കെജ്രിവാളിന് ഷീല ദീക്ഷിതിന്റെ പ്രശംസ
ദില്ലി: ആം ആദ്മി പാര്‍ട്ടി നേതാവും അഴിമതിവിരുദ്ധ പോരാട്ടങ്ങളിലൂടെ ശ്രദ്ധേയനുമായ അരവിന്ദ് കെജ്രിവാളിന് ദില്ലി മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ പ്രശംസ. അഴിമതിക്കെതിരെ നടത്തുന്ന സന്ധിയില്ലാ സമരങ്ങളാണ് കെജ്രിവാളിനെ മുഖ്യമന്ത്രിയുടെ പ്രശംസയ്ക്ക് പാത്രമാക്കിയത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയുടെ സാധ്യതകളെ ഷീല ദീക്ഷിത് അത്രയ്ക്കങ്ങ് വക വെക്കാന്‍ തയ്യാറായില്ല.
നേരത്തെ, അരവിന്ദ് കെജ്രിവാളിനും ആം ആദ്മി പാര്‍ട്ടിക്കുമെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിട്ടുള്ള നേതാവാണ് ഷീല ദീക്ഷിത്. നയവും തത്വശാസ്ത്രവും ഇല്ലാത്ത പാര്‍ട്ടി എന്നായിരുന്നു എ എ പിയെ ഷീല ദീക്ഷിത് വിളിച്ചിരുന്നത്. രാഷ്ട്രീയത്തില്‍ താല്‍പര്യമില്ല എന്ന് പറഞ്ഞ് ആളെ കൂടെ കൂട്ടിയ ശേഷം രാഷ്ട്രീയപാര്‍ട്ടി ആയ കെജ്രിവാളിന്റെയും നയത്തെയും ദില്ലി മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു.

എന്നാല്‍ സ്വരം മയപ്പെടുത്തിയ ഷീല ദീക്ഷിത് പറയുന്നത്, ആം ആദ്മി പാര്‍ട്ടി രാഷ്ട്രീയത്തില്‍ പുതിയതല്ലേ, സാധ്യതകള്‍ പറയാറായിട്ടില്ല എന്നാണ്. നിയമസഭ തിരഞ്ഞെടുപ്പില്‍ എ എ പിക്ക് എന്തെങ്കിലും ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച ശേഷമേ സാധ്യതകള്‍ പറയാനാകൂ എന്നും ദില്ലി മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പില്‍ 70 സീറ്റുകളിലും സ്ഥാനാര്‍ഥിയെ നിര്‍ത്താനാണ് എ എ പിയുടെ തീരുമാനം.
അഴിമതിക്കെതിരെ സന്ധിയില്ലാ സമരം നടത്തുന്ന കെജ്രിവാളും എ എ പിയും ദില്ലിയിലെ കോണ്‍ഗ്രസ് ഭരണത്തിനെതിരെ ശക്തമായ അഴിമതിയാരോപണങ്ങളാണ് ഉയര്‍ത്തുന്നത്. വൈദ്യുതി, വെള്ളം തുടങ്ങിയ അവശ്യസാധനങ്ങളില്‍ സര്‍ക്കാരിന്റെ നയത്തെയും പാര്‍ട്ടി എതിര്‍ക്കുന്നു. എന്നാല്‍ എ എ പിയുടെയും ബി ജെ പിയുടെയും വെല്ലുവിളി ചെറുത്ത് തുടര്‍ച്ചയായ നാലാം തവണയും തലസ്ഥാനം പിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസും ഷീല ദീക്ഷിതും.












Click it and Unblock the Notifications