രക്ഷാദൗത്യം അനിശ്ചിതത്വത്തില്‍; ഡ്രഡ്ജര്‍ എത്തിക്കാമെന്ന് കേരളം, പരിശോധിച്ചിട്ട് മതിയെന്ന് കര്‍ണാടക
മംഗലാപുരം: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ വീണ്ടും അനിശ്ചിതത്വം. കാലാവസ്ഥ പ്രതികൂലമാണ് എന്ന വാദത്തില്‍ കര്‍ണാടക ഉറച്ച് നില്‍ക്കുമ്പോള്‍ സാധ്യമായ എല്ലാ വഴികിലൂടെയും രക്ഷാപ്രവര്‍ത്തനം തുടരണം എന്നാണ് കേരളത്തിന്റെ ആവശ്യം. ഇന്ന് 6.30 ന് നടന്ന ഉന്നതതലയോഗത്തില്‍ ഇത് സംബന്ധിച്ച വ്യക്തത കൈവന്നിട്ടില്ല എന്നാണ് വിവരം.
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോട് കേരള മുഖ്യമന്ത്രി പിണറായി വിജന്‍ ഫോണില്‍ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ രക്ഷാപ്രവര്‍ത്തനം തുടരാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഷിരൂര്‍ രക്ഷാദൗത്യത്തില്‍ അനിശ്ചിതത്വം ഉണ്ട് എന്ന തരത്തിലാണ് എംഎല്‍എ വിജിന്‍ യോഗത്തിന് ശേഷം പ്രതികരിച്ചത്. ഡ്രഡ്ജിംഗ് യന്ത്രം തൃശൂരില്‍ നിന്ന് 24 മണിക്കൂറിനകം എത്തിക്കാമെന്ന് പറഞ്ഞതായി വിജിന്‍ പറഞ്ഞു.

ഡ്രഡ്ജര്‍ ഉപയോഗിച്ച് ചെളിയും മണ്ണും നീക്കി ലോറി കണ്ടെത്താനുള്ള ശ്രമം തുടരണം എന്നാണ് കേരളത്തിന്റെ ആവശ്യം. എന്നാല്‍ പ്രായോഗിക പരിശോധന്ക്ക് ശേഷം മാത്രം എത്തിച്ചാല്‍ മതി എന്നായിരുന്നു കര്‍ണാടകയുടെ നിലപാട്. കാലാവസ്ഥ അനുകൂലമെങ്കില്‍ തിരച്ചിലുണ്ടാകും എന്നും നദിയിലെ ഒഴുക്ക് കുറഞ്ഞാല്‍ മാത്രം നാളെ പരിശോധന നടത്തും എന്നും കര്‍വാര്‍ എംഎല്‍എ സതീഷ് സെയ്ല്‍ വ്യക്തമാക്കി.
തുടര്‍നടപടികള്‍ ഉന്നതതലയോഗം ചര്‍ച്ച ചെയ്തു. നേരത്തെ അര്‍ജുനടക്കം കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ താല്‍ക്കാലികമായി അവസാനിപ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ബന്ധപ്പെട്ടിരുന്നു. ആവശ്യമായ എല്ലാ ഉപകരണങ്ങളും ഉപയോഗിച്ച് അര്‍ജുന്‍ രക്ഷാദൗത്യവുമായി മുന്നോട്ട് പോകണമെന്ന് സിദ്ധരാമയ്യയ്ക്ക് അയച്ച കത്തില്‍ പിണറായി ആവശ്യപ്പെട്ടിരുന്നു.
അതേസമയം മുഖ്യമന്ത്രിമാര്‍ സംസാരിച്ചെന്നും ദൗത്യം അടുത്ത ഘട്ടത്തിലേക്ക് കടക്കും എന്നും സതീഷ് സെയ്ല്‍ യോഗത്തിന് ശേഷം വ്യക്തമാക്കി. ഉന്നതതലയോഗത്തില്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തു എന്നും എല്ലാ സാധ്യതകളും തേടുമെന്നും സതീഷ് സെയ്ല്‍ പറഞ്ഞു. കേരളത്തിലേയും കര്‍ണാടകയിലേയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. തിരച്ചില്‍ തുടരണമെന്ന് കേരളത്തില്‍ നിന്നുള്ള എംഎല്‍എമാര്‍ ആവശ്യപ്പെടുകയായിരുന്നു.
നേരത്തെ തിരച്ചില്‍ അവസാനിപ്പിക്കാനുള്ള നീക്കത്തിനെതിരെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും കേരളത്തിലെ എംഎല്‍എമാരും രംഗത്തെത്തിയിരുന്നു. തിരച്ചില്‍ നിര്‍ത്താനുള്ള ദൗത്യസംഘത്തിന്റെ തീരുമാനം അപ്രതീക്ഷിതവും ദൗര്‍ഭാഗ്യകരവും ആണ് എന്നായിരുന്നു റിയാസ് പറഞ്ഞിരുന്നത്. എന്നാല്‍ തിരച്ചില്‍ ദുഷ്‌കരമായിരുന്നു എന്നും അടിയൊഴുക്ക് കാരണം പുഴയില്‍ ഇറങ്ങാനാകില്ല എന്നുമായിരുന്നു കര്‍ണാടക അറിയിച്ചത്.












Click it and Unblock the Notifications