
എക്നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു, ഉപമുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്നാവിസ്
മുംബൈ: ശിവസേന വിമത നേതാവ് എക്നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ വെച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി കൂടിയായ ബിജെപി നേതാവ് ദേവേന്ദ്ര ഫട്നാവിസ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. മറ്റ് മന്ത്രിമാര്‍ ആരും തന്നെ സത്യപ്രതിജ്ഞ ചെയ്തിട്ടില്ല.
വൈകിട്ട് 7.30ന് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി ഏക്നാഥ് ഷിന്‍ഡെയ്ക്കും ഫട്നാവിസിനും സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ശിവസേനാ നേതാക്കളായ ബാല്‍ താക്കറെയെയും ആനന്ദ് ദിഗെയേയും സത്യപ്രതിജ്ഞാ വേദിയില്‍ ഷിന്‍ഡെ അനുസ്മരിച്ചു. സംസ്ഥാനത്തിന്റെ വികസനത്തിനാണ് താന്‍ പ്രഥമ പരിഗണന നല്‍കുന്നത്, സമൂഹത്തിലെ എല്ലാ വിഭാഗത്തെയും പരിഗണിക്കും, സത്യപ്രതിജ്ഞയ്ക്ക് ശേഷം ഷിന്‍ഡെ പറഞ്ഞു.
ഓട്ടോക്കാരനില്‍ നിന്ന് മുഖ്യമന്ത്രിപദത്തിലേക്ക്; ഉദ്ധവിനെ പോലും തറപറ്റിച്ച ഏക്നാഥ് ഷിന്‍ഡെ ആരാണ്?
ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചതോടെ ഫട്നാവിസ് മുഖ്യമന്ത്രിയായും ഷിന്‍ഡെ ഉപമുഖ്യമന്ത്രിയായും പുതിയ സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ അധികാരത്തില്‍ വരുമെന്നായിരുന്നു എല്ലാവരുടേയും കണക്ക് കൂട്ടല്‍. എന്നാല്‍ വൈകിട്ടോടെ ഷിന്‍ഡെ മുഖ്യമന്ത്രിയാകുമെന്ന് ഫട്നാവിസ് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. താന്‍ മന്ത്രിസഭയില്‍ ഉണ്ടാകില്ലെന്നും ഫട്നാവിസ് വ്യക്തമാക്കി. എന്നാല്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലോടെയാണ് ഫട്നാവിസ് ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തിരിക്കുന്നത്.
ഫട്നാവിസിന്റെ പത്ര സമ്മേളനം കഴിഞ്ഞ് ഒരു മണിക്കൂറിനകം തന്നെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ പ്രതികരണം വന്നു. ഫട്നാവിസ് ഉപമുഖ്യമന്ത്രിയാകണം എന്നാണ് പാര്‍ട്ടി നേതൃത്വം കരുതുന്നത് എന്നാണ് നദ്ദ വ്യക്തമാക്കിയത്.