ബെറ്റിംഗ് ആപ്പ് കേസിൽ പണി കിട്ടി ശിഖര്‍ ധവാനും സുരേഷ് റെയ്‌നയും, കോടികളുടെ സ്വത്ത് ഇഡി കണ്ടുകെട്ടി
ന്യൂ ഡല്‍ഹി: ബെറ്റിംഗ് ആപ് കേസില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ശിഖര്‍ ധവാനും സുരേഷ് റെയ്‌നയ്ക്കും വന്‍ തിരിച്ചടി. ഇരുവരുടേയും സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഏകദേശം 11.14 കോടി വില വരുന്ന സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയിരിക്കുന്നത്.
സുരേഷ് റെയ്‌നയുടെ പേരിലുളള 664 കോടിയുടെ മ്യൂച്ച്വല്‍ ഫണ്ട് നിക്ഷേപവും ശിഖര്‍ ധവാന്റെ പേരിലുളള 4.5 കോടിയുടെ സ്വത്തും ഇഡി കണ്ടുകെട്ടിയതില്‍പ്പെടുന്നു. 1 ബെറ്റ്, അനുബന്ധ ബ്രാന്‍ഡുകളായ 1 ബാറ്റ്, 1 ബാറ്റ് സ്‌പോര്‍ട്ടിംഗ് ലൈന്‍സ് പോലുളള അനധികൃത ബെറ്റിംഗ് പ്ലാറ്റ്‌ഫോമുകള്‍ക്ക് എതിരെ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് നീക്കം.
വിവിധ സംസ്ഥാനങ്ങളിലെ പോലീസ് ഏജന്‍സികള്‍ ഫയല്‍ ചെയ്ത നിരവധി എഫ്‌ഐആറുകള്‍ ഈ കേസിലുണ്ട്. ഇന്ത്യക്കാരെ ലക്ഷ്യം വെച്ച് കൊണ്ടുളള അനധികൃത ഓണ്‍ലൈന്‍ ബെറ്റിംഗും ചൂതാട്ടവുമാണ് ഈ സൈറ്റുകള്‍ നടത്തിക്കൊണ്ടിരുന്നത് എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

1 ബെറ്റ് പ്ലാറ്റ്‌ഫോമുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരസ്യക്കരാറുകളിൽ റെയ്‌നയും ധവാനും വിദേശ സ്ഥാപനങ്ങളുമായി ധാരണയിലെത്തിയെന്ന് എൻഫോഴ്സ്മെ്റ് ഡയറക്ടറേറ്റ് അറിയിച്ചു. ഈ പരസ്യങ്ങളുടെ പ്രതിഫലം നിയമവിരുദ്ധമായ വാതുവയ്‌പ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ നിന്ന് ലഭിച്ചതാണെന്നും, പണത്തിന്റെ ഉറവിടം മറച്ചുവെക്കുന്നതിനായി വിദേശ ഇടപാടുകളിലൂടെയാണ് തുക കൈമാറിയതെന്നും ഇ.ഡി വ്യക്തമാക്കി.
ഇന്ത്യയിൽ 1xബെറ്റ് വിപുലമായ വാതുവെപ്പ് ശൃംഖലകൾ നടത്തുന്നത് 6,000-ത്തിലധികം വ്യാജ അക്കൗണ്ടുകൾ വഴിയാണെന്ന് അന്വേഷണത്തിൽ ഏജൻസി കണ്ടെത്തി.
ഉപയോക്താക്കളിൽ നിന്ന് ശേഖരിച്ച പണം ശരിയായ കെവൈസി പരിശോധനകളില്ലാതെ നിരവധി പേയ്‌മെന്റ് ഗേറ്റ്‌വേകളിലൂടെയാണ് കൈമാറ്റം ചെയ്തിരുന്നത്. ഇതുവഴി പണത്തിന്റെ യഥാർത്ഥ ഉറവിടം മറച്ചുവെച്ചു. വ്യാപാരികളെ തെറ്റിദ്ധരിപ്പിച്ചാണ് ഉൾപ്പെടുത്തിയിരുന്നത്. അവരുടെ യഥാർത്ഥ ബിസിനസ്സ് പ്രവർത്തനങ്ങളും ഇടപാട് രീതികളും തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നുവെന്നു. തുടർന്നുനടത്തിയ പരിശോധനകളിൽ നാല് പേയ്മെന്റ് ഗേറ്റ്‌വേകളിൽ നിന്ന് കുറ്റകരമായ രേഖകൾ പിടിച്ചെടുക്കുകയും 60 ബാങ്ക് അക്കൗണ്ടുകളിലായി 4 കോടിയിലധികം രൂപ മരവിപ്പിക്കുകയും ചെയ്തു. ഇതുവരെ കണ്ടെത്തിയ കള്ളപ്പണം വെളുപ്പിക്കൽ 1,000 കോടി രൂപ കവിയുമെന്നാണ് റിപ്പോർട്ടുകൾ.












Click it and Unblock the Notifications