കോണ്‍ഗ്രസ് വെന്റിലേറ്ററിലാണ്.... എത്രയും പെട്ടെന്ന് സംഘടനാ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ശശി തരൂര്‍!!
ദില്ലി: കോണ്‍ഗ്രസില്‍ മാറ്റങ്ങള്‍ വേണമെന്ന് ശക്തമായി വാദിച്ച് ശശി തരൂര്‍. രാഹുല്‍ ഗാന്ധിയെ വീണ്ടും അധ്യക്ഷനാക്കാന്‍ പാര്‍ട്ടി ഒരുങ്ങുന്ന ഘട്ടത്തിലാണ് തരൂര്‍ സംഘടനാ തിരഞ്ഞെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. പാര്‍ട്ടി കേഡറിനെ ശക്തമാക്കാനും, നഷ്ടപ്പെട്ട ഊര്‍ജം തിരിച്ചുപിടിക്കാനും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി സംഘടനാ തിരഞ്ഞെടുപ്പ് നടത്തേണ്ടത് അത്യാവശ്യമാണെന്നും തരൂര്‍ ആവശ്യപ്പെട്ടു.

പാര്‍ട്ടിയുടെ ഏറ്റവും വലിയ പ്രതിസന്ധി നേതൃത്വത്തെ കുറിച്ചുളള ചോദ്യങ്ങളാണെന്ന് കഴിഞ്ഞ ദിവസം ഷീലാ ദീക്ഷിതിന്റെ മകന്‍ സന്ദീപ് ദീക്ഷിത് പറഞ്ഞിരുന്നു. കോണ്‍ഗ്രസില്‍ പല ചര്‍ച്ചകള്‍ നടന്നിട്ടും പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ സാധിച്ചില്ലെന്നും, പലര്‍ക്കും ഭയത്തെ തുടര്‍ന്നാണ് ഇതിന് സാധിക്കാതെ വന്നതെന്നും സന്ദീപ് ഉന്നയിച്ചിരുന്നു. ഇതാണ് ശശി തരൂര്‍ ഏറ്റുപിടിച്ചിരിക്കുന്നത്.
സന്ദീപ് പരസ്യമായി പറഞ്ഞ കാര്യങ്ങള്‍ വാസ്തവമാണെന്നും, പല നേതാക്കളും ഇക്കാര്യം രഹസ്യമായി പറയുന്നുണ്ടെന്നും തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി സംഘടനാ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഞാന്‍ നേരത്ത പറയുന്നതാണ്. അക്കാര്യം വീണ്ടും ആവര്‍ത്തിക്കുകയാണെന്നും ശശി തരൂര്‍ പറഞ്ഞു. അതേസമയം ഏപ്രിലില്‍ നടക്കുന്ന പ്ലീനറി യോഗത്തില്‍ രാഹുല്‍ ഗാന്ധിയെ അധ്യക്ഷനായി തിരിച്ച് കൊണ്ടുവരാനാണ് നേതൃത്വം ശ്രമിക്കുന്നത്. എന്നാല്‍ രാഹുല്‍ ഇതുവരെ ഈ തീരുമാനത്തിനോട് യോജിച്ചിട്ടില്ല.
കോണ്‍ഗ്രസിലെ ഭൂരിഭാഗം പേരും ഇന്ന് രാജ്യസഭയിലാണ്. അതില്‍ തന്നെ ചിലര്‍ മുന്‍ മുഖ്യമന്ത്രിമാരാണ്. കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രിമാര്‍ പോലും സീനിയര്‍ നേതാക്കളാണ്. അവര്‍ ഇനിയും മുന്നോട്ട് പോകേണ്ട സമയം വന്നിരിക്കുകയാണെന്ന് സന്ദീപ് ദീക്ഷിത് പറഞ്ഞിരുന്നു. ദില്ലി തിരഞ്ഞെടുപ്പിലെ മോശം പ്രകടനമാണ് കോണ്‍ഗ്രസില്‍ മാറ്റത്തിനായുള്ള വാദങ്ങള്‍ ശക്തമാക്കിയത്. 66 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് മത്സരിച്ചപ്പോള്‍ 63 ഇടത്തും കെട്ടിവെച്ച കാശ് പാര്‍ട്ടിക്ക് നഷ്ടമായിരുന്നു. ഒരു സീറ്റ് പോലും നേടാന്‍ സാധിച്ചില്ല.












Click it and Unblock the Notifications