പള്ളികളിലെ ഉച്ചഭാഷിണി നീക്കണമെന്ന് രാജ്താക്കറെ; തിരിച്ചടിച്ച് ശിവസേന, ഇവിടെ നിയമമുണ്ട്
മുംബൈ; മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണി എടുത്തുമാറ്റണമെന്ന മഹാരാഷ്ട്ര നവനിര്‍മാണ സേന നേതാവ് രാജ് താക്കറെയുടെ വിദ്വേഷ പ്രസ്താവനയ്ക്ക് ശിവസേനയുടെ മറുപടി. ഇവിടെ ഒരു നിയമമുണ്ടെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ആഭ്യന്തര മന്ത്രി വളരെ കൃത്യമായി ക്രമസമാധാന പാലനം ചെയ്യുന്നുണ്ട്. നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന ഒരു സംസ്ഥാനമാണ് മഹാരാഷ്ട്ര എന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
ശനിയാഴ്ച രാജ്താക്കറെ വിവാദ പ്രസ്താവന നടത്തിയത്. മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണികള്‍ എടുത്തു നീക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അല്ലെങ്കില്‍ പള്ളികള്‍ക്ക് മുമ്പില്‍ ഹനുമാന്‍ ചാലിസ നടത്തുമെന്നും അദ്ദേഹം ഭീഷണി മുഴക്കിയിരുന്നു. മുംബൈയില്‍ എംഎന്‍എസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയായിരുന്നു രാജ് താക്കറെയുടെ പ്രതികരണം. ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ രാജ് താക്കറെ ശ്രമിക്കുന്നുവെന്ന് മഹാ അഗാഡി സഖ്യസര്‍ക്കാരിലെ നേതാക്കള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് രാജ് താക്കറെയുടെ വിവാദ പ്രസ്താവന.

ഞാന്‍ പ്രാര്‍ഥനയ്ക്ക് എതിരല്ല. നിങ്ങള്‍ക്ക് വീട്ടില്‍ പ്രാര്‍ഥിക്കാം. പള്ളികളിലെ ഉച്ചഭാഷിണികള്‍ സര്‍ക്കാര്‍ എടുത്തുമാറ്റണം. ഇതൊരു താക്കീതാണ്. ഉച്ചഭാഷിണി നീക്കിയില്ലെങ്കില്‍ പള്ളിക്ക് മുമ്പില്‍ ഉച്ചഭാഷിണി സ്ഥാപിച്ച് ഹനുമാന്‍ ചാലിസ നടത്തുമെന്നും രാജ് താക്കറെ പറഞ്ഞു. മുസ്ലിം സ്വാധീന മേഖലയിലെ പള്ളികളില്‍ റെയ്ഡ് നടത്തണമെന്ന് രാജ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. അവിടെ പാകിസ്താനെ പിന്തുണയ്ക്കുന്നവരുണ്ടെന്നും രാജ് താക്കറെ ആരോപിച്ചു. മഹാരാഷ്ട്രയില്‍ ജാതി രാഷ്ട്രീയം വളരാന്‍ കാരണം എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറാണ്. എന്‍സിപി രൂപീകരിച്ച 1999ന് ശേഷമാണ് ജാതി രാഷ്ട്രീയം വളര്‍ന്നതെന്നും രാജ് താക്കറെ പറഞ്ഞു.
ആദ്യം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബാങ്ക് വിളിക്കുന്നത് നിര്‍ത്തൂ. പള്ളികളില്‍ നിന്ന് ലൗഡ് സ്പീക്കര്‍ എടുത്തുമാറ്റൂ എന്നിട്ട് മതി മഹാരാഷ്ട്രയില്‍ സംസാരിക്കാന്‍. ഇത് മഹാരാഷ്ട്രയാണ്. ഇവിടെ കൃത്യമായ നിയമം പാലിക്കുന്നുണ്ടെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. രാജ്താക്കറെയുടെ വിവാദ പ്രസ്താവനയില്‍ പ്രതികരണം ചോദിച്ചപ്പോഴാണ് സഞ്ജയ് റാവത്ത് മറുപടി പറഞ്ഞത്.
ഇവിടെ ഒരു ആഭ്യന്തര മന്ത്രിയുണ്ട്. അദ്ദേഹം കൃത്യമായി ജോലി ചെയ്യുന്നുണ്ടെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. എന്‍സിപിക്കെതിരായ രാജ് താക്കറെയുടെ പ്രസ്താവന ശരദ് പവാര്‍ തള്ളി. രാജ് താക്കറെയ്ക്ക് വ്യക്തമായ നിലപാടില്ലെന്ന് പവാര്‍ പറഞ്ഞു. ഏതെങ്കിലും ഒരു വിഷയത്തില്‍ വ്യക്തമായ നിലപാട് രാജ് താക്കറെക്കുണ്ടോ. ഒരു വിഷയത്തില്‍ മാസങ്ങള്‍ക്കിടെ വ്യത്യസ്തമായ നിലപാടാണ് രാജ് താക്കറെ സ്വീകരിക്കുന്നതെന്നും പവാര്‍ പ്രതികരിച്ചു.












Click it and Unblock the Notifications