കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫട്‌നാവിസുമായി കൂടിക്കാഴ്ച നടത്തി ശിവസേനയുടെ സഞ്ജയ് റാവുത്ത്, കോണ്‍ഗ്രസിനും എന്‍സിപിക്കും ആശങ്ക

Google Oneindia Malayalam News

മുംബൈ: രൂക്ഷമായ കൊവിഡ് വ്യാപനവും ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളും മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സര്‍ക്കാരിനെ വന്‍ പ്രതിസന്ധിയിലേക്കാണ് തളളിയിട്ടിരിക്കുന്നത്. അതിനിടെ സര്‍ക്കാരിലെ സഖ്യകക്ഷികളായ കോണ്‍ഗ്രസിനെയും എന്‍സിപിയേയും ആശങ്കയിലാക്കിയിരിക്കുകയാണ് ദേവേന്ദ്ര ഫട്‌നാവിസും സഞ്ജയ് റാവുത്തും തമ്മിലുളള കൂടിക്കാഴ്ച.

ബിജെപി ബന്ധം ഉപേക്ഷിച്ച് സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിനും എന്‍സിപിക്കും കൈ കൊടുത്തത്താണ് ശിവസേന. നിലവിലെ സാഹചര്യത്തില്‍ ശിവസേന ഒരു പുനര്‍ചിന്തയ്ക്ക് ഒരുങ്ങുകയാണോ എന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

അമിത് ഷാ വാക്ക് പാലിച്ചില്ല

അമിത് ഷാ വാക്ക് പാലിച്ചില്ല

മഹാരാഷ്ട്രയില്‍ ഒരുമിച്ച് മത്സരിച്ച് തിരഞ്ഞെടുപ്പ് ജയിച്ചതിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുളള തര്‍ക്കമാണ് ശിവസേനയും ബിജെപിയും തമ്മിലുളള ബന്ധം പിളരാന്‍ കാരണമായത്. തിരഞ്ഞെടുപ്പ് ജയിച്ചാല്‍ ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കാം എന്ന് അമിത് ഷാ നല്‍കിയ വാക്ക് പാലിക്കാന്‍ തയ്യാറായില്ല എന്നാണ് ശിവസേന ആരോപണം ഉന്നയിച്ചത്.

തുടക്കം മുതല്‍ തന്നെ അസ്വാരസ്യങ്ങള്‍

തുടക്കം മുതല്‍ തന്നെ അസ്വാരസ്യങ്ങള്‍

അവസരം മുതലാക്കിയ കോണ്‍ഗ്രസും എന്‍സിപിയും മുഖ്യമന്ത്രി സ്ഥാനം ഉദ്ധവിന് താലത്തില്‍ വെച്ച് നീട്ടി. അതോടെ ചരിത്രത്തില്‍ ആദ്യമായി ശിവസേനയുമായി ചേര്‍ന്ന് കോണ്‍ഗ്രസും എന്‍സിപിയും മഹാ വികാസ് അഖാഡി എന്ന പേരില്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാരുമുണ്ടാക്കി. എന്നാല്‍ ആശയപരമായി തികച്ചും വ്യത്യസ്ത ചേരികളില്‍ നില്‍ക്കുന്ന പാര്‍ട്ടികള്‍ എന്ന നിലയില്‍ തുടക്കം മുതല്‍ തന്നെ അസ്വാരസ്യങ്ങള്‍ സര്‍ക്കാരില്‍ നിലനിന്നിരുന്നു.

സർക്കാർ പ്രതിസന്ധിയിൽ

സർക്കാർ പ്രതിസന്ധിയിൽ

അതിനിടെ ശത്രുത മറന്ന് ശിവസേനയുമായി യോജിക്കാന്‍ തയ്യാറാണെന്ന് ബിജെപി പലകുറി സൂചനകളും നല്‍കി. നിലവില്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ വലിയ പ്രതിസന്ധികളെ ആണ് നേരിട്ട് കൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായത് സര്‍ക്കാരിനെതിരെ ആയുധമാക്കുകയാണ് ബിജെപി. മാത്രമല്ല സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നു.

പഞ്ചനക്ഷത്ര ഹോട്ടലില്‍ കൂടിക്കാഴ്ച

പഞ്ചനക്ഷത്ര ഹോട്ടലില്‍ കൂടിക്കാഴ്ച

ഉദ്ധവ് താക്കറെയുടെ മകനും മന്ത്രിയുമായ ആദിത്യ താക്കറെയുടെ പേരാണ് എതിരാളികള്‍ സുശാന്തിന്റെ മരണത്തോട് ബന്ധപ്പെടുത്തുന്നത്. ഈ ഒരു പ്രതിസന്ധി ഘട്ടത്തിലാണ് ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയും ആയ ദേവേന്ദ്ര ഫട്‌നാവിസുമായി ശിവസേന നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവുത്തിന്റെ കൂടിക്കാഴ്ച. മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

അഭിമുഖത്തിന് വേണ്ടിയെന്ന്

അഭിമുഖത്തിന് വേണ്ടിയെന്ന്

എന്നാല്‍ ഈ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ല എന്നാണ് ബിജെപി പ്രതികരണം. രാഷ്ട്രീയ വിഷയങ്ങളൊന്നും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ആയില്ലെന്നും നേതാക്കള്‍ പറയുന്നു. ശിവസേനയുടെ മുഖപത്രമായ സാമ്‌നയുടെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ കൂടിയാണ് സഞ്ജയ് റാവുത്ത്. സാമ്‌നയിലേക്ക് ഫട്‌നാവിസിന്റെ അഭിമുഖത്തിന് വേണ്ടിയായിരുന്നു കൂടിക്കാഴ്ചയെന്ന് ബിജെപി നേതാക്കള്‍ പറയുന്നു.

 ബീഹാര്‍ തിരഞ്ഞെടുപ്പിന് ശേഷം

ബീഹാര്‍ തിരഞ്ഞെടുപ്പിന് ശേഷം

ഫട്‌നാവിസും റാവുത്തും തമ്മില്‍ മുംബൈയിലെ ഹോട്ടലില്‍ വെച്ച് കൂടിക്കാഴ്ച നടത്തി എന്നത് സത്യമാണെന്ന് ബിജെപി നേതാവ് പ്രവീണ്‍ ധരേക്കര്‍ പറയുന്നു. സാമ്‌നയിലേക്ക് ഫട്‌നാവിസിന്റെ അഭിമുഖം വേണമെന്ന് റാവുത്ത് ആവശ്യപ്പെട്ടിരുന്നു. ബീഹാര്‍ തിരഞ്ഞെടുപ്പിന് ശേഷം അഭിമുഖം തരാമെന്നും അത് എഡിറ്റ് ചെയ്യാതെ കൊടുക്കണം എന്നും ഫട്‌നാവിസ് പറഞ്ഞതായും ബിജെപി നേതാവ് വ്യക്തമാക്കുന്നു.

രാഷ്ട്രീയ കൂടിക്കാഴ്ച അല്ല

രാഷ്ട്രീയ കൂടിക്കാഴ്ച അല്ല

അതല്ലാതെ ഈ കൂടിക്കാഴ്ചയ്ക്ക് യാതൊരു രാഷ്ട്രീയ മാനങ്ങളും ഇല്ലെന്നും പ്രവീണ്‍ ധരേക്കര്‍ പറയുന്നു. ബിജെപിയുടെ ഒരു സംഘവും ഈ അഭിമുഖം റെക്കോര്‍ഡ് ചെയ്യും എന്നും ഫട്‌നാവിസ് പറഞ്ഞതായും ധരേക്കര്‍ വ്യക്തമാക്കി. സഞ്ജയ് റാവുത്തും കൂടിക്കാഴ്ച സംബന്ധിച്ച് വിശദീകരണവുമായി രംഗത്ത് വന്നിട്ടുണ്ട്. രാഷ്ട്രീയ കൂടിക്കാഴ്ച അല്ലെന്നാണ് ശിവസേന നേതാവും വാദിക്കുന്നത്.

തങ്ങൾ ശത്രുക്കളല്ല

തങ്ങൾ ശത്രുക്കളല്ല

മുന്‍ മുഖ്യമന്ത്രിയും നിയമസഭയിലെ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവും ആയ ഫട്‌നാവിസിനെ കാണുന്നത് ഒരു കുറ്റകൃത്യമാണോ എന്നും റാവുത്ത് ചോദിക്കുന്നു. ആശയ വ്യത്യാസങ്ങളുണ്ടെങ്കിലും തങ്ങൾ ശത്രുക്കളല്ല, ഉദ്ധവ് താക്കറെയ്ക്ക് കൂടിക്കാഴ്ചയെ കുറിച്ച് അറിയാം. ശരത് പവാറുമായി അഭിമുഖം നടത്തിയപ്പോള്‍ തന്നെ, അടുത്തത് ദേവേന്ദ്ര ഫട്‌നാവിസ്, രാഹുല്‍ ഗാന്ധി, അമിത് ഷാ എന്നിവരുമായി അഭിമുഖം നടത്തുമെന്ന് താന്‍ പറഞ്ഞിരുന്നതാണ് എന്നും സഞ്ജയ് റാവുത്ത് വിശദീകരിക്കുന്നു.

കോണ്‍ഗ്രസിലും എന്‍സിപിയിലും ആശങ്ക

കോണ്‍ഗ്രസിലും എന്‍സിപിയിലും ആശങ്ക

രണ്ട് മണിക്കൂറോളമാണ് ഇരുനേതാക്കളും തമ്മിലുളള കൂടിക്കാഴ്ച നീണ്ടത്. ഇത് കോണ്‍ഗ്രസിലും എന്‍സിപിയിലും ആശങ്കയുണ്ടാക്കിയിരിക്കുകയാണ്. ഒരു അഭിമുഖത്തിന് വേണ്ടി മാത്രം രണ്ട് മണിക്കൂര്‍ കൂടിക്കാഴ്ച നടത്തില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് കോണ്‍ഗ്രസിനും എന്‍സിപിക്കും ശിവസേന നല്‍കുന്ന ഒരു മുന്നറിയിപ്പാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.

ശിവസേന നൽകുന്ന സന്ദേശം

ശിവസേന നൽകുന്ന സന്ദേശം

ബിജെപിയുമായി തങ്ങള്‍ക്ക് ഇപ്പോഴും നല്ല ബന്ധം തന്നെയാണ് എന്നാണ് ശിവസേന സഖ്യകക്ഷികള്‍ക്ക് നല്‍കുന്ന ആ സന്ദേശം. രാഷ്ട്രീയത്തില്‍ എന്തും സംഭവിക്കാം എന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം ബിജെപിയുടെ പ്രവീണ്‍ ധരേക്കര്‍ പ്രതികരിച്ചത്. ഇത്തരത്തിലുളള കൂടിക്കാഴ്ചകള്‍ ഇനിയുമുണ്ടാകും എന്ന് കേന്ദ്ര മന്ത്രി റാവുസാഹേബ് ധന്‍വേ പ്രതികരിച്ചതും കൃത്യമായ രാഷ്ട്രീയ സൂചനകളാണ് മുന്നോട്ട് വെയ്ക്കുന്നതെന്ന് വ്യക്തം.
കൂടിക്കാഴ്ച നടത്തി ശിവസേനയുടെ സഞ്ജയ് റാവുത്ത്, കോണ്‍ഗ്രസും എന്‍സിപിയും ആശങ്കയില്‍

English summary
Shiv Sena's Sanjay Raut met Devendra Fadnavis at Mumbai hotel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X