കശ്മീർ ഫയൽസ് പ്രദർശിപ്പിക്കാൻ പാടില്ലായിരുന്നു ബിജെപി വിഷാന്തരീക്ഷം സൃഷ്ടിക്കുന്നു; ശരദ് പവാർ
ഡൽഹി; ദി കശ്മീർ ഫയൽസ് എന്ന സിനിമക്കെതിരെ വിമർശനവുമായി എൻസിപി അധ്യക്ഷൻ ശരദ് പവാർ. ഇത്തരം ഒരു ചിത്രം പ്രദർശിപ്പിക്കാൻ പാടില്ലായിരുന്നെന്നും ബി.ജെ.പി വ്യാജം പ്രചരിപ്പിച്ച് വിഷ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും പവാർ വ്യാഴാഴ്ച ആരോപിച്ചു. കാശ്മീർ താഴ്‌വരയിൽ നിന്നുള്ള കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കിയ ചിത്രം മാർച്ച് 11 ആണ് പ്രദർശനത്തിന് എത്തിയത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ചിത്രം നികുതി ഇളവുകളോടെ ആണ് പ്രദർശിപ്പിച്ചത്.
"ഇത്തരമൊരു സിനിമ പ്രദർശനത്തിന് അനുവദിക്കാൻ പാടില്ലായിരുന്നു. എന്നാൽ ഇതിന് നികുതി ഇളവുകൾ നൽകുകയും രാജ്യത്തെ ഒരുമയോടെ നിലനിർത്താൻ ഉത്തരവാദികളായവർ തന്നെ ജനങ്ങളിൽ രോഷം ജനിപ്പിക്കുന്ന സിനിമ കാണാൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു," പവാർ തന്റെ പാർട്ടിയുടെ ഡൽഹി ഘടകത്തിന്റെ ന്യൂനപക്ഷ വകുപ്പിന്റെ കൺവെൻഷനിൽ പറഞ്ഞു. സിനിമയുടെ പ്രചരണത്തിന് ബിജെപിക്കെതിരെ കോൺഗ്രസും ആംആദ്മിയും നേരത്തെ രംഗത്തെത്തിയിരുന്നു. സിനിമയിലൂടെ സമൂഹത്തിൽ വിദ്വേഷം പടർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പാർട്ടി കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവി രൺദീപ് സുർജേവാല ആരോപിച്ചിരുന്നു.

കശ്മീരി പണ്ഡിറ്റുകൾക്ക് താഴ്‌വരയിൽ നിന്ന് പലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്നാൽ മുസ്ലീങ്ങളും സമാനമായ രീതിയിൽ ഇരയാക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കശ്മീരി പണ്ഡിറ്റുകൾക്കും മുസ്‌ലിംകൾക്കും നേരെയുള്ള ആക്രമണങ്ങൾക്ക് ഉത്തരവാദി പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടനകളാണ്. നരേന്ദ്ര മോദി സർക്കാരിന് കശ്മീരി പണ്ഡിറ്റുകളോട് താൽപ്പര്യമുണ്ടെങ്കിൽ, അവരുടെ പുനരധിവാസത്തിനായി എല്ലാ ശ്രമങ്ങളും നടത്തണമെന്നും ന്യൂനപക്ഷങ്ങൾക്കെതിരെ കോപം ജ്വലിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ എൻസിപിയുടെ സഖ്യകക്ഷിയായ ശിവസേനയ്ക്കുള്ളിൽ തന്റെ പാർട്ടി ബി.ജെ.പിയോട് മൃദുസമീപനം സ്വീകരിക്കുന്നുവെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് പവാറിന്റെ പരാമർശം.
കശ്മീരിനെക്കുറിച്ചുള്ള ചർച്ചയിലേക്ക് ജവഹർലാൽ നെഹ്‌റുവിനെ ബിജെപി വലിച്ചിഴക്കുകയായിരുന്നെന്നും കശ്മീർ പണ്ഡിറ്റുകളുടെ പലായനം ആരംഭിച്ചപ്പോൾ പ്രധാനമന്ത്രിയായിരുന്നത് വി പി സിംഗ് ആണെന്ന് അദ്ദേഹം വാദിച്ചു. വിപി സിംഗ് സർക്കാരിനെ ബിജെപി പിന്തുണച്ചിരുന്നു. മുഫ്തി മുഹമ്മദ് സയീദ് ആഭ്യന്തര മന്ത്രിയും ഡൽഹിയിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച ജഗ്‌മോഹൻ ജമ്മു കശ്മീർ ഗവർണറുമായിരുന്നു പവാർ പറഞ്ഞു. ജഗ്‌മോഹനുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് അന്നത്തെ ജമ്മു മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള രാജിവച്ചിരുന്നുവെന്നും കശ്മീരി പണ്ഡിറ്റുകൾക്ക് താഴ്‌വരയിൽ നിന്ന് പുറത്തുപോകാൻ സൗകര്യമൊരുക്കിയത് ഗവർണറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications