82 ലും തളരാത്ത പോരാട്ട വീര്യം.. ലോകത്തെ സ്വാധീനിച്ച ഷഹീൻബാഗ് സമരനായിക
ദില്ലി; അരിവാൾ കൊണ്ട് വിളവെടുക്കുന്നവളാ ഞാൻ,അവർക്കെന്നെ കുറിച്ച് എന്ത് അറിയാം, തനിക്കെതിരെ വിവാദ പ്രസ്താവന നടത്തിയ നടി കങ്കണ റനൗത്തിനെതിരെ ആഞ്ഞടിച്ച് കൊണ്ട് കഴിഞ്ഞ ദിവസം ഷഹീൻബാഗ് ദാദി ചോദിച്ച വാക്കുകളായിരുന്നു ഇത്. ദില്ലിയിൽ നടക്കുന്ന കാർഷിക സമരങ്ങളിൽ പങ്കെടുക്കാനെത്തിയ ദാദിയെ അധിക്ഷേപിച്ച് കങ്കണ രംഗത്തെത്തിയിരുന്നു. ശക്തമായ വാക്കുകളിലൂടെയായിരുന്നു ദാദിയുടെ പ്രതികരണം, ഷഹീൻബാഗിലെ പ്രതിഷേധ സമരത്തിന്റെ ഭാഗമായിരുന്നപ്പോഴുള്ള അതേ പോരാട്ടവീര്യത്തോടെ ദില്ലിയിലെ കർഷക സമരങ്ങളിലും സജീവ സാന്നിധ്യമായി മാറിയിരിക്കുകയാണ് ദാദി.
ഒരു കൈയ്യിൽ പ്രാർത്ഥനാ മാലകളും മറുകൈയിൽ ദേശീയ പതാകയുമായി പൗരത്വ നിയമത്തിനതെിരെ ദില്ലിയിലെ ഷഹീൻ ബാഗിലെ സമര പന്തലിലെ ഉറച്ച ശബദ്മായി പ്രതിഷേധത്തിന്റെ മുൻനിരയിൽ നിലയുറച്ചതോടെയാണ് ബിൽകീസ് ബാനുവെന്ന 82 കാരി വാർത്തകളിൽ ഇടംപിടിക്കുന്നത്. 2019 ഡിസംബറിലായിരുന്നു പൗരത്വ നിയമത്തിന് സർക്കാർ അംഗീകാരം നൽകിയത്.
അന്ന് മുതൽ നിയമത്തിനെതിരെ പലയിടങ്ങളിൽ പ്രതിഷേധം അരങ്ങേറി. സ്ത്രീകളുടെ നേതൃത്വത്തിൽ ഷഹീൻ ബാഗിലും കൂറ്റൻ സമരപന്തൽ ഒരുങ്ങി.
അന്ന് ആ പ്രതിഷേധ കൂട്ടായ്മയിൽ പ്രായത്തെ വകവെയ്ക്കാതെ പാർശ്വവത്കരിക്കപ്പെട്ടവരുടെ ശബ്ദമായി മാറി 'ഷഹീൻബാഗ് ദാദി' നിയമത്തിനെതിരെ പ്രതിഷേധിക്കാനെത്തിയ ആയിരത്തോളം സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും മാതൃകയായി മാറുകയുംചെയ്തു.
പൗരത്വ ഭേദഗതി വിരുദ്ധ പ്രക്ഷോഭങ്ങളുടെ മുഖമായി മാറിയ ഷഹീന്‍ബാഗിലെ സമരം പിന്നീട് കൊല്‍ക്കത്ത, മുംബൈ തുടങ്ങിയ നഗരങ്ങളിലും സമാന രീതിയില്‍ പ്രതിഷേധങ്ങള്‍ ആരംഭിക്കുന്നതിന് പ്രചോദനമായി. ധീരമായ സമര നിലപാടുകളിലൂടെ ശ്രദ്ധ നേടിയ ദാദി ടൈം മാഗസിന്‍ പുറത്തിറക്കിയ ലോകത്തെ സ്വാധീനിച്ച നൂറ് വ്യക്തികളുടെ 2020ലെ പട്ടികയില്‍ ഇടംനേടിയിരുന്നു.
പൗരത്വ സമരത്തിനെതിരെ പ്രതിഷേധിച്ച അതേ ഊർജ്ജത്തോടെയും ആവേശത്തോടെയും ദില്ലിയിലെ കാർഷിക സമരങ്ങളിലും സജീവമായ സാന്നിധ്യമായിരിക്കുകയാണ് ദാദി. കഴിഞ്ഞ ദിവസം സമരത്തിൽ പങ്കെടുക്കാനെത്തിയ അവരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അതിനിടെ കഴിഞ്ഞ ദിവസം തന്നെ അധിക്ഷേപിച്ച നടി കങ്കണയ്ക്കും ദാദി ചുട്ടഭാഷയിൽ മറുപടി നൽകി. 100 രൂപ നൽകിയാൽ ദാദി സമരപന്തലിൽ എത്തുമെന്ന് പരിഹസിച്ച കങ്കണയോട് തന്നെ കുറിച്ച് അവർക്ക് എന്ത് അറിയാം എന്നായിരുന്നു ദാദി ചോദിച്ചത്.
തനിക്ക് മൂന്ന് മക്കളുണ്ട്. എല്ലാവരേയും വിവാഹം കഴിപ്പിച്ച് അയച്ചു. അരിവാൾകൊണ്ട് വിളവെടുക്കുന്ന ആളാണ്ഞാൻ. ഇപ്പോഴും എന്റെ വീട്ടിലേക്കുള്ള പച്ചക്കറി ഞാനാണ് കൃഷി ചെയ്ത് കണ്ടെത്തുന്നത്. തനിക്ക് ഈ പ്രായത്തിലും ദില്ലിയിൽ പോകാൻ കഴിയുമെന്നും കർഷക സമരത്തിൽ താൻസജീവമാകുമെന്നുമായിരുന്നു അവർ നൽകിയ മറുപടി.