രാഹുൽ ഗാന്ധിയുടെ വിദേശയാത്രയിൽ ചൂടായി തരൂർ, 'ഞാൻ ട്രാവല്‍ ഏജന്റാണോ, എന്നോട് ചോദിച്ചിട്ട് കാര്യമുണ്ടോ'
എസ്ഐആര്‍ വിഷയത്തിലെ സമരങ്ങള്‍ക്കിടെ രാഹുല്‍ ഗാന്ധി വിദേശത്ത് പോയത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരിക്കുകയാണ്. അതിനിടെ രാഹുല്‍ ഗാന്ധിയുടെ ഈ സമയത്തെ വിദേശയാത്രയെ കുറിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ പ്രതികരണവും ശ്രദ്ധ നേടുകയാണ്. മാധ്യമങ്ങളുടെ ചോദ്യത്തിന് അതൃപ്തിയോടെയാണ് ശശി തരൂരിന്റെ മറുപടി.
എസ്ഐആര്‍ വിരുദ്ധ സമരം അത്ര പ്രധാനപ്പെട്ടതാണ് എങ്കില്‍ രാഹുല്‍ ഗാന്ധി എന്തിന് വിദേശത്ത് പോയി എന്ന ചോദ്യത്തിന്, ''ഞാനൊരു ട്രാവല്‍ ഏജന്റ് ആണോ, എന്നോട് ചോദിച്ചിട്ട് വല്ല കാര്യവും ഉണ്ടോ'' എന്നാണ് ശശി തരൂരിന്റെ മറുപടി.
''ഞാന്‍ എന്തുകൊണ്ടാണ് ഡല്‍ഹി വിട്ട് നാട്ടിലേക്ക് വന്നത്. ഓരോ ആളുകള്‍ക്കും ഓരോ ഉത്തരവാദിത്തം ഉണ്ടാകില്ലേ'', ശശി തരൂര്‍ ചോദിച്ചു. എസ്ഐആര്‍ വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ശശി തരൂര്‍ വിമര്‍ശനം ഉന്നയിച്ചു. ''എസ്ഐആറിന്റെ പേരില്‍ 13 കോടി ആളുകളുടെ പേരാണ് വെട്ടിയിരിക്കുന്നത്. ബെംഗാള്‍ തിരഞ്ഞെടുപ്പിന് മുന്‍പ് അവര്‍ 91 ലക്ഷം ആളുകളുടെ പേര് വെട്ടിയപ്പോള്‍ എത്ര അപ്പീല്‍ കേട്ടു, 82,000 കേള്‍ക്കാന്‍ മാത്രമേ സമയം ഉണ്ടായിരുന്നുളളൂ.

അതില്‍ 91 ശതമാനവും വെട്ടാന്‍ പാടില്ലാത്ത പേരുകള്‍ ആയിരുന്നു. 91 ശതമാനവും തെറ്റായിരുന്നുവെങ്കില്‍ ഈ കളിയുടെ അര്‍ത്ഥം എന്താണ്. ഏതിന്റെ അടിസ്ഥാനത്തിലാണ് ഫോം 6 മാറ്റിയതും ഫോം 7ന്റെ മാസ് ഫയലിംഗ് സംഭവിച്ചതും. ഏതിന്റെ അടിസ്ഥാനത്തിലാണ് 2002ലെ വോട്ടര്‍ പട്ടിക എടുത്തിട്ട് അതില്‍ അച്ഛന്റെയോ മുത്തച്ഛന്റെയോ പേരില്ലെങ്കില്‍ നിങ്ങള്‍ക്ക് വോട്ടില്ല എന്ന് പറഞ്ഞത്'', ശശി തരൂര്‍ തുറന്നടിച്ചു.
''ഈ രാജ്യത്ത് നമ്മള് 80 വര്‍ഷങ്ങളായി തിരഞ്ഞെടുപ്പ് നടത്തുന്നു. ഇങ്ങനെയൊരു തര്‍ക്കം ഇതിന് മുന്‍പ് ഉണ്ടായിട്ടുണ്ടോ. ഇതെല്ലാം ഈ തിരഞ്ഞെടുപ്പ് കമ്മീഷന് ചെയ്ത കുഴപ്പങ്ങള്‍ കാരണമാണ്. ഒന്നാമത് ഇയാള്‍ രാജി വെക്കണം. രണ്ടാമത്തേത് അക്കൗണ്ടബിലിറ്റി വേണം. സര്‍ക്കാര്‍ എന്തിന് ഇക്കാര്യം ചെയ്യാന്‍ സമ്മതിച്ചു? സുപ്രീം കോടതിക്ക് മുന്നില്‍ 13 പരാതികള്‍ ഇരിക്കുന്നുണ്ട്. സുപ്രീം കോടതി അത് കേട്ട് കഴിയുമ്പോള്‍ മനസ്സിലാകും ആരാണ് കുറ്റക്കാര്‍ എന്ന്', ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
'ഒന്നാം തിയ്യതി ഡല്‍ഹിയില്‍ മഹാറാലി നടക്കും. അന്ന് രാജ്യത്തിന് മുന്നില്‍ ഈ വിഷയം അവതരിപ്പിക്കും. ഈ സമയത്ത് പാര്‍ട്ടി ഏതാണ് എന്നതല്ല, വിഷയം എതാണ് എന്നതാണ് നോക്കുന്നത്' എന്നും സിജെപിയെക്കുറിച്ചുളള ചോദ്യത്തിന് മറുപടിയായി തരൂര്‍ പറഞ്ഞു.


Click it and Unblock the Notifications
