വിമാനത്തില്‍ യുവതിക്ക് മേല്‍ മൂത്രമൊഴിച്ചയാളുടെ ജോലിയും തെറിച്ചു; ലുക്ക് ഔട്ട് നോട്ടീസുമായി പൊലീസ്
മുംബൈ: എയര്‍ ഇന്ത്യ വിമാനത്തില്‍ വച്ച് സഹയാത്രികക്ക് മേല്‍ മൂത്രമൊഴിച്ചയാളെ കമ്പനി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. മുംബൈ സ്വദേശി എന്ന് കരുതപ്പെടുന്ന ശങ്കര്‍ മിശ്രയെ ആണ് വെല്‍സ് ഫാര്‍ഗോ എന്ന കമ്പനി പിരിച്ചുവിട്ടത്. നവംബര്‍ 26 ന് ആണ് പ്രസ്തുത സംഭവം നടക്കുന്നത്. മദ്യലഹരിയില്‍ ആയിരുന്ന ശങ്കര്‍ മിശ്ര സഹയാത്രികയുടെ മേല്‍ മൂത്രമൊഴിക്കുകയായിരുന്നു.
സംഭവത്തില്‍ എയര്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് നീതി ലഭിച്ചില്ല എന്ന് പരാതിക്കാരിയായ സ്ത്രീ പറഞ്ഞിരുന്നു. നവംബര്‍ 26 ന് നടന്ന സംഭവത്തില്‍ ഡിസംബര്‍ 28 ന് മാത്രമാണ് എയര്‍ ഇന്ത്യ പൊലീസിനെ വിവരം അറിയിച്ചത്. ജനുവരി 4 ന് ആണ് എയര്‍ ഇന്ത്യ ഔദ്യോഗികമായ പൊലീസില്‍ പരാതി നല്‍കിയത്. ഇതിന് എതിരെ വലിയ പ്രതിഷേധം ഉയരുന്നതിനിടെ ആണ് പ്രതിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരിക്കുന്നത്.

എയര്‍ ഇന്ത്യയുടെ പരാതിയില്‍ ശങ്കര്‍ മിശ്രക്ക് എതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച എയര്‍ ഇന്ത്യ സിവില്‍ ഏവിയേഷന്‍ റെഗുലേറ്ററായ ഡി ജി സി എയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അമേരിക്കയിലെ കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ബഹുരാഷ്ട്ര ധനകാര്യ സേവന കോര്‍പ്പറേഷനായ വെല്‍സ് ഫാര്‍ഗോയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്റാണ് ശങ്കര്‍ മിശ്ര എന്നാണ് റിപ്പോര്‍ട്ട്.

ശങ്കര്‍ മിശ്രയ്ക്കെതിരെ ഡല്‍ഹി പോലീസ് ലൈംഗിക പീഡനത്തിനും അശ്ലീല പ്രദര്‍ശനത്തിനും എതിരായ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. എയര്‍ ഇന്ത്യ ഇയാള്‍ക്ക് 30 ദിവസത്തേക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. അറസ്റ്റ് ഒഴിവാക്കാന്‍ ശങ്കര്‍ മിശ്ര ജന്മനാട്ടില്‍ നിന്ന് രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം അദ്ദേഹത്തെ പിടികൂടാന്‍ ഡല്‍ഹി പോലീസ് ഒരു സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354, 509, 510 വകുപ്പുകള്‍ പ്രകാരവും ഇന്ത്യന്‍ എയര്‍ക്രാഫ്റ്റ് ആക്ടിലെ സെക്ഷന്‍ 23 പ്രകാരവും ആണ് ശങ്കര്‍ മിശ്രക്കെതിരെ എഫ് ഐ ആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ശങ്കര്‍ മിശ്രക്കായി ഡല്‍ഹി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. കേസില്‍ നാല് എയര്‍ ഇന്ത്യ ജീവനക്കാരുടെ മൊഴിയെടുക്കുകയും ചെയ്തു. അതേസമയം യുവതി ടാറ്റ ഗ്രൂപ്പ് ചെയര്‍മാനും പരാതി നല്‍കിയിട്ടുണ്ട്.

സീറ്റ് മാറ്റി നല്‍കാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നു എന്നാല്‍ വിമാന ജീവനക്കാര്‍ സമ്മതിച്ചില്ല എന്നും പരാതിക്കാരി പറയുന്നു. ശങ്കര്‍ മിശ്രയെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും തനിക്ക് കുടുംബമുണ്ടെന്ന് പറഞ്ഞ് ശങ്കര്‍ മിശ്ര ഒത്തുതീര്‍പ്പിന് ശ്രമിച്ചുവെന്നും പരാതിക്കാരി പറയുന്നു.












Click it and Unblock the Notifications