മോദി വിദേശങ്ങളില്‍ പോയി ഇന്ത്യയെ നാണം കെടുത്തുന്നെന്ന് ശിവസേന
മുംബൈ: വിദേശ രാജ്യങ്ങളില്‍ നിരന്തരം സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചും വിമര്‍ശിച്ചും ശിവസേന. ശിവസേനയുടെ മുഖപത്രമായ സാമ്‌നയില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് നരേന്ദ്ര മോദിയുടെ വിദേശ സന്ദര്‍ശനത്തെ എന്‍ഡിഎ സഖ്യകക്ഷി കൂടിയായ ശിവസേന രൂക്ഷമായി വിമര്‍ശിക്കുന്നത്.
പ്രധാനമന്ത്രി വിദേശങ്ങളില്‍ നടത്തുന്ന പ്രസംഗം ഇന്ത്യയെ നാണംകെടുത്തുന്ന രീതിയിലുള്ളതാണെന്ന് ലേഖനം പറയുന്നു. ഇന്ത്യയെ നാണം കെടുത്തുന്നത് പ്രധാനമന്ത്രി നിര്‍ത്തണം. ഖത്തറില്‍ നടത്തിയ പ്രസംഗത്തിനിടെ ഇന്ത്യയില്‍ അഴിമതിക്കാരാണെന്ന രീതിയിലുള്ള പ്രസംഗമാണ് പ്രധാനമന്ത്രി നടത്തിയത്. ഇത് രാജ്യത്തിന് കളങ്കമുണ്ടാക്കുന്നതാണ്.

അഴിമതിയില്‍ മുങ്ങിയ ഇന്ത്യയെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി പ്രസംഗിച്ചപ്പോള്‍ ആളുകള്‍ കൈയ്യടിച്ചു. എന്നാല്‍, ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത് നാണക്കേടാണ്. വിദേശങ്ങളില്‍ കറങ്ങി നടക്കാതെ രാജ്യത്തെ കുറ്റാരോപിതര്‍ക്കെതിരെ നടപടിയെടുക്കുകയാണ് വേണ്ടത്. ഗാന്ധി കുടുംബവും റോബര്‍ട്ട് വദ്രയും നടത്തുന്ന അഴിമതികളെപ്പറ്റി പറയുമ്പോള്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അഴിമതിയെക്കുറിച്ച് മിണ്ടുന്നില്ല.
കള്ളപ്പണം തിരിച്ചുകൊണ്ടുവരുമ്പോള്‍ ഓരോ ഇന്ത്യക്കാരന്റെ അക്കൗണ്ടിലും 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന് മോദി പറഞ്ഞിരുന്നു. അത് പാലിക്കാന്‍ പ്രധാനമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. പൊതുമുതല്‍ മോഷ്ടിക്കുന്നത് കുറ്റമായി കാണാത്ത രാജ്യമാണ് ബീഫ്, മട്ടന്‍, ചിക്കന്‍, മുട്ട, മീന്‍ തുടങ്ങിയവ കഴിക്കുന്നത് കുറ്റമായി കാണുന്നതെന്നും ശിവസേന ആഞ്ഞടിച്ചു.












Click it and Unblock the Notifications