'പെണ്‍കുട്ടികളെ കൈയ്യേറ്റം ചെയ്ത് പോലീസ്; ചോദ്യം ചെയ്തപ്പോള്‍ ക്രൂര മര്‍ദനം, ദൂരെ കൊണ്ടുപോകുന്നു'
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം അടിച്ചമര്‍ത്താന്‍ ഡല്‍ഹി പോലീസ്. സമരം ചെയ്യാന്‍ എത്തുന്നവരെ വളരെ ദൂരെവച്ചു തന്നെ കസ്റ്റഡിയിലെടുത്തു. പലരെയും ബലമായി പിടികൂടുകയും മര്‍ദ്ദിക്കുകയും ചെയ്തു. പെണ്‍കുട്ടികളെ വരെ കൈയ്യേറ്റം ചെയ്തുവെന്ന് യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഷിബു മീരാന്‍ പറഞ്ഞു.
സിജെപി സമരത്തിന് വിവിധ യുവജന-വിദ്യാര്‍ഥി സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ച് ഡല്‍ഹിയിലെത്തുന്നുണ്ട്. സിജെപി നേതാക്കളായ അഭിജിത് ദീപ്‌കെ ഉള്‍പ്പെടെയുള്ളവരെ വിമാനത്തില്‍ വച്ചു തന്നെ കസ്റ്റഡിയിലെടുത്തു. ഇടതുപക്ഷ നേതാക്കളെ പ്രതിഷേധം തുടങ്ങുന്ന വേളയില്‍ പിടികൂടി. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരുമായി മണിക്കൂറുകളോളം ജീപ്പില്‍ കറങ്ങുകയാണ് പോലീസ്.

അതേസമയം, ഡല്‍ഹി ഗേറ്റ് പരിസരത്തു വച്ചാണ് യൂത്ത് ലീഗിന്റെയും എംഎസ്എഫിന്റെയും നേതാക്കളെയും പ്രവര്‍ത്തകരെയും പോലീസ് തടഞ്ഞത്. പെണ്‍കുട്ടികളെ പോലീസ് വലിച്ചിഴയ്ക്കുകയും കൈയ്യേറ്റം ചെയ്യുകയുമുണ്ടായി. ഇത് ചോദ്യം ചെയ്തപ്പോള്‍ പോലീസ് വാഹനത്തില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ചുവെന്നും ഷിബു മീരാന്‍ പറഞ്ഞു. തുടര്‍ന്ന് ബലമായി ഇവരെ ഹരിയാന അതിര്‍ത്തിയിലേക്ക് കൊണ്ടുപോകുകയാണ്. ഈ വേളയിലാണ് ഷിബു മീരാന്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെച്ചത്. എവിടെയാണ് ഇറക്കിവിടുന്നത്, അവിടെ ജന്തര്‍ മന്തര്‍ ആകുമെന്ന് ഷിബു മീരാന്‍ പറഞ്ഞു.
ഷിബു മീരാന്റെ വാക്കുകള്‍: ''വീണ്ടും ഡല്‍ഹി പോലീസ് കസ്റ്റഡിയിലാണ്. ദസ്ഥഗീര്‍ ആഗ, അഹമദ് സാജു, സി കെ ശാക്കിര്‍,സാജിദ് നടുവനൂര്‍, അബ്ദുല്‍ അസീസ് എന്നിവരും യൂത്ത് ലീഗ് എം എസ് എഫ് പ്രവര്‍ത്തകരും ഉണ്ട്. ഡല്‍ഹി ഗേറ്റ് പോലീസ് പരിസരത്ത് വെച്ചാണ് പോലീസ് നടപടി. പെണ്‍കുട്ടികളെ അടക്കം കയ്യേറ്റം ചെയ്തു. ഇതു ചോദ്യം ചെയ്തതിന് പോലീസ് വാഹനത്തില്‍ വച്ച് ക്രൂരമായ മരദനമാണ് നേരിടേണ്ടി വന്നത്. ഹരിയാന അതിര്‍ത്തിയിലേക്കാണ് കൊണ്ട് പോകുന്നത്. എവിടെ എത്തുന്നോ അവിടെ ആണ് ജന്തര്‍ മന്തര്‍. പോരാട്ടം തുടരും.''
അതേസമയം, നിരവധി പ്രമുഖരെ ഡല്‍ഹി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എല്ലാ സംഘടനാ നേതാക്കളെയും പിടികൂടി. അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെയുള്ളവര്‍ പോലീസ് കസ്റ്റഡിയിലാണ്. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സിജെപി നേതാക്കള്‍ പറഞ്ഞു. അഭിജിത് ദീപ്‌കെ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ സമരം നയിക്കുക അജിഗ്യ ഷിന്‍ഡെ ആയിരിക്കുമെന്നും സിജെപി അറിയിച്ചു.


Click it and Unblock the Notifications
