ഷാരൂഖിന്റെ നായിക ഗായത്രി ജോഷി കാറപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീഡിയോ വൈറൽ
2004 ൽ പുറത്തിറങ്ങിയ ഷാരൂഖ് ഖാൻ ചിത്രം സ്വദേശിലൂടെ ശ്രദ്ധേയയായ നടി ഗായത്രി ജോഷി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ഭർത്താവ് വികാസ് ഒബ്‌റോയിക്കൊപ്പം ഇറ്റലിയിലെ സാർഡിനിയയിലെ യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. കാറപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.
ഭർത്താവിനൊപ്പം സാഡീനിയയിൽ അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു നടി. സൂപ്പർ കാർ ടൂറിനിയിലാണ് സംഭവം. ഗായത്രിയും ഭർത്താവും സഞ്ചരിച്ചിരുന്നത് ഒരു ലംബോർഗിനി കാറിലായിരുന്നു. ഗായത്രി ജോഷിക്കും ഭർത്താവിനുമൊപ്പം മാനേജരും കാറിൽ യാത്ര ചെയ്തിരുന്നു. ഇവർ മൂന്നു പേരും സുരക്ഷിതരാണ്.
ഗായത്രി സഞ്ചരിച്ചിരുന്ന കാർ ഒരു ഫെരാരി കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഫെരാരി കാർ ക്യാമ്പർ വാനിലിടിക്കുകയും ശേഷം മറ്റൊരു കാർ തലകീഴായി മറിയുകയുമായിരുന്നു.ഫെരാരി കാറിന് ഇടിയുടെ ആഘാതത്തിൽ തീപിടിയ്ക്കുകയായിരുന്നുവെന്നാണ് വിവരം. ഫെരാരി കാറിൽ യാത്ര ചെയ്തിരുന്ന വൃദ്ധ ദമ്പതികൾ മരണമടഞ്ഞു. സ്വിറ്റ്സർലാന്റ്കാരായ മെലിസ ക്രൗട്ട്ലി, മാർകസ് ക്രൗട്ട്ലി എന്നിവരാണ് മരിച്ചത്.

ചുവന്ന ഫെരാരിയും നീല ലംബോർഗിനിയും ഒരേ സമയം ക്യാമ്പർ വാനിനെ മറികടക്കാൻ ശ്രമിച്ചപ്പോഴാണ് കൂട്ടിയിടി ഉണ്ടായതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തന്റെ അപകടം സംബന്ധിച്ച വാർത്ത ഗായത്രി സ്ഥിരീകരിച്ചതായി ഫ്രീ പ്രസ് ജേണൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. താനും ഭർത്താവും ദൈവാനുഗ്രഹത്താൽ സുഖമായി ഇരിക്കുന്നുവെന്ന് നടി പറഞ്ഞതായാണ് ഫ്രീ പ്രസ് ജേണൽ റിപ്പോർട്ട്.
ആരാണ് ഗായത്രി ജോഷി?
2000 ൽ ഫെമിന മിസ് ഇന്ത്യ ഇന്റർനാഷണൽ നേടിയാണ് ഗായത്രി ജോഷി ആദ്യം ലോക ശ്രദ്ധ പിടിച്ചു പറ്റുന്നത്. അശുതോഷ് ഗോവാരിക്കറുടെ സ്വദേശിലൂടെ അഭിനയ രംഗത്തേക്ക് കാലെടുത്തു വച്ചു. ഏറെ ജനശ്രദ്ധയും നിരൂപക പ്രശംസയും നേടിയ ചിത്രത്തിൽ ഷാരൂഖ് ഖാന്റെ നായികയായ ഗീത എന്ന കഥാപാത്രത്തെയാണ് ഗായത്രി അവതരിപ്പിച്ചത്. ചിത്രത്തിലെ പ്രകടനത്തിന് ഗായത്രിക്ക് ഏറെ സ്വീകാര്യത ലഭിച്ചുവെങ്കിലും പിന്നീട് ബോളിവുഡിൽ ഒരു സിനിമയിൽ പോലും അവർ അഭിനയിച്ചില്ല. ഗായത്രി ജോഷി 2005 ൽ വ്യവസായിയായ വികാസ് ഒബ്‌റോയിയെ വിവാഹം കഴിച്ചു. 2 കുട്ടികളാണ് ഇവർക്കുള്ളത്.












Click it and Unblock the Notifications