വർളിയിലെ പോരാണ് പോര്: ആദിത്യ താക്കറയെ പൂട്ടാന്‍ മിലിന്ദ് ദേവ്റയെ പാർലമെന്റില്‍ നിന്നും ഇറക്കി ശിവസേന
മുംബൈ: മഹാ വികാസ് അഘാഡി, മഹായുതി സഖ്യത്തിലെ കക്ഷികള്‍ കൂടുതല്‍ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതോടെ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിലെ ചിത്രം വ്യക്തമായി തെളിഞ്ഞ് വരികയാണ്. എല്ലാ പാർട്ടികളും തങ്ങളുടെ സ്ഥാനാർത്ഥി പ്രഖ്യാപനം ഏകദേശം പൂർത്തിയാക്കി. തർക്കം നിലനില്‍ക്കുന്നതിനാല്‍ മഹാ വികാസ് അഘാഡി സഖ്യത്തില്‍ ഏതാനും സീറ്റുകളില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. മറുവശത്ത് ശിവസേനയും ബി ജെ പിയും നയിക്കുന്ന മഹായുതി തങ്ങളുടെ സ്ഥാനാർത്ഥി പ്രഖ്യാപനം ഏകദേശം പൂർത്തിയാക്കി.
മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേന ഞായറാഴ്ച വൈകുന്നേരം 20 സ്ഥാനാർത്ഥികളുടെ പട്ടിക കൂടി പുറത്ത് വിട്ടു. വർളി മണ്ഡലത്തില്‍ ആദിത്യ താക്കറയ്ക്കെതിരെ പാർട്ടിയുടെയുടെ എംപിയായ മിലിന്ദ് ദേവ്റയെ ശിവസേന രംഗത്ത് ഇറക്കിയിരിക്കുന്ന എന്നതാണ് ശ്രദ്ധേയം. കോണ്‍ഗ്രസ് നേതാവായിരുന്നു മിലിന്ദ് ദേവ്റ രണ്ട് തവണ ലോക്സഭാംഗവും രണ്ടാം നരേന്ദ്ര മോദി സർക്കാറില്‍ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പില്‍ സഹമന്ത്രിയുമായിരുന്നു.

ഈ വർഷം ആദ്യമാണ് മിലിന്ദ് ദേവ്റ കോണ്‍ഗ്രസ് വിട്ട് ശിവസേനയില്‍ ചേരുന്നത്. പിന്നാലെ അദ്ദേഹത്തെ പാർട്ടി രാജ്യസഭയിലേക്ക് മത്സരപ്പിക്കുകയുമായിരുന്നു. ആദിത്യ താക്കറയ്ക്കെതിരെ മത്സരിക്കാന്‍ മിലിന്ദ് എത്തുന്നതോടെ വർളിയുടെ പോരാട്ടത്തിന്റെ ചൂടേറും. 2019 ല്‍ അതായത്, ശിവസേനയിലെ പിളർപ്പിന് മുമ്പ് നടന്ന തിരഞ്ഞെടുപ്പില്‍ 67427 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വർളിയില്‍ ആദിത്യ താക്കറെ വിജയിച്ചത്. ആദിത്യ താക്കറെ 89248 വോട്ട് നേടിയപ്പോള്‍ രണ്ടാം സ്ഥാനത്ത് എത്തിയ എന്‍ സി പിയുടെ സുരേഷിന് നേടാന്‍ സാധിച്ചത് 21821 വോട്ട് മാത്രമായിരുന്നു.
തന്നെ മത്സരപ്പിക്കാനുള്ള തീരുമാനത്തില്‍ പാർട്ടി മേധാവിക്ക് നന്ദി അറിയിക്കുന്നതായി മിലിന്ദ് ദേവ്റ എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെ വ്യക്തമാക്കി. 'മുംബൈയിലെ വോർളിയിൽ നിന്ന് എന്നെ മഹായുതി സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാനുള്ള ശിവസേനയുടെ തീരുമാനത്തെ ഞാന്‍ അംഗീകരിക്കുന്നു. ഓരോ വർലിക്കാരന്റേയും ആഗ്രഹങ്ങള്‍ മനസ്സിലാക്കാനും അവരുടെ ശബ്ദം ഏക്നാഥ് ഷിന്‍ഡെയെ അറിയിക്കാനും ഞാൻ പരമാവധി ശ്രമിക്കും" മിലിന്ദ് ദേവ്റ കുറിച്ചു.
അതോടൊപ്പം തന്നെ ബി ജെ പി ലോക്‌സഭാ അംഗം നാരായൺ റാണെയുടെ മകൻ നിലേഷ് റാണെയും കുടൽ മണ്ഡലത്തിൽ നിന്ന് മത്സരിപ്പിക്കാനും ശിവസേന തീരുമാനിച്ചു. അദ്ദേഹത്തിൻ്റെ ഇളയ സഹോദരനും സിറ്റിംഗ് എം എൽ എയുമായ നിതേഷ് റാണെയെ സിന്ധുദുർഗ് ജില്ലയിലെ കങ്കാവലിയിൽ നിന്ന് മത്സരിപ്പിക്കാന്‍ ബി ജെ പിയും നേരത്തെ തീരുമാനിച്ചിരുന്നു. വാഷിം ജില്ലയിലെ റിസോദിൽ നിന്ന് ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവും മുൻ എംപിയുമായ ഭാവന ഗവാലിയാണ് മത്സരിക്കുന്നത്.












Click it and Unblock the Notifications