60 അടി ആഴത്തിലേക്ക് വരെ നീളുന്ന യന്ത്രക്കൈ; അര്‍ജുനെ കണ്ടെത്താന്‍ ലോംഗ് ബൂം എത്തി
മംഗലാപുരം: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചിലിനായി അത്യാധുനിക സംവിധാനങ്ങളുള്ള ലോംഗ് ബൂം എസ്‌കവേറ്റര്‍ എത്തിച്ചു. ഇന്ന് രാവിലെയോടെ എത്തിക്കേണ്ടിയിരുന്ന ബൂം വാഹനത്തിന്റെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്നാണ് വൈകിയത്. പൊലീസ് അകമ്പടിയോടെയാണ് ബൂം എസ്‌കവേറ്റര്‍ ദുരന്തഭൂമിയായ അങ്കോലയില്‍ എത്തിച്ചിരിക്കുന്നത്.
20 അടി ദൂരത്തിലേക്ക് വരെ നീളുന്ന യന്ത്രക്കൈയാണ് ബൂമിന്റെ പ്രത്യേകത. 60 അടി ആഴത്തിലേക്കും പോകാന്‍ സാധിക്കുന്ന ഇതുപയോഗിച്ചുള്ള തിരച്ചിലില്‍ അര്‍ജുനേയും ലോറിയേയും കണ്ടെത്താനാകും എന്നാണ് പ്രതീക്ഷ. റഡാര്‍ പരിശോനയിലും സോണാര്‍ പരിശോധനയിലും ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ വലിയ വസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. അതിനാല്‍ ഇവിടം കേന്ദ്രീകരിച്ചായിരിക്കും ലോംഗ് ബൂം എസ്‌കവേറ്റര്‍ പരിശോധന നടത്തുക.

60 അടി ആഴത്തില്‍ മണ്ണുമാന്താന്‍ കഴിയും എന്നതിനാല്‍ തന്നെ ലോംഗ് ബൂം എസ്‌കവേറ്ററിന്റെ പരിശോധനയെ പ്രതീക്ഷയോടെയാണ് എല്ലാവരും കാണുന്നത്. അങ്കോല ഉള്‍പ്പെടുന്ന കാര്‍വറിലെ എംഎല്‍എയായ സതീഷ് കൃഷ്ണ സെയിലിന്റെ ആവശ്യപ്രകാരമാണ് ഇത് ദുരന്തസ്ഥലത്തേക്ക് എത്തിച്ചത്. ആവശ്യമെങ്കില്‍ ഗോവ, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ ലോംഗ് ബൂം എസ്‌കവേറ്റര്‍ എത്തിക്കാനും ആലോചനയുണ്ട്.
ശക്തവും അഗ്‌നി പ്രതിരോധശേഷിയുള്ളതുമായ ലോഹങ്ങള്‍ കൊണ്ടാണ് ബൂമുകള്‍ നിര്‍മിച്ചിരിക്കുന്നത്. ക്രെയിനുകളും ക്രെയിന്‍ ബൂമുകളും നിര്‍മ്മിക്കാന്‍ ഉയര്‍ന്ന ശക്തിയും നിലവാരവുമുള്ള അലോയ് സ്റ്റീല്‍ ആണ് ഉപയോഗിക്കുന്നത്. അതേസമയം അര്‍ജുന് വേണ്ടിയുള്ള നാവികസേനയുടെ തിരച്ചില്‍ പുരോഗമിക്കുകയാണ്. തിരച്ചിലില്‍ ഇന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചേക്കും എന്ന പ്രതീക്ഷയുണ്ട് എന്ന് എ കെ എം അഷ്റഫ് എം എല്‍ എ പറഞ്ഞു.
പുഴയോട് ചേര്‍ന്നുള്ള അടിഭാഗത്തില്‍ കേന്ദ്രീകരിച്ചാണ് ഇന്ന് പരിശോധന നടത്തുന്നത്. ചൊവ്വാഴ്ചത്തെ പരിശോധനയില്‍ പുഴയ്ക്ക് നടുവിലെ മണ്‍കൂനയില്‍ നിന്നാണ് റഡാര്‍ സിഗ്നലും സോണാര്‍ സിഗ്നലും ലഭിച്ചത്. ഈ ഭാഗം കേന്ദ്രീകരിച്ചാണ് നാവിക സേന പരിശോധന നടത്തുന്നത്. ലോംഗ് ബൂം കൊണ്ടും ഇവിടെ ആയിരിക്കും പരിശോധന നടത്തുക. എന്നാല്‍ ഡ്രോണ്‍ ബേസ്ഡ് ഇന്റലിജന്റ് ബറീഡ് ഒബ്ജക്ട് ഡിക്റ്റക്ഷന്‍ സിസ്റ്റം നാളെ മാത്രമെ ഷിരൂരില്‍ എത്തൂ എന്നാണ് വിവരം.
ഇതിന്റെ ബാറ്ററി ഡല്‍ഹിയില്‍ നിന്നും വിമാനത്തില്‍ എത്തിക്കാന്‍ അനുമകി ലഭിക്കാത്തതിനാല്‍ ട്രെയിനിലാണ് കൊണ്ടുവരുന്നത്. രാജധാനി എക്‌സ്പ്രസില്‍ ആണ് നിലവില്‍ ബാറ്ററി കൊണ്ടുവരുന്നത്.












Click it and Unblock the Notifications