ഷിരൂർ തിരച്ചില്‍: ഈശ്വല്‍ മല്‍പെയും നേവിയും ആർമിയും തയ്യാർ, വേലിയിറക്കം ഉപയോഗപ്പെടുത്തണമെന്ന് മനാഫ്
ഷിരൂർ: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് ഊർജിതമാകും. രാവിലെ പത്ത് മണി മുതലായിരിക്കും ഗംഗാവാലി പുഴയിലെ തിരച്ചില്‍ ആരംഭിക്കുകയെന്നാണ് ലോറി ഉടമയായ മനാഫ് വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കിയത്. മത്സ്യത്തൊഴിലാളിയും പ്രാദേശിക മുങ്ങല്‍ വിദഗ്ധനുമായ ഈശ്വർ മല്‍പെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആദ്യം പുഴയില്‍ തിരച്ചില്‍ നടത്തുക.
'ഈശ്വർ മല്‍പെ രാവിലെ മുതല്‍ തന്നെ തിരച്ചിലിനായി തയ്യാറായിരുന്നു. എന്നാല്‍ പത്ത് മണിക്ക് ശേഷം തിരച്ചില്‍ ആരംഭിച്ചാല്‍ മതിയെന്നാണ് അധികൃതർ പറയുന്നത്. രാവിലെയാണ് വേലിയിറക്ക സമയം, ആ സമയത്ത് പുഴയിലെ ജലനിരപ്പ് കുറഞ്ഞിരിക്കും. അപ്പോള്‍ തിരച്ചില്‍ നടത്തുകയാണെങ്കില്‍ കൂടുതല്‍ സാധ്യതകള്‍ ഉണ്ടാകുമായിരുന്നുവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്തായാലും പത്ത് മണിയോടെ ഊർജ്ജിതമായ രീതിയില്‍ തന്നെ തിരച്ചില്‍ നടക്കും' മനാഫ് വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കി.

ലോറിയിലെ വീല്‍ ജാക്കി കണ്ടെത്തിയത് പ്രതീക്ഷ നല്‍കുന്നത്. കയോട് ചേർന്നുള്ള ഭാഗത്ത് നിന്നാണ് ജാക്കി കണ്ടെത്തിയത്. പുതിയ ജാക്കിയാണ്, ലോറിക്ക് വേണ്ടി ഉപയോഗിക്കുന്നത്. ചിലപ്പോള്‍ രണ്ട് ജാക്കിയുണ്ടാകും. ചില വണ്ടികളില്‍ അത്തരത്തില്‍ രണ്ട് ജാക്കികള്‍ സൂക്ഷിക്കാറുണ്ടെന്നും മനാഫ് കൂട്ടിച്ചേർത്തു.
അതേസമയം, എൻ ഡി ആർ എഫ് , എസ് ഡി ആർ എഫ് സംഘങ്ങളും ഇന്നത്ത തിരച്ചിലിന്റെ ഭാഗമാകും. മുങ്ങലിനുള്ള സന്നാഹങ്ങളുമായി നാവിക സേനാംഗങ്ങളും തിരച്ചിലിനായി എത്തുമെന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്. പ്രദേശത്ത് മഴക്ക് കുറവ് വന്നത് അശ്വാസകരമാണ്. വെയിലുള്ള സമയം നോക്കി തിരച്ചില്‍ നടത്തിയാല്‍ കൂടുതല്‍ ഗുണകരമാകുമെന്നാണ് ഈശ്വര്‍ മല്‍പെ വ്യക്തമാക്കുന്നത്.
കലാവസ്ഥയും പുഴയിലെ ഒഴുക്കും അനുകൂലമാണെങ്കിലായിരിക്കും നാവികസേനയുടെ മുങ്ങല്‍ വിദഗ്ധർ പുഴയില്‍ പരിശോധന നടത്തുക. നിരീക്ഷണത്തിനായി കരസേനയുടെ ചെറിയ ഹെലികോപ്ടറും ഷിരൂരിലെത്തും.
ഗംഗാവാലി പുഴയിലെ ഒഴുക്കിന്റെ വേഗം 2 നോട്ട് ആയി കുറഞ്ഞത് ആശ്വാസകരമാണെന്നാണ് കാർവാർ എസ്പി വ്യക്തമാക്കിയത്. ഇന്ന് ഉത്തരകന്നഡ ജില്ലയില്‍ എവിടേയും തന്നെ വലിയ മഴ പ്രതീക്ഷിക്കുന്നില്ല. പ്രത്യേക ജാഗ്രതാ നിർദേശവും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ നല്‍കിയിട്ടില്ല. സേനാ വിഭാഗങ്ങള്‍ക്കൊപ്പം തന്നെ ഫിഷറീസ്, തുറമുഖവകുപ്പ് ഉദ്യോഗസ്ഥരും സഹായത്തിനുണ്ടാകുമെന്നും കാർവാർ എസ്പി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications