മഹാരാഷ്ട്രയില്‍ 48 മണിക്കൂര്‍ കാത്തിരിപ്പ്; അറ്റകൈ നീക്കത്തിന് ശിവസേന,ഉദ്ധവ് രാജിവച്ച് വീണ്ടുമെത്തും
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് നിയമനിര്‍മാണ സഭയിലെത്താനുള്ള വഴികള്‍ അടഞ്ഞ സാഹചര്യത്തില്‍ കടുത്ത തീരുമാനത്തിന് ശിവസേന നേതൃത്വം. ഉദ്ധവ് താക്കറെ കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തിയിരുന്നു. മോദിയുടെ നിര്‍ദേശ പ്രകാരം ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരി കടുംപിടിത്തം ഒഴിവാക്കുമോ എന്നാണ് ശിവസേന ഉറ്റുനോക്കുന്നത്.
രണ്ട് ദിവസം കാത്തിരുന്ന ശേഷം തുടര്‍ നടപടി സ്വീകരിക്കാമെന്നാണ് ശിവസേനയുടെ തീരുമാനം. ഇല്ലെങ്കില്‍ ഉദ്ധവ് താക്കറെ രാജിവയ്ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പാര്‍ട്ടി പരിശോധിക്കും. ശിവസേന എടുക്കുന്ന തീരുമാനത്തിന് പിന്തുണ നല്‍കുമെന്നാണ് ഭരണസഖ്യത്തിലെ എന്‍സിപിയും കോണ്‍ഗ്രസും വ്യക്തമാക്കിയിരിക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്നുള്ള പുതിയ വിവരങ്ങള്‍ ഇങ്ങനെ....

മൂന്ന് മാര്‍ഗങ്ങള്‍
ഉദ്ധവ് താക്കറെയുടെ മുഖ്യമന്ത്രി പദവി സംരക്ഷിക്കാന്‍ ശിവസേനക്ക് മുമ്പില്‍ മൂന്ന് മാര്‍ഗങ്ങളാണുള്ളത്. ആദ്യത്തെ രണ്ടു മാര്‍ഗങ്ങള്‍ പരാജയപ്പെട്ടാല്‍ മാത്രമേ മൂന്നാമത്തെ കാര്യം ആലോചിക്കൂ എന്നാണ് പാര്‍ട്ടി നേതാക്കള്‍ നല്‍കുന്ന സൂചന. മോദി-ഉദ്ധവ് ഫോണ്‍ ചര്‍ച്ചയില്‍ ഫലമുണ്ടോ എന്നറിയാനുള്ള കാത്തിരിപ്പിലാണിപ്പോള്‍.

സന്ദേശം എത്തും
ദില്ലിയില്‍ നിന്ന് മഹാരാഷ്ട്ര രാജ്ഭവനിലേക്ക് ചില സന്ദേശങ്ങള്‍ എത്തുമെന്ന പ്രതീക്ഷ ശിവസേന കൈവിട്ടിട്ടില്ല. ഇതിന് വേണ്ടിയാണ് 48 മണിക്കൂര്‍ കാത്തിരിപ്പ്. അതുണ്ടായില്ലെങ്കില്‍ ശിവസേന മറ്റു വഴികള്‍ ആരായും. എന്തുവന്നാലും ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രി പദവിയില്‍ നിലനിര്‍ത്തുമെന്നാണ് നേതാക്കള്‍ പറയുന്നത്.

രണ്ടു വഴികള്‍ ഇതാണ്
ആദ്യം രണ്ടു വഴികള്‍ ആരായാനാണ് ശിവസേനയുടെ തീരുമാനം. നിയമസഭാ കൗണ്‍സിലേക്കുള്ള തിരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയക്കുകയാണ് ഒന്ന്. അല്ലെങ്കില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ കമ്മീഷന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയാണ് രണ്ടാമത്തേത്.

മൂന്നാമത്തെ വഴി
ഈ രണ്ട് മാര്‍ഗങ്ങളും പരാജയപ്പെടുകയും മോദി-ഉദ്ധവ് ഫോണ്‍ ചര്‍ച്ചയില്‍ ഗുണമില്ലാതിരിക്കുകയും ചെയ്താല്‍ മാത്രം ഉദ്ധവ് താക്കറെ രാജിവയ്ക്കുന്നത് സംബന്ധിച്ച് ആലോചിക്കും. രാജിവച്ച ശേഷം വീണ്ടും അദ്ദേഹത്തെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കാനാണ് ശിവസേനയുടെ നീക്കം. തുടര്‍ന്ന് വീണ്ടും ആറ് മാസത്തെ സമയം ലഭിക്കുകയും ചെയ്യും.

മെയ് 28 വരെ
നവംബര്‍ 28നാണ് ഉദ്ധവ് താക്കറെ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായത്. മഹാരാഷ്ട്ര നിയമ നിര്‍മാണ സഭയുടെ രണ്ടു സഭകളിലും ഉദ്ധവ് താക്കറെ അംഗമല്ല. ആറ് മാസത്തിനകം തിരഞ്ഞെടുത്താല്‍ മതിയെന്നാണ് നിയമം. ഇതുപ്രകാരം മെയ് 28 വരെ സമയമുണ്ട്. പക്ഷേ തിരഞ്ഞെടുപ്പുകള്‍ നടക്കാന്‍ സാധ്യതയില്ലാത്തതാണ് ഉദ്ധവിന് പ്രതിസന്ധിയായത്.

മന്ത്രിസഭ രണ്ടുതവണ ആവശ്യപ്പെട്ടു
മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ നിയമസഭാ സമിതിയിലേക്ക് നാമനിര്‍ദേശം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര മന്ത്രിസഭ ഗവര്‍ണര്‍ക്ക് ശുപാര്‍ശ കത്തയച്ചു. രണ്ട തവണയാണ് ഈ വിഷയത്തില്‍ മന്ത്രിസഭ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തത്. ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരി മുമ്പ് ശുപാര്‍ശ പരിഗണിച്ചിരുന്നില്ല. പുതിയ ശുപാര്‍ശനും പരിഗണിക്കില്ലെന്ന് ശിവസേന കരുതുന്നു.

തിരിച്ചടി നേരിട്ടത് ഇങ്ങനെ
കൊറോണ വ്യാപന പശ്ചാത്തലത്തില്‍ എല്ലാ തിരഞ്ഞെടുപ്പുകളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റിവച്ചിരിക്കുകയാണ്. ഇവിടെയാണ് ഉദ്ധവ് താക്കറെക്ക് തിരിച്ചടി നേരിട്ടത്. മെയ് 28നകം അദ്ദേഹം സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കില്‍ രാജിവയ്‌ക്കേണ്ടി വരും. ഇതാണ് നിയമം. പക്ഷേ ഗവര്‍ണര്‍ക്ക് പ്രത്യേക അധികാരമുണ്ട്. ഈ അധികാരം ഗവര്‍ണര്‍ ഉപയോഗിക്കണമെന്നാണ് മന്ത്രിസഭയുടെ ആവശ്യം.

ഏറ്റവും ഒടുവില്‍
ഗവര്‍ണര്‍ ബിജെപിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങുമെന്നാണ് മഹാ വികാസ് അഘാഡി സഖ്യം കരുതുന്നത്. അങ്ങനെ വന്നാല്‍ ഉദ്ധവ് താക്കറെ രാജിവയ്ക്കും. ശേഷം ഉദ്ധവിനെ തന്നെ വീണ്ടും മുഖ്യമന്ത്രിയാക്കാനുള്ള വഴികള്‍ ആലോചിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്. ഈ പദ്ധതി ഏറ്റവും ഒടുവില്‍ മാത്രമേ സ്വീകരിക്കൂ എന്നും നേതാക്കള്‍ പറയുന്നു.

സഖ്യം പിരിഞ്ഞവര്‍
ഫഡ്‌നാവിസ് സര്‍ക്കാരിന്റെ കാലത്ത് ശിവസേന ബിജെപിയുടെ സഖ്യകക്ഷിയായിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പദത്തെ ചൊല്ലിയാണ് ശിവസേനയും ബിജെപിയും ഉടക്കിയത്. തുടര്‍ന്ന് ശിവസേന മറുകണ്ടം ചാടി. കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന്റെ പിന്തുണയോടെ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി. ഇപ്പോള്‍ പന്ത് ബിജെപിയുടെയും കേന്ദ്രത്തിന്റെയും ഗവര്‍ണറുടെയും ക്വാര്‍ട്ടിലാണ്.

ചര്‍ച്ചകള്‍ ഇങ്ങനെ
മഹാരാഷ്ട്ര നിയമ നിര്‍മാണ സഭയ്ക്ക് രണ്ട് സഭകളാണുള്ളത്. ഉദ്ധവ് താക്കറെയെ പൊതുതിരഞ്ഞെടുപ്പിലൂടെ സഭയിലെത്തിക്കാനാണ് ശിവസേന ആദ്യം തീരുമാനിച്ചത്. പിന്നീടാണ് നിയമസഭാ കൗണ്‍സിലിലെ ഒഴിവ് ഉപയോഗപ്പെടുത്താമെന്ന് തീരുമുമാനം മാറ്റിയത്. കൗണ്‍സിലിലേക്ക് ഗവര്‍ണര്‍ക്ക് അംഗങ്ങളെ ശുപാര്‍ശ ചെയ്യാം. തിരഞ്ഞെടുപ്പ് നടക്കാത്ത സാഹചര്യത്തില്‍ ഗവര്‍ണര്‍ പ്രത്യേക അധികാരം ഉപയോഗണമെന്നാണ് ശിവസേനയുടെ താല്‍പ്പര്യം.

ആര്‍ട്ടിക്കിള്‍ 171
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 171 പ്രകാരം ഗവര്‍ണര്‍ക്ക് നിയമസഭാ കൗണ്‍സിലിലേക്ക് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാം. സാഹിത്യം, ശാസ്ത്രം, കല, സഹകരണ പ്രസ്ഥാനങ്ങള്‍, സാമൂഹിക സേവനം എന്നീ മേഖലകളില്‍ സംഭാവന ചെയ്തവരെയാണ് ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യാന്‍ സാധിക്കുക. ഇതില്‍ ഏത് ഗണത്തില്‍ ഉദ്ധവ് താക്കറെ വരുമെന്നത് വേറെ കാര്യം. ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യാനുള്ള ക്വാട്ടയില്‍ നിലവില്‍ രണ്ട് ഒഴിവുകളുണ്ട്.












Click it and Unblock the Notifications