മെസിയെ അഞ്ചിലേക്ക് തള്ളിമാറ്റി; ഷാരൂഖ് ഖാന്‍ നമ്പര്‍ വണ്‍, ടൈം 100 റീഡര്‍ പട്ടിക പുറത്ത്
മുംബൈ: ടൈം മാഗസീന്റെ ടൈം 100 റീഡര്‍ പട്ടിക പുറത്ത്. പട്ടികയില്‍ ഇതിഹാസ ഫുട്‌ബോള്‍ താരം ലയണല്‍ മെസിയെ പിന്തള്ളി ബോളിവുഡ് താരം ഷാരൂഖ് ഖാനാണ് ഒന്നാം സ്ഥാനത്തെത്തിയത്. വായനക്കാരില്‍ നടത്തിയ വോട്ടിംഗിലൂടെയാണ് ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ പട്ടിക പുറത്തുവിട്ടത്.
ഓസ്‌കാര്‍ ജേതാവായ നടന്‍ മിഷേല്‍ യോ, അത്ലറ്റ് സെറീന വില്യംസ്, മെറ്റാ സി ഇ ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ എന്നിവരെല്ലാം തന്നെ സൂപ്പര്‍ താരം ഷാരൂഖിന് പിന്നിലാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 1.2 ദശലക്ഷത്തിലധികം പേര്‍ പങ്കെടുത്ത വോട്ടിംഗില്‍ നാല് ശതമാനം വോട്ട് നേടിയാണ് ഷാരൂഖ് വിജയിച്ചത് .

സ്വാതന്ത്രത്തിനായി പ്രതിഷേധങ്ങള്‍ നടത്തിയ ഇറാനിയന്‍ സ്ത്രീകളാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ആകെ പോള്‍ ചെയ്ത വോട്ടിന്റെ രണ്ട് ശതമാനം നേടിയ ആരോഗ്യ പ്രവര്‍ത്തകരാണ് മൂന്നാം സ്ഥാനത്തുള്ളത്. ഹാരി രാജകുമാരനും മേഗനും 1.9 ശതമാനം വോട്ടുകളാണ് നേടിയത്. ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി അഞ്ചാം സ്ഥാനത്താണുള്ളത്. 1.8 ശളതമാനം വോട്ടാണ് മെസി നേടിയത്.
ബോളിവുഡ് സിനിമ ലോകത്ത് 100ല്‍ കൂടുതല്‍ സിനിമകള്‍ ചെയ്ത ഷാരൂഖ് കഴിഞ്ഞ നാല് വര്‍ഷത്തിന് ശേഷം വമ്പന്‍ തിരിച്ചുവരവാണ് പത്താനിലൂടെ നേടിയെടുത്തത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഒരു സിനിമാ നിര്‍മ്മാതാവെന്ന നിലയില്‍ തിരക്കിലായിരുന്ന ഷാരൂഖ് ചില സിനിമകളില്‍ അതിഥി വേഷങ്ങളിലൂടെ മാത്രമാണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയത്.
2022 ല്‍ പുറത്തിറങ്ങിയ ഡാര്‍ലിംഗ്‌സ് എന്ന ചിത്രമായിരുന്നു ഷാരൂഖ് അവസാനമായി നിര്‍മ്മിച്ച ചിത്രം. ബോളിവുഡ് താരം ആലിയ ഭട്ടിനൊപ്പം സഹനിര്‍മ്മാതാവിന്റെ റോളായിരുന്നു അദ്ദേഹം വഹിച്ചത്. നടന്‍ നിര്‍മ്മാതാവ് എന്ന നിലയില്‍ തിളങ്ങുമ്പോഴും, ഐ പി എല്ലിലെ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമസ്ഥാവകാശവും ഷാരൂഖിന്റെ പേരിലാണ്.
തെന്നിന്ത്യന്‍ സൂപ്പര്‍ സംവിധായകന്‍ ആറ്റ്‌ലിയുടെ ജവാന്‍ എന്ന ചിത്രമാണ് ഷാരൂഖിന്റെ അടുത്തതായി പുറത്തിറങ്ങുന്ന ചിത്രം. നയന്‍താര, വിജയ് സേതുപതി എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. തപ്സി പന്നുവിനൊപ്പം അഭിനയിക്കുന്ന രാജ്കുമാര്‍ ഹിരാനിയുടെ ഡങ്കിയിലും ഷാരൂഖ് ഖാന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് .












Click it and Unblock the Notifications