ശത്രുഘ്‌നന്‍ സിന്‍ഹ ലോക്‌സഭയിലേക്ക്, സുപ്രിയോ നിയമസഭയിലേക്ക്, ഉപതിരഞ്ഞെടുപ്പിനൊരുങ്ങി തൃണമൂല്‍
കൊല്‍ക്കത്ത: ബംഗാളില്‍ പ്രമുഖരുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് മമത ബാനര്‍ജി. അസന്‍സോളിലെ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായ മുന്‍ കേന്ദ്ര മന്ത്രി ശത്രുഘ്‌നന്‍ സിന്‍ഹയെ പ്രഖ്യാപിച്ചു. സര്‍പ്രൈസ് പ്രഖ്യാപനമാണിത്. നേരത്തെ ബിജെപിയുടെ സുപ്രധാന നേതാവായിരുന്നു ശത്രുഘ്‌നന്‍ സിന്‍ഹ. എന്നാല്‍ മോദി ഭരണത്തിന് ശേഷം നേതൃത്വത്തോട് ഇടഞ്ഞ് നില്‍ക്കുകയായിരുന്നു അദ്ദേഹം. സീനിയര്‍ നേതാക്കളുടെ വഴിയേ അദ്ദേഹവും പാര്‍ട്ടി വിടുകയായിരുന്നു. യശ്വന്ത് സിന്‍ഹയും ശത്രുഘ്‌നനെ പോലെ തൃണമൂലിന്റെ ഭാഗമാണ്. ഉന്നതാധികാര സമിതിയില്‍ അംഗമാണ് അദ്ദേഹം. ശത്രുഘ്‌നന്‍ സിന്‍ഹയുടെ സ്ഥാനാര്‍ത്ഥിത്വം മമത ട്വീറ്റിലുടെ അറിയിക്കുകയും ചെയ്തു.

അതേസമയം ബിജെപി വിട്ട് തൃണമൂലിലെത്തിയ ബാബുല്‍ സുപ്രിയോയ്ക്കും സ്ഥാനാര്‍ത്ഥിത്വം ലഭിച്ചു. സുപ്രിയോ നിയമസഭയിലേക്കാണ് മത്സരിക്കുന്നത്. ബാലിഗഞ്ച് സീറ്റില്‍ നിന്നാണ് മത്സരം. ബിജെപിയുടെ ഏറ്റവും പ്രമുഖ നേതാവായിരുന്നു സുപ്രിയോ. എന്നാല്‍ പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ കാരണം അദ്ദേഹം തൃണമൂലില്‍ എത്തുകയായിരുന്നു. ബാലിഗഞ്ചില ഉപതിരഞ്ഞെടുപ്പില്‍ സുപ്രിയോ ജയിക്കുമെന്നാണ് തൃണമൂലിന്റെ നിഗമനം. കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബംഗാളില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഏപ്രില്‍ 12നാണ് തിരഞ്ഞെടുപ്പ്. ഏപ്രില്‍ പതിനാറിനാണ് വോട്ടെണ്ണല്‍. പ്രതിപക്ഷമായ ബിജെപി തകര്‍ന്ന് നില്‍ക്കുന്ന ഘട്ടത്തില്‍ തൃണമൂല്‍ അനായാസ വിജയം നേടുമെന്നാണ് കരുതുന്നത്.
അസന്‍സോള്‍ പാര്‍ലമെന്റ് സീറ്റ് ബിജെപി നേതാവ് ബാബുല്‍ സുപ്രിയോ രാജിവെച്ചതോടെ ഒഴിവ് വന്ന മണ്ഡലമാണ്. ഇവിടെയാണ് ശത്രുഘ്‌നന്‍ സിന്‍ഹ മത്സരിക്കുന്നത്. അതേസമയം ബാലിഗഞ്ച് ടിഎംസി എംഎല്‍എയായിരുന്ന സുബ്രത മുഖര്‍ജിയുടെ മരണത്തെ തുടര്‍ന്നാണ് ഒഴിവ് വന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ നാലിനായിരുന്നു സുബ്രതയുടെ വിയോഗം. മമതയുടെ സര്‍ക്കാരിലെ സുപ്രധാനപ്പെട്ട വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രിയായിരുന്നു സുബ്രത മുഖര്‍ജി. ഇവിടെ ബാബുല്‍ സുപ്രിയോ മത്സരിക്കുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. മമതയുടെ വിശ്വസ്തന്‍ കൂടിയാണ് ഇപ്പോള്‍ സുപ്രിയോ.
ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി തകര്‍ന്നടിയുന്നതാണ് കണ്ടത്. ബിജെപി പരാജയപ്പെട്ടതോടെ പാര്‍ട്ടിയുടെ അധികാരം സുവേന്ദു അധികാരിയുടെ കൈകളിലെത്തി. ഇത് പല നേതാക്കളെയും ചൊടിപ്പിച്ചു. സുവേന്ദു പലരെയും തഴയാന്‍ തുടങ്ങി. തനിക്കൊപ്പമുള്ളവര്‍ക്ക് മാത്രം പദവികള്‍ നല്‍കിയതോടെ പലരും പാര്‍ട്ടി വിടാന്‍ തുടങ്ങുകയായിരുന്നു. സുപ്രിയോ എല്ലാം അത്തരില്‍ പാര്‍ട്ടി വിട്ടവരാണ്. എന്നാല്‍ സുവേന്ദുവിന്റെ നേതൃത്വത്തില്‍ ഇതുവരെ ബംഗാളില്‍ മുന്നേറ്റമുണ്ടാക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല. വോട്ട് ശതമാനം താഴേക്ക് പോകുന്നതാണ് ഇതുവരെ കാണാന്‍ സാധിച്ചത്. നേതാക്കള്‍ക്കിടയിലെ പ്രശ്‌നങ്ങളും ബിജെപിയെ ബാധിച്ചിട്ടുണ്ട്.












Click it and Unblock the Notifications