രാമായണവും മഹാഭാരതവും കാണുന്ന ചിത്രം ഷെയര്‍ ചെയ്യൂ; മോദിക്ക് നന്ദി പറയൂ, ട്വീറ്റുമായി പ്രസാര്‍ ഭാരതി
ദില്ലി: ഞാന്‍ രാമായണം കാണുകയാണ്, നിങ്ങളോ എന്ന ചോദ്യവുമായിട്ടായിരുന്നു കഴിഞ്ഞദിവസം കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജവദേക്കറിന്റെ ട്വീറ്റ്. ഇപ്പോള്‍ പ്രസാര്‍ ഭാരതി തന്നെ ആവശ്യപ്പെടുന്നു, രാമായണവും മഹാഭാരതവും കാണുന്ന ചിത്രമെടുത്ത് സോഷ്യല്‍ മീഡിയകളില്‍ എല്ലാവരോടും പോസ്റ്റിടാന്‍. പ്രസാര്‍ ഭാരതിയുടെ ഔദ്യോഗിക ട്വിറ്ററില്‍ വന്ന പോസ്റ്റ് വിവാദമായിട്ടുണ്ട്.

ദൂരദര്‍ശനില്‍ മഹാഭാരതം, രാമായണം സീരിയലുകള്‍ പുനഃസംപ്രേഷണം ചെയ്യാന്‍ അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സീരിയല്‍ കാണുന്ന ഫോട്ടോ എടുത്ത് ട്വിറ്ററിലും ഫേസ്ബുക്കിലും പോസ്റ്റിടണമെന്നാണ് പ്രസാര്‍ ഭാരതി ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞദിവസം സീരിയര്‍ കാണുന്ന ഫോട്ടോ കേന്ദ്രമന്ത്രി ജാവദേക്കര്‍ പോസ്റ്റിട്ടിരുന്നു. ദൂരദര്‍ശന്‍ നാഷണല്‍ ചാനലിലും ദൂരദര്‍ശന്‍ ഭാരതിയിലും മഹാഭാരതം, രാമായണം സീരിയലുകള്‍ സംപ്രേഷണം ചെയ്യുന്ന സമയവും പ്രകാശ് ജാവദേക്കര്‍ സോഷ്യല്‍ മീഡിയ വഴി അറിയിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് അദ്ദേഹം ഞാന്‍ കാണുന്നു, നിങ്ങളോ എന്ന ചോദ്യവുമായി രംഗത്തുവന്നത്.
ഈ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് പ്രസാര്‍ ഭാരതിയുടെ പുതിയ ട്വീറ്റ്. താങ്ക്‌സ് പിഎം താങ്ക്‌സ് ദൂരദര്‍ശന്‍ എന്നീ ഹാഷ് ടാഗുകള്‍ നല്‍കി ചിത്രം പങ്കുവയ്ക്കണമെന്നാണ് പ്രസാര്‍ഭാരതിയുടെ ആവശ്യം. ദൂരദര്‍ശന്‍ നാഷണലിലും ഭാരതിയിലും രണ്ട് നേരമാണ് സീരിയല്‍ സംപ്രേഷണം ചെയ്യുക. ശനിയാഴ്ച മുതല്‍ സീരിയലുകള്‍ സംപ്രേഷണം ആരംഭിക്കുമെന്ന് കഴിഞ്ഞദിവസം പ്രകാശ് ജാവദേക്കര്‍ അറിയിച്ചിരുന്നു. ജനങ്ങളുടെ താല്‍പ്പര്യം കണക്കിലെടുത്താണ് സംപ്രേഷണം പുനരാരംഭിക്കുന്നതെന്നും മന്ത്രി അവകാശപ്പെട്ടു.
1987ലാണ് രാമായണം സീരിയല്‍ സംപ്രേഷണം ആദ്യം തുടങ്ങിയത്. അയോധ്യ തര്‍ക്കം കത്തി നിന്ന കാലത്ത് ഈ സീരിയല്‍ സംപ്രേഷണം ചെയ്തതിന് പിന്നില്‍ ഒളിയജണ്ടയുണ്ടായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇന്ന് അയോധ്യ തര്‍ക്കത്തില്‍ സുപ്രീംകോടതി വിധി വന്നിരിക്കുന്നു. തര്‍ക്ക ഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കാന്‍ അനുമതി നല്‍കുകയാണ് കോടതി ചെയ്തത്. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരും ഉത്തര്‍ പ്രദേശ് സര്‍ക്കാരും ഇതിനുള്ള നടപടികളുമായി മുന്നോട്ട പോകവെയാണ് രാമായണം സീരിയല്‍ വീണ്ടും ദൂരദര്‍ശന്‍ ആരംഭിച്ചിരിക്കുന്നത്.
കൊറോണ വൈറസ് രോഗ ഭീതി കാരണം പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ കഴിയുന്ന ജനങ്ങള്‍ക്ക് ബോറടി മാറ്റാന്‍ രാമായണം, മഹാഭാരതം സീരിയലുകള്‍ പുനഃസംപ്രേഷണം ചെയ്യുമെന്ന് പ്രസാര്‍ ഭാരതി സിഇഒ അറിയിച്ചിരുന്നു. രമാനന്ദ് സാഗര്‍ സംവിധാനം ചെയ്ത സീരിയലുകളാണ് വീണ്ടും സംപ്രേഷണം ചെയ്യുന്നത്. ഏറെ പ്രശസ്തമായ സീരിയലുകളാണിത്. ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ സീരിയലാണ് രാമായണം. ഇത് ഹിന്ദുത്വ വാദികള്‍ ഉപയോഗപ്പെടുത്തി എന്നത് മറ്റൊരു രാഷ്ട്രീയം.












Click it and Unblock the Notifications