നല്ലവരൊക്കെ പാര്‍ട്ടി വിടുന്നു, അത് പാടില്ല; മത്സരിക്കുന്നതിന് പിന്നിലെ കാരണം പറഞ്ഞ് ശശി തരൂര്‍
ന്യൂദല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് ഒരുപാട് നല്ല ആളുകള്‍ പുറത്തേക്ക് പോയെന്നും അത് തടയാനാണ് താന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് എന്നും ശശി തരൂര്‍ എം പി. പ്രസിഡന്റ് സ്ഥാനത്തേക്ക് താനാണോ യോഗ്യനെന്ന് പാര്‍ട്ടി പ്രതിനിധികള്‍ തീരുമാനിക്കും എന്നും ശശി തരൂര്‍ പറഞ്ഞി. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിക്ഷിപ്ത താല്‍പ്പര്യമുള്ള 'ബാഗേജ്' ഇല്ലാതെയാണ് ഞാന്‍ വരുന്നത്. പാര്‍ട്ടി പ്രവര്‍ത്തിക്കുന്ന രീതി മാറ്റി അധികാരം വികേന്ദ്രീകരിക്കുക എന്നതാണ് താന്‍ മത്സരിക്കുന്നതിലൂടെ പകരാന്‍ ഉദ്ദേശിക്കുന്ന സന്ദേശം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം പ്രസിഡന്റ് സഥാനത്തേക്കുള്‍പ്പെടെ പാര്‍ട്ടിക്കുള്ളില്‍ സുതാര്യമായ തിരഞ്ഞെടുപ്പ് നടക്കണമെന്ന് താന്‍ കഴിഞ്ഞ കുറെക്കാലമായി ആവശ്യപ്പെടുന്നത് എന്ന് മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തില്‍ ശശി തരൂര്‍ പറഞ്ഞു.

2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രസിഡന്റ് സ്ഥാനം രാഹുല്‍ ഗാന്ധി രാജിവെച്ചപ്പോള്‍ അദ്ദേഹത്തോട് ആ തീരുമാനം ഉപേക്ഷിക്കണം എന്ന് പറഞ്ഞവരില്‍ താനുമുണ്ടായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. അതേസമയം കാര്യങ്ങള്‍ നേരെയാക്കാന്‍ കൂടുതല്‍ സമയം എടുക്കുന്തോറും പാര്‍ട്ടിയുടെ പരമ്പരാഗത വോട്ട് ബാങ്കില്‍ ചോര്‍ച്ചയുണ്ടാകും.

കാര്യങ്ങള്‍ അതിന്റെ വഴിക്ക് നടക്കും എന്ന ചിന്താഗതി നമ്മളെ ഒരിടത്തുമെത്തിക്കില്ല എന്നു ശശി തരൂര്‍ വ്യക്തമാക്കി. സംഘടനപരമായ പരിഷ്‌കാരങ്ങളും ഫലപ്രദമായ നേതൃത്വവും ഉണ്ടായാല്‍ മാത്രമേ കോണ്‍ഗ്രസ് ഇന്ന് നേരിടുന്ന പ്രതിസന്ധികള്‍ മറികടക്കാനാവുകയുള്ളു എന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ സംഘടനാതലത്തില്‍ തനിക്ക് മുന്‍പരിചയമില്ലെന്ന് വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഐക്യരാഷ്ട്ര സംഘടനയിലും അഖിലേന്ത്യ ഫ്രൊഫഷനല്‍ കോണ്‍ഗ്രസ് ചെയര്‍മാന്‍ എന്ന നിലയിലും തന്റെ പ്രവര്‍ത്തനങ്ങള്‍ ഇതിനുള്ള ഉദാഹരണമാണ് എന്ന് ശശി തരൂര്‍ അവകാശപ്പെട്ടു. രണ്ട് തവണ ഇടതുപക്ഷം തുടര്‍ച്ചയായി വിജയിച്ച ബി ജെ പി ഏറ്റവും ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്ന തിരുവനന്തപുരത്താണ് താന്‍ മൂന്നു വട്ടം വിജയിച്ചത് എന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

അതേസമയം ജി 23 ന്റെ പ്രതിനിധിയായല്ല താന്‍ മത്സരിക്കുന്നത് എന്നും അവരുടെ പിന്തുണ തേടിയിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ ഉദ്ദേശ്യം പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് അല്ലാതെ തകര്‍ക്കുകയല്ല എന്നും അദ്ദേഹം പറഞ്ഞു. 2014 മുതല്‍ പാര്‍ട്ടിക്കുള്ളില്‍ താന്‍ പരിഷ്‌കാരം മുന്നോട്ടുവെയ്ക്കുന്നുണ്ട് എന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications