ഷര്‍ജീല്‍ ഇമാമിന്‍റെ കൈവെട്ടണം, ഇത്തരം കീടങ്ങളെ അമിത് ഷാ അവസാനിപ്പിക്കണമെന്നും ശിവസേന
മുംബൈ: രാജ്യദ്രോഹ കേസ് ചുമത്തി ജെഎന്‍യു ഗവേഷക വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിനെ അറസ്റ്റ് ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിയ്ക്ക് കൈയ്യടിച്ച് ശിവസേന. മുഖപത്രമായ സാംനയില്‍ എഴുതിയ എഡിറ്റോറിയയിലാണ് ഇമാമിനെതിരായ നടപടിയെ ശിവസേന അനുകൂലിച്ചത്. ഷര്‍ജീല്‍ ഇമാമിനെ പോലുള്ള കീടങ്ങളെ അമിത് ഷാ എത്രയും പെട്ടെന്ന് ഒഴിവാക്കണമെന്നും സാംനയില്‍ പറയുന്നു.
ചിക്കന്‍സ് നെക്ക് (ബംഗാളിലെ 22 കിമി പാത) ഏറ്റെടുത്ത് ഇന്ത്യയെ വിഭജിക്കാനാണ് ഷര്‍ജീല്‍ ഇമാം ശ്രമിച്ചത്. അയാളുടെ കൈകള്‍ വെട്ടിയെടുത്ത് ചിക്കന്‍സ് നെക്ക് ഹൈവേയില്‍ പ്രദര്‍ശിപ്പിക്കണം. ആഭ്യന്തര മന്ത്രി അമിത് ഷാ ഇതുപോലെയുള്ള കീടങ്ങളെ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം. എന്നാല്‍ ഷര്‍ജീലിന്‍റെ പേരില്‍ രാഷ്ട്രീയം കളിക്കാനുള്ള നീക്കത്തില്‍ നിന്ന് അമിത് ഷാ അകലം പാലിക്കണമെന്നും സാംനയില്‍ പറയുന്നു.

രാജവ്യാപകമായി പൗരത്വ നിയമത്തിനെതിരെ നടക്കുന്ന സമാധാനപരമായ പ്രതിഷേധങ്ങളെ ഷര്‍ജീലിന്‍റെ പരാമര്‍ശങ്ങള്‍ മങ്ങലേല്‍പ്പിച്ചു. രാജ്യത്ത് ആകമാനം നടക്കുന്ന പ്രതിഷേധങ്ങളില്‍ ഒരിടത്ത് പോലും ദേശവിരുദ്ധ പരാമര്‍ശങ്ങള്‍ ആരും നടത്തിയിട്ടല്ല. ഷെര്‍ജീല്‍ നടത്തിയ പരാമര്‍ശങ്ങള്‍ പ്രകോപനപരം മാത്രമല്ല മറിച്ച് രാജ്യവിരുദ്ധവുമാണ് , സാംനയില്‍ പറയുന്നു.
ദില്ലി തിരഞ്ഞെടുപ്പിനായി ബിജെപിക്ക് ആയുധങ്ങള്‍ ഒരുക്കികൊടുക്കുകയാണ് ഷര്‍ജീല്‍ ഇമാമിനെ പോലെയുള്ള ആളുകള്‍. രാജ്യത്തിന്‍റെ സാമൂഹികവും മതപരവുമായ ഐക്യം ഏറെകുറേ ഇല്ലാതായിരിക്കുകയാണ്. വര്‍ഗസമരവും ആഭ്യന്തര യുദ്ധവും സൃഷ്ടിക്കാനുള്ള നീക്കം അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നും എഡിറ്റോറിയയില്‍ പറയുന്നു. ഒരു ഷര്‍ജീല്‍ ഇമാമിനെ മാത്രമേ അറസ്റ്റുചെയ്തിട്ടുള്ളൂ, ഇനി ഇതുപോലുള്ള ഷര്‍ജീല്‍ ഇമാമുകള്‍ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം. അത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണ് സാംനയില്‍ പറയുന്നു.












Click it and Unblock the Notifications