'എല്ലാവരും പാകിസ്ഥാനൊപ്പമാണ്.. ഇന്ത്യയ്‌ക്കൊപ്പം ആരുമില്ല?' ചോദ്യവുമായി ഷമ മുഹമ്മദ്
ന്യൂഡല്‍ഹി: പാകിസ്ഥാന്‍ തീവ്രവാദത്തിന്റെ പേരില്‍ കുറ്റവാളികളാണെങ്കിലും ആ രാജ്യം വ്യാപാര കരാറുകളും ധാരണാപത്രങ്ങളും നേടിയെടുക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദ്. എല്ലാവരും ഇന്ത്യയ്ക്കൊപ്പമല്ല, പാകിസ്ഥാനിനൊപ്പമാണ് എന്നും ഷമ പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെയും ഓപ്പറേഷന്‍ സിന്ദൂരിന്റെയും പേരില്‍ പാകിസ്ഥാനെ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങള്‍ക്കിടയാണ് ഷമയുടെ പ്രതികരണം.
'ട്രംപ് ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. 11 തവണയായി അദ്ദേഹം പറഞ്ഞു അദ്ദേഹമാണ് വെടിനിര്‍ത്തല്‍ കൊണ്ടുവന്നത് എന്ന്. വെടിനിര്‍ത്തല്‍ നേടിയെടുക്കാന്‍ പാകിസ്ഥാനും ഇന്ത്യയ്ക്കും മേല്‍ വ്യാപാര ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ട്രംപ് ഭരണകൂടം വ്യക്തമായി പറഞ്ഞു. അദ്ദേഹം ഇന്ത്യയെയും വെടിനിര്‍ത്തലിനെയും ഒരേ കൊട്ടയിലാക്കി. അവര്‍ തീവ്രവാദത്തിന്റെ കുറ്റവാളികളാണ്. നമ്മള്‍ അവരുടെ ഇരകളാണ്,' ഷമ പറഞ്ഞു.

നവംബര്‍ 26 ലെ ഭീകരാക്രമണത്തിന് ശേഷം ലോകം മുഴുവന്‍ നമ്മോടൊപ്പമായിരുന്നു എന്നും എന്നാല്‍ ഇപ്പോള്‍ ആരാണ് നമ്മോടൊപ്പമുള്ളത് എന്നും ഷമ ചോദിച്ചു. എന്തുകൊണ്ടാണ് പാകിസ്ഥാന് കരാറുകളും ധാരണാപത്രങ്ങളും ലഭിക്കുന്നത് എന്നും അവര്‍ ചോദിച്ചു. ഇന്ത്യയുടെ സൈനിക നടപടിയെക്കുറിച്ചും ഇസ്ലാമാബാദ് പ്രചരിപ്പിക്കുന്ന അതിര്‍ത്തി കടന്നുള്ള ഭീകരതയെക്കുറിച്ചും ഇന്ത്യ ലോകത്തെ ബോധ്യപ്പെടുത്തുന്നതിനിടെയാണ് ഷമയുടെ പ്രതികരണം.
ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ 26 പേരുടെ കൊലപാതകത്തിന് പ്രതികാരമായാണ് പാകിസ്ഥാനിലെയും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ നശിപ്പിച്ചത്. ഇതിന് പിന്നാലെ ഇന്ത്യയുടെ സിവിലിയന്‍ മേഖലകളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഇസ്ലാമാബാദ് തിരിച്ചടിച്ചു. പിന്നീട് ഇന്ത്യന്‍ സൈന്യം പാകിസ്ഥാനുള്ളിലെ വ്യോമസേനാ താവളങ്ങള്‍ ആക്രമിക്കുകയും ചെയ്തു.
പൂര്‍ണയുദ്ധത്തിലേക്ക് ഇരുരാജ്യങ്ങളും കടക്കുന്നു എന്ന സാഹചര്യത്തില്‍ ആണ് വെടിനിര്‍ത്തല്‍ ധാരണ പുറത്തുവന്നത്. അതേസമയം വെടിനിര്‍ത്തല്‍ ധാരണയ്ക്ക് അമേരിക്ക മധ്യസ്ഥത വഹിച്ചതായി ട്രംപ് ആവര്‍ത്തിച്ച് അവകാശപ്പെട്ടിട്ടുണ്ട്. പരസ്പരം അക്രമിക്കുന്ന രാജ്യങ്ങളുമായി യുഎസിന് വ്യാപാരം നടത്താന്‍ കഴിയില്ലെന്ന് ഇന്ത്യയോടും പാകിസ്ഥാനോടും താന്‍ പറഞ്ഞതായി അദ്ദേഹം അവകാശപ്പെട്ടു.
എന്നാല്‍ യുദ്ധസമയത്ത് വാഷിംഗ്ടണ്‍ ന്യൂഡല്‍ഹിയുമായുള്ള ആശയവിനിമയത്തില്‍ വ്യാപാരവും താരിഫുകളും ചര്‍ച്ച ചെയ്തിരുന്നുവെന്നത് ഇന്ത്യ വ്യക്തമായി നിഷേധിച്ചു. വെടിനിര്‍ത്തല്‍ ധാരണയില്‍ അമേരിക്കയുടെ പങ്കിനെയും ഇന്ത്യ നിഷേധിച്ചിട്ടുണ്ട്. അതേസമയം പാകിസ്ഥാനുമായുള്ള യുദ്ധത്തിനിടെ ഇന്ത്യയുടെ ജെറ്റുകള്‍ വെടിവച്ചിട്ടതായി പ്രതിരോധ മേധാവി ജനറല്‍ അനില്‍ ചൗഹാന്‍ സമ്മതിച്ചു.
ഓപ്പറേഷന്‍ സിന്ദൂരിന്റെ ആദ്യഘട്ടത്തിലായിരുന്നു ഇത് എന്നും എന്നാല്‍ പിന്നീട് പിഴവ് തിരിച്ചറിഞ്ഞ് ഇന്ത്യ കൃത്യമായി ആക്രമണം നടത്തി എന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications