ബോളിവുഡിൽ പീഡനങ്ങളില്ല, എല്ലാം പരസ്പര സമ്മതത്തോടെ, മീ ടുവിലെ പരിസഹിച്ച് നടി
Recommended Video

മുംബൈ: തങ്ങൾ നേരിട്ട അതിക്രമങ്ങളെ കുറിച്ച് നടിമാർ നടത്തുന്ന തുറന്നുപറച്ചിലുകൾക്ക് വലിയ പിന്തുണയാണ് ബോളിവുഡ് നൽകുന്നത്. പ്രമുഖ നടന്മാരും സിനിമാ സംഘടനകളും ഉൾപ്പെടെ മീ ടു ക്യാംപെയിന് പിന്തുണ നൽകുമ്പോൾ വിവാദ പരാമർശവുമായി രംഗത്തെത്തിയിരിക്കുകയാണ് മിനിസ്ക്രീൻ താരമായ ശിൽപ്പ ഷിൻഡെ.
ബോളിവുഡിൽ പീഡനങ്ങളില്ല എല്ലാം പരസ്പരം സമ്മത്തതോടുകൂടിയാണ് നടക്കുന്നതെന്നാണ് ശിൽപ്പ ഷിൻഡെ പറയുന്നത്. പീഡനം ഉണ്ടായപ്പോൾ തന്നെ പറയണമായിരുന്നു ഇപ്പോൾ ഒച്ച വച്ചിട്ട് കാര്യമില്ലെന്നും നടിമാർക്കെതിരെ ശിൽപ്പ തുറന്നടിക്കുന്നു.

ഇത്ര നാളുകൾക്ക് ശേഷം
ഇത് അസംബന്ധമാണ്. നിങ്ങൾക്കെന്നാണ് മോശമായ അനുഭവം ഇൻഡസ്ട്രിയിൽ നിന്നും ഉണ്ടായത്? അപ്പോൾ തന്നെ അതിനെതിരെ പ്രതികരിക്കണമായിരുന്നു. ഇത്രയും നാളുകൾക്ക് ശേഷം വന്ന് ഒച്ച വെച്ചിട്ട് എന്താണ് കാര്യം. ഇപ്പോൾ ആരും നിങ്ങളുടെ ഭാഗം കേൾക്കില്ല. വെറുതെ വിവാദങ്ങൾ സൃഷ്ടിക്കാമെന്നു മാത്രം- അഭിമുഖത്തിൽ ഷിൽപ്പ ഷിൻഡെ പറഞ്ഞു.

ബോളിവുഡ് മോശമല്ല
ബോളിവുഡ് മോശം ഇൻഡസ്ട്രിയല്ല. അതേ സമയം അത്ര നല്ലതുമല്ല. എല്ലാ സ്ഥലങ്ങളിലും ഇത് സംഭവിക്കും. പക്ഷെ ഇവിടെയുള്ളവർ തന്നെ ഈ ഇൻഡസ്ട്രിയെ നാണം കെടുത്താൻ ശ്രമിക്കുന്നതെന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല. ഇവിടെയുള്ളവരെല്ലാം മോശക്കാരല്ല. നിങ്ങളുടെ സമീപനം അനുസരിച്ചായിരിക്കും തിരിച്ചുള്ള പെരുമാറ്റം.

ഇവിടെ പീഡനങ്ങളില്ല
പരാതികളുമായി സ്ത്രീകൾ ഇപ്പോഴാണ് രംഗത്തെത്തുന്നത്. പക്ഷെ ബോളിവുഡിൽ ലൈംഗികാതിക്രമങ്ങൾ ഇല്ലെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. ഇവിടെ എല്ലാം നടക്കുന്നത് പരസ്പര സമ്മതത്തോടുകൂടിയാണ്. ആരും ബലം പ്രയോഗിച്ച് പീഡിപ്പിക്കാറില്ല. നിങ്ങൾക്ക് താൽപര്യമില്ലെങ്കിൽ മാറി നിന്നാൽ പോരെയെന്നും ശിൽപ്പ ഷിൻഡെ കൂട്ടിച്ചേർക്കുന്നു.

ബിഗ് ബോസ് വിജയി
ബോളിവുഡ് താരം സൽമാൻ ഖാൻ നയിച്ച സൂപ്പർ ഹിറ്റ് ഷോ ബിഗ് ബോസിന്റെ ഹിന്ദി പതിപ്പിൽ വിജയിയായിരുന്നു സീരിയൽ താരം കൂടിയായ ശിൽപ്പ ഷിൻഡെ. ബിഗ് ബോസ് മത്സരത്തിന് ശേഷം സീരിയൽ രംഗത്തുനിന്ന് താൻ നേരിട്ട ലൈംഗികാതിക്രമങ്ങളെകുറിച്ച് ശിൽപ്പ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. സീരിയൽ നിർമാതാവ് തന്നെ ലൈംഗീകമായി പീഡിപ്പിച്ചുവെന്നാണ് ശിൽപ്പ ആരോപിച്ചത്.

മീ ടുവിൽ ഞെട്ടി ബോളിവുഡ്
നാനാ പടേക്കർക്കെതിരെയുള്ള തനുശ്രീ ദത്തയുടെ ആരോപണങ്ങൾക്ക് പിന്നാലെയാണ് ബോളിവുഡിൽ മീടു ക്യാംപെയിൻ ചൂടുപിടിക്കുന്നത്. ചേതൻ ഭഗത്, രജത് കപൂർ, വികാസ് ബാഹൽ, അലോക് നാഥ്, കൈലാസ് ഖേർ തുടങ്ങിയ വമ്പൻമാരാണ് ആരോപണവിധേയർ. ബോളിവുഡിന്റെ മെഗാസ്റ്റാർ അമിതാഭ് ബച്ചനെതിരെയും ചില സത്യങ്ങൾ പുറത്തുവിടുമെന്ന് സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റായ സപ്ന ഭവാനി ട്വീറ്റ് ചെയ്തിട്ടുണ്ട്. സപ്ന കരുതിവെച്ചിരിക്കുന്ന രഹസ്യബോംബ് എന്താണെന്ന ആകാംഷയിലാണ് ബോളിവുഡ്.












Click it and Unblock the Notifications