പ്രഗ്യാ സിങിന്റെ വിവാദ പ്രസംഗം; കോണ്‍ഗ്രസ് പരാതിയില്‍ കേസെടുത്തു...
ബെംഗളൂരു: മുസ്ലിം വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി എംപി സ്വാമി പ്രഗ്യാ സിങ് താക്കൂറിനെതിരെ കര്‍ണാടക പോലീസ് കേസെടുത്തു. ശിവമോഗയിലെ പോലീസാണ് കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ കേസെടുത്തത്. പ്രസംഗത്തിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടും നടപടിയെടുക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുതിര്‍ന്ന നേതാവ് ജയറാം രമേശ് പറഞ്ഞിരുന്നു. തൊട്ടുപിന്നാലെയാണ് ശിവമോഗ ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് എച്ച്എസ് സുന്ദരേശ് പരാതി നല്‍കിയതും പോലീസ് കേസെടുത്തതും.

പരസ്യമായി ആയുധം ഉപയോഗിക്കാനുള്ള ആഹ്വാനമാണ് പ്രഗ്യ സിങ് പ്രസംഗത്തിലൂടെ നല്‍കിയത്. വ്യാപകമായ അക്രമത്തിനും ആള്‍ക്കൂട്ട സംഘര്‍ഷത്തിനും കാരണമാകുന്ന ആഹ്വാനമാണിത്. ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിട്ടാണ് ആഹ്വാനം. അസഹിഷ്ണുത വളര്‍ത്തുന്നതും വിദ്വേഷം ജനിപ്പിക്കുന്നതുമായ പ്രസംഗത്തിനെതിരെ ശക്തമായ നടപടി വേണമെന്നും ഡിസിസി അധ്യക്ഷന്‍ കൈമാറിയ പരാതിയില്‍ ആവശ്യപ്പെട്ടു.
സുന്ദരേശിന്റെ പരാതിയില്‍ കേസെടുത്തുവെന്ന് ശിവമോഗ എസ്പി മിഥുന്‍ കുമാര്‍ ജികെ പറഞ്ഞു. പരാതി നല്‍കിയ കാര്യം സുന്ദരേശും ശരിവച്ചു. രാഷ്ട്രീയ നിരീക്ഷകര്‍ തെഹ്‌സീന്‍ പൂനവാലയ്ക്ക് വേണ്ടിയാണ് താന്‍ പരാതി നല്‍കിയതെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം, തെഹ്‌സീന്‍ പൂനവാല നേരത്തെ ഇമെയില്‍ വഴി പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇത് സ്വീകരിക്കാന്‍ ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനിലെ ഓഫീസര്‍ തയ്യാറായില്ല. പരാതിയില്‍ നേരിട്ട് വന്ന് ഒപ്പുവയ്ക്കണം എന്നായിരുന്നു പോലീസിന്റെ ആവശ്യമെന്ന് പൂനവാല ട്വിറ്ററില്‍ കുറിച്ചു. തുടര്‍ന്നാണ് ശിവമോഗ ഡിസിസി അധ്യക്ഷനെ പരാതി നല്‍കാന്‍ ചുമതലപ്പെടുത്തിയത്. അദ്ദേഹം എസ്പിയുമായി കണ്ടു. പരാതി നല്‍കുകയും ചെയ്തുവെന്നും പൂനവാല പറഞ്ഞു.
മതവികാരം വ്രണപ്പെടുത്തി, വിവിധ മതസ്ഥര്‍ക്കിടയില്‍ ശത്രുത വളര്‍ത്തി, ദേശീയ അഖണ്ഡതയ്‌ക്കെതിരെ പ്രവര്‍ത്തിച്ചു, ഒരു മതക്കാരുടെ വിശ്വാസത്തെ അപമാനിച്ചു, പ്രകോപനപരമായി പ്രസംഗിച്ചു തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ശിവമോഗ എസ്പിക്ക് ലഭിച്ച പരാതി കോട്ടെ പോലീസിന് കൈമാറുകയായിരുന്നു.
ശിവമോഗയില്‍ ഹിന്ദു ജാഗരണ വേദികെ എന്ന സംഘടനയുടെ വാര്‍ഷിക സമ്മേളനത്തിലാണ് പ്രഗ്യയുടെ വിവാദ പ്രസംഗം. പ്രഗ്യക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് പറഞ്ഞു. മധ്യപ്രദേശിലെ ഭോപ്പാല്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ ജയിച്ച വ്യക്തിയാണ് സ്വാമി പ്രഗ്യ സിങ് താക്കൂര്‍.
ആരെങ്കിലും ആക്രമിച്ചാല്‍ ഹിന്ദുക്കള്‍ക്ക് പ്രതികരിക്കാന്‍ അവകാശമുണ്ട്. സ്വയ രക്ഷയ്ക്ക് നിങ്ങളുടെ വീടുകളില്‍ കത്തികള്‍ മൂര്‍ച്ഛ കൂട്ടിവെക്കണം. നിങ്ങളുടെ വീട്ടിലേക്ക് ആരെങ്കിലും നുഴഞ്ഞുകയറാന്‍ വന്നാല്‍ ചുട്ട മറുപടി നല്‍കണം. പച്ചക്കറി കഷ്ണങ്ങളാക്കാന്‍ ഉപയോഗിക്കുന്ന കത്തിയെങ്കിലും വീട്ടില്‍ മൂര്‍ഛയാക്കി സൂക്ഷിക്കണം. ലൗ ജിഹാദ് അവരുടെ പാരമ്പര്യ രീതിയാണ്. പ്രണയത്തില്‍ പോലും ജിഹാദ് ചെയ്യുന്നവരാണവര്‍. ഹിന്ദുക്കള്‍ക്ക് സ്‌നേഹമുണ്ട്. നാം ദൈവത്തെ സ്‌നേഹിക്കുന്നുവെന്നും പ്രഗ്യസിങ് താക്കൂര്‍ പറഞ്ഞു.












Click it and Unblock the Notifications