ഇത് കോൺഗ്രസിന്റെ ഭരണം ഏറ്റെടുക്കാനുള്ള സമയം' രാഹുലിന് ശരദ് പവാറിന്റെ ഉപദേശം!!
മുംബൈ: രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ രാജ്യത്തെ കോൺഗ്രസ് നേതൃത്വത്തെക്കുറിച്ച് പ്രതികരണവുമായി എൻസിപി പ്രസിഡന്റ് ശരദ് പവാർ. കോൺഗ്രസ് നേതൃത്വത്തിൽ രാഹുൽ ഗാന്ധി കൊണ്ടുവരേണ്ട പരിഷ്കാരങ്ങളെക്കുറിച്ചുള്ള നിർദേശങ്ങളാണ് പവാർ മുന്നോട്ടുവെക്കുന്നത്. കോൺഗ്രസ് പ്രവർത്തകർക്കിടയിൽ രാഹുൽ ഗാന്ധി അംഗീകരിക്കപ്പെട്ടുവെന്നും കോൺഗ്രസ് ഭരണം രാഹുൽ ഏറ്റെടുക്കണമെന്നുമാണ് പവാർ മുന്നോട്ടുവെക്കുന്നത്.

സമയം അതിക്രമിച്ചു
ഗാന്ധികുടുംബം കോൺഗ്രസ് നേതൃത്വം കൈകാര്യം ചെയ്യുന്നതിൽ പ്രതികരണവുമായി എൻസിപി തലവൻ ശരദ് പവാർ. ഗാന്ധികൾ കോൺഗ്രസിനെ ശക്തിപ്പെടുത്തുന്ന ശക്തിയാണ്. പാർട്ടിയുടെ നേതൃത്വം കോൺഗ്രസിന് കൈമാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ് ന്യൂസ് 18ന് അനുവദിച്ച അഭിമുഖത്തിൽ ശരദ് പവാർ ചൂണ്ടിക്കാണിച്ചത്. കോൺഗ്രസുമായുള്ള ദീർഘകാല ബന്ധത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു പവാർ.
Recommended Video

പറയാതെ വയ്യ
ഞാൻ നിരവധി വർഷങ്ങളായി കോൺഗ്രസിനെ കാണുന്നു. ആര് അംഗീകരിച്ചാലും ഇല്ലെങ്കിലും എനിക്ക് ഒരു കാര്യം പറയാനുണ്ട്. കോൺഗ്രസിനെ ശക്തിപ്പെടുത്തുന്ന ശക്തിയാണ് ഗാന്ധികൾ. കോൺഗ്രസിനെ ഒന്നിപ്പിച്ച് നിർത്തുന്നതിൽ സോണിയാഗാന്ധി വിജയിച്ചിട്ടുണ്ട്. ഇപ്പോൾ കോൺഗ്രസുകാർ രാഹുൽ ഗാന്ധിയെ അംഗീകരിച്ച് കഴിഞ്ഞിരിക്കുന്നു. അത് അവരുടെ ആഭ്യന്തര വിഷയമാണ്. പാർട്ടിയുടെ മുഴുവൻ ഉത്തരവാദിത്തവും അവർ രാഹുലിന് കൈമാറണമെന്നാണ് ഞാൻ കരുതുന്നത്. പാർട്ടിയുടെ മുഴുവൻ ഉത്തരവാദിത്തവും അവർ രാഹുലിനെ ഏൽപ്പിക്കണമെന്നും എൻസിപി തലവൻ കൂട്ടിച്ചേർത്തു.

ഒരുമിച്ച് നിർത്തണം
രാഹുൽ ഗാന്ധി പാർട്ടിയുടെ ഭരണം ഏറ്റെടുക്കുക മാത്രമല്ല, വിവിധ കോൺഗ്രസി നേതാക്കളുമായി സംഭാഷണം നടത്തേണ്ടതും പ്രധാനമാണെന്നും ശരദ് പവാർ ചൂണ്ടിക്കാണിക്കുന്നു. എല്ലാ നേതാക്കളോടും സംസാരിച്ച് അവരെ ഒരുമിച്ച് കൊണ്ടുവരികയാണ് രാഹുൽ ഗാന്ധി ചെയ്യേണ്ടതെന്നും പവാർ കൂട്ടിച്ചേർക്കുന്നു.

രാജ്യപര്യടനം
രാഹുൽ ഗാന്ധി രാജ്യം മുഴുവൻ പര്യടനം നടത്തുകയും പാർട്ടി പ്രവർത്തകരെ കാണുകയും വേണം. ഇത് അദ്ദേഹം കുറച്ച് കാലം മുമ്പ് തന്നെ ചെയ്തിരുന്നു. ഇത് തന്നെ രാഹുൽ ആവർത്തിക്കണമെന്നും പാർട്ടി പ്രവർത്തകരെ അണിനിരത്താൻ അത് അനിവാര്യമാണെന്നും പവാർ കൂട്ടിച്ചേർത്തു. കോൺഗ്രസിലെ നേതൃത്വ പ്രശ്നങ്ങളെക്കുറിച്ച് വളരെ ചുരുങ്ങിയ വാക്കുകളിലായിരുന്നു ശരദ് പവാറിന്റെ പ്രതികരണം.

വിശ്വാസ്യത നഷ്ടപ്പെടും
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ രാഹുൽ ഗാന്ധിയുടെ അടുത്ത കാലത്തുള്ള പരാമർശങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനും പവാർ മറുപടി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം പ്രതിച്ഛായ കെട്ടിപ്പടുക്കുന്നതിൽ മാത്രമാണ് ശ്രദ്ധ ചെലുത്തുന്നതെന്നും ഇന്ത്യയിലെ പല സ്ഥാപനങ്ങളും ഇക്കാര്യം മാത്രം ചെയ്യുന്ന തിരക്കിലാണെന്നുമായിരുന്നു രാഹുൽ ട്വീറ്ററിൽ കുറിച്ചത്. ഒരു മനുഷ്യന്റെ പ്രതിച്ഛായ രാജ്യത്തിന്റെ കാഴ്ചപ്പാടിന് പകരമാവില്ലെന്നും ട്വിറ്ററിൽ രാഹുൽ ഗാന്ധി കുറിച്ചു. ഇത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമായിരിക്കാം. പക്ഷേ ഞങ്ങൾ കാണുന്നത് നിങ്ങൾ ഒരാളെ വ്യക്തിപരമായി ആക്രമിക്കുന്നതായിട്ടാണ്. നിങ്ങളുടെ വിശ്വാസ്യതയാണ് നഷ്ടപ്പെടുന്നത്. ഇത് ഒഴിവാക്കേണ്ടത് തന്നൊണ് ശരദ് പവാർ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications