'തടി കയറ്റിയ ലോറി പുഴയിലേക്ക് വീഴുന്നത് കണ്ടു'; നിര്‍ണായക വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി
കാര്‍വാര്‍: ഷിരൂരിലെ മണ്ണിടിച്ചില്‍ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഒമ്പതാം ദിനത്തിലേക്ക് കടന്നിരിക്കെ നിര്‍ണായക വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി. അര്‍ജുന്റെ ലോറി ഷിരൂര്‍ കുന്നിന് സമീപം ദേശീയപാതയില്‍ നിന്ന് പുഴയിലേക്ക് വീഴുന്നത് കണ്ടു എന്ന് നാഗേഷ് ഗൗഡ എന്ന ദൃക്‌സാക്ഷി വെളിപ്പെടുത്തി. മനോരമയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
സംഭവം നടക്കുന്ന സമയം ഷിരൂര്‍ കുന്നിന് എതിര്‍വശം ഉള്‍വരെ ഗ്രാമത്തില്‍ നിന്ന് ഗംഗാവലി പുഴയില്‍ ഒഴുകി വരുന്ന വിറക് ശേഖരിക്കാന്‍ വന്നതായിരുന്നു നാഗേഷ് ഗൗഡ. താന്‍ പുഴക്കരയില്‍ ഇരിക്കുമ്പോള്‍ കുന്നില്‍ നിന്ന് ഇടിഞ്ഞ് വീണ മണ്ണിനൊപ്പം മരത്തടി കയറ്റിയ ഒരു ലോറിയും പുഴയോരത്തേക്ക് നീങ്ങി വരുന്നത് കണ്ടു എന്നാണ് നാഗേഷ് അവകാശപ്പെടുന്നത്. മണ്ണിടിച്ചലില്‍ ടണ്‍കണക്കിന് മണ്ണാണ് വന്ന് വീണത്.

ഈ മണ്ണ് പുഴയുടെ തീരത്തുണ്ടായിരുന്ന ചായക്കടയെ ആദ്യം പുഴയിലേക്ക് തള്ളിയെന്നും പിന്നാലെയാണ് തടി കയറ്റിയ ഒരു ലോറി പുഴയിലേക്ക് വീഴുന്നത് കണ്ടത് എന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. ഇത് പ്രകാരം പുഴയുടെ അരികില്‍ തന്നെ ലോറി ഉണ്ടാവാമെന്ന് ഇയാള്‍ സാക്ഷ്യപ്പെടുത്തുന്നു. അപകട സമയത്ത് കുന്നിന്റെ മുകളിലുണ്ടായിരുന്ന ഹൈ ടെന്‍ഷന്‍ ഇലക്ട്രിക് പോസ്റ്റും പൊട്ടി താഴേക്കു വന്നു.
'ഈ ലൈന്‍ പുഴയിലേക്ക് വീണ ഉടനെ വെള്ളം പെട്ടെന്ന് സുനാമി പോലെ ഉയര്‍ന്ന് കരയിലേക്ക് ഇരച്ച് കയറുകയായിരുന്നു. ഇത് ഇവിടത്തെ വീടുകളെല്ലാം തകര്‍ത്തു. കരയിലെ തെങ്ങുകളും നശിച്ചു. തീരത്തുണ്ടായിരുന്ന നാല് കുട്ടികള്‍ ഓടി രക്ഷപ്പെട്ടെങ്കിലും പരിക്കേറ്റു. പിന്നീട് കുറെ മത്സ്യങ്ങളെ ചത്ത നിലയില്‍ കണ്ടെത്തി,' നാഗേഷ് പറയുന്നു. ലോറിയുടെ പിന്‍ഭാഗവും തടികളും മാത്രമാണ് കണ്ടത് എന്നാണ് നാഗേഷ് പറയുന്നത്.
മുന്‍ഭാഗം കുന്നിന്റെ ഭാഗത്തേക്കായിരുന്നതിനാല്‍ ലോറിയുടെ നിറം ഏതാണെന്ന് മനസിലായില്ല. അര്‍ജുന് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം നിര്‍ണായക ഘട്ടത്തിലെത്തി എന്ന് അധികൃതര്‍ വിശദീകരിക്കുന്നതിനിടെയാണ് ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തല്‍. നേരത്തെ മണ്ണിടിച്ചിലിന് പിന്നാലെ ഗംഗാവലി പുഴയില്‍ ഉഗ്രസ്‌ഫോടനും ഭൂമികുലുക്കവും ഉണ്ടായി എന്ന് പ്രദേശവാസികളും പറഞ്ഞിരുന്നു.
നാഗേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഹൈ ടെന്‍ഷന്‍ ലൈന്‍ പൊട്ടിവീണതാണോ റോഡിലെ എല്‍പിജി ടാങ്കര്‍ ലോറി നദിയിലേക്ക് വീണപ്പോള്‍ ടാങ്കര്‍ പൊട്ടിത്തെറിച്ചതാണോ പുഴയില്‍ സ്‌ഫോടനത്തിന് കാരണമായത് എന്നതില്‍ കൂടുതല്‍ പരിശോധന വേണ്ടി വരും. അതേസമയം അര്‍ജുനെ കണ്ടെത്താനായി അത്യാധുനിക സംവിധാനങ്ങളുള്ള ലോംഗ് ബൂം എസ്‌കവേറ്റര്‍ ഷിരൂരില്‍ എത്തിച്ചിട്ടുണ്ട്.
ഇത് 12.45 ഓടെ മണ്ണെടുപ്പ് ആരംഭിച്ചിട്ടുണ്ട്. 60 അടി ആഴത്തില്‍ വരെ പോകാന്‍ സാധിക്കുന്ന യന്ത്രക്കൈ ഉള്ള ബൂം ഉപയോഗിച്ചുള്ള പരിശോധനയില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് രക്ഷാപ്രവര്‍ത്തകര്‍. ഇന്നലെ റഡാര്‍ പരിശോനയിലും സോണാര്‍ പരിശോധനയിലും ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ വലിയ വസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇവിടം കേന്ദ്രീകരിച്ചാണ് ലോംഗ് ബൂം എസ്‌കവേറ്റര്‍ പരിശോധന നടത്തുന്നത്
അതേസമയം രാവിലെ മുതല്‍ നാവികസേന പുഴയില്‍ പരിശോധന നടത്തുന്നുണ്ട്. എന്‍ഡിആര്‍എഫ് സംഘം മലക്ക് മുകളിലും പരിശോധന നടത്തുന്നുണ്ട്. ജൂലൈ 16 ന് രാവിലെ 8.30ന് ആണ് ഷിരൂരില്‍ കുന്നിടിഞ്ഞ് റോഡിലേക്കും ഗംഗാവലിപ്പുഴയിലേക്കുമായി വീണ് അപകടമുണ്ടായത്.












Click it and Unblock the Notifications