനല്ലെന്ന് സ്വാമി രാമഭദ്രാചാര്യ നാഗ്പൂരില്‍ പറഞ്ഞു. ഇന്ത്യയിലെ ജനങ്ങള്‍ കാരണമാണ് ഷാരൂഖ് ഖാന് പ്രശസ്തിയുണ്ടായത്. അതുകൊണ്ട് ജന വികാരം ഷാരൂഖ് ഖാന്‍ മാനിക്കണം എന്ന് അഖിലേന്ത്യ അഖാര പരിഷത്ത് പ്രസിഡന്റ് മഹന്ദ് രവീന്ദ്ര പുരി പറഞ്ഞു. ഷാരൂഖ് ഖാന്റെ ആസ്തികള്‍ കണ്ടുകെട്ടണം എന്ന് സ്വാമി ദിനേശ് ഫലഹാരി മഹാരാജ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് എഴുതി. ഷാരൂഖ് ഖാനെ ബംഗ്ലാദേശിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ടു.
ഷാരൂഖ് ഖാന്‍ രാജ്യം വിട്ടുപോകണം എന്ന് ബിജെപി നേതാവ് സംഗീത് സോം ആവശ്യപ്പെട്ടു. ഇന്ത്യയില്‍ ജീവിക്കാന്‍ ഷാരൂഖ് ഖാന് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യദ്രോഹിയാണ് ഷാരൂഖ് ഖാന്‍. താരത്തിനെതിരെ ശക്തമായ നടപടി വേണം. അല്ലെങ്കില്‍ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നത് ഷാരൂഖ് ഖാന്‍ തുടരുമെന്നും സംഗീത് സോം പറയുന്നു.
ശിവസേവയും കോണ്‍ഗ്രസും പറയുന്നത്
മുസ്തഫിസുര്‍ റഹ്മാനെ 20 കോടിക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്. ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ വലിയ വാര്‍ത്തയായിരുന്നു ഇത്. എന്നാല്‍ രാഷ്ട്രീയ രംഗത്ത് വിവാദത്തിനാണ് തിരി കൊളുത്തിയത്. ബംഗ്ലാദേശ് താരത്തെ ഐപിഎല്ലില്‍ നിന്ന് ഒഴിവാക്കണം എന്ന് ശിവസേന നേതാവ് സഞ്ജയ് നിരുപം ഷാരൂഖ് ഖാനോട് അഭ്യര്‍ഥിച്ചു. ബംഗ്ലാദേശ് താരത്തെ ഐപിഎല്ലില്‍ കളിപ്പിക്കരുത് എന്ന് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് ആനന്ദ് ദുബെ ആവശ്യപ്പെട്ടു.
അതേസമയം, ബിജെപിക്കെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നു. ഷാരൂഖ് ഖാനെ രാജ്യദ്രോഹി എന്ന് വിളിക്കുന്നത് രാജ്യത്തെ മതനിരപേക്ഷതക്കെതിരായ ആക്രമണമാണ് എന്ന് കോണ്‍ഗ്രസ് എംപി മാണികം ടാഗോര്‍ പറഞ്ഞു. വിദ്വേഷമല്ല ദേശീയത. ആര്‍എസ്എസ് സമൂഹത്തെ വിഷവല്‍ക്കരിക്കുന്നത് അവസാനിപ്പിക്കണം എന്നും മാണികം ടാഗോര്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications