ഇനി മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറി -2: മുന്‍ ആർബിഐ ഗവർണർ ശക്തികാന്ത ദാസിന് പുതിയ നിയമനം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറി -2 ആയി മുൻ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിനെ നിയമിച്ചു. നിയമനത്തിന് മന്ത്രിസഭയുടെ നിയമന സമിതി അംഗീകാരം നൽകുകയും പേഴ്‌സണൽ പരിശീലന വകുപ്പ് (ഡി ഒ പി ടി) ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തും. പി കെ മിശ്ര 2019 സെപ്റ്റംബർ 11 മുതൽ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി പ്രവർത്തിച്ച് വരുന്നുണ്ട്.
പ്രധാനമന്ത്രിയുടെ കാലാവധിയോ അല്ലെങ്കിൽ കൂടുതൽ ഉത്തരവുകൾ ഉണ്ടാകുന്നതുവരെയോ ആയിരിക്കും അദ്ദേഹത്തിന്‍റെ കാലാവധിയെന്നും ഉത്തരവില്‍ പറയുന്നു. ശക്തികാന്ത ദാസ് അധികാരമേറ്റെടുക്കുന്ന ദിവസം മുതൽ അദ്ദേഹത്തിൻ്റെ നിയമനം പ്രാബല്യത്തിൽ വരുമെന്ന് മന്ത്രിസഭയുടെ നിയമന സമിതി വ്യക്തമാക്കി.

1980 ബാച്ച് തമിഴ്‌നാട് കേഡറിലെ ഐ എ എസ് ഉദ്യോഗസ്ഥനായ ശക്തികാന്ത ദാസ് 2018 ഡിസംബറിലാണ് ആർ ബി ഐ ഗവർണറായി ചുമതലയേല്‍ക്കുന്നത്. ആറ് വർഷത്തോളം നീണ്ട സേവനത്തിന് ഒടിവില്‍ കഴിഞ്ഞ വർഷം അദ്ദേഹം വിരമിച്ചു. കേന്ദ്ര ബാങ്ക് മേധാവി എന്ന നിലയിൽ ആറ് വർഷത്തിനിടയിൽ, കോവിഡ് -19 പാൻഡെമിക് പോലുള്ള ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ, റഷ്യ-ഉക്രെയ്ൻ യുദ്ധം എന്നിവയുൾപ്പെടെ നിരവധി വെല്ലുവിളികളെ അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ആർ ബി ഐ നേരിട്ടത്.
ഇന്ത്യയുടെ ജി 20 ഷെർപ്പയായും പതിനഞ്ചാം ധനകാര്യ കമ്മീഷനിലെ അംഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ആർ ബി ഐ ഗവർണർ എന്ന നിലയിൽ നടത്തിയിട്ടുള്ള മികച്ച പ്രകടനത്തിന് ആഘോള തലത്തിലുള്ള അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ ഫിനാൻസ് മാസിക തുടർച്ചയായി രണ്ട് വർഷം ലോകത്തിലെ മികച്ച മൂന്ന് സെൻട്രൽ ബാങ്കർമാരിൽ ഒരാളായി ദാസിനെ തിരഞ്ഞെടുത്തു. ഗ്ലോബൽ ഫിനാൻസ് സെൻട്രൽ ബാങ്കർ റിപ്പോർട്ട് കാർഡ് 2024 ൽ ദാസിന് 'എ+' റേറ്റിംഗ് ലഭിച്ചിരുന്നു.
പണപ്പെരുപ്പ-വളർച്ച സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുക എന്നതാണ് ആർ ബി ഐയുടെ മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട കടമയെന്നാണ് അവസാന പത്രസമ്മേളനത്തിൽ ശക്തികാന്ത ദാസ് വ്യക്തമാക്കിയത്.
അതേസമയം, നിതി ആയോഗിന്റെ സി ഇ ഒ, ബി വി ആർ സുബ്രഹ്മണ്യത്തിന്റെ കാലാവധി സർക്കാർ 2025 ഫെബ്രുവരി 24 മുതൽ ഒരു വർഷത്തേക്ക് കൂടി നീട്ടുകയും ചെയ്തിട്ടുണ്ട്. 1987 ബാച്ചിലെ ഐ എ എസ് ഉദ്യോഗസ്ഥനായ ബി വി ആർ സുബ്രഹ്മണ്യത്തെ 2023 ഫെബ്രുവരിയിലാണ് നിതി ആയോഗ് സി ഇ ഒ ആയി നിയമിക്കുന്നത്. രണ്ട് വർഷത്തേക്കായിരുന്നു നിയമനം.












Click it and Unblock the Notifications