ആദരം കോണ്‍ഗ്രസ് നേതാവിന്, ലക്ഷ്യം വോട്ട്: അർജ്ജുന്‍ സിങ്ങിനെ ആദരിക്കാന്‍ ശിവരാജ് സിംഗ് ചൗഹാൻ
2018-ൽ മേഖലയിൽ 24 സീറ്റുകൾ നേടിയ ശേഷം, 2021 ലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ജോബത്തും പൃഥ്വിപൂരും വിജയിച്ചെങ്കിലും റായ്ഗാവിൽ ബിജെപി പരാജയപ്പെട്ടു.

ഭോപ്പാല്‍: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അർജുന്‍ സിങിന് പുതിയ രാഷ്ട്രീയ ആയുധമാക്കി ബി ജെ പി. ഭോപ്പാലിൽ അർജുൻ സിങ്ങിന്റെ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ തന്നെ എത്തിയത് ബി ജെ പി ഭരിക്കുന്ന സംസ്ഥാനത്ത് ഈ വർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായാണെന്നാണ് വിലയിരുത്തുന്നത്. ചൊവ്വാഴ്ച പ്രതിമ അനാച്ഛാദനം ചെയ്‌തതിന് ശേഷം, നിലവിലെ രേവ ജില്ലയിലെ തഹ്‌സിലായ മൗഗഞ്ച് മധ്യപ്രദേശിലെ 53-ാമത്തെ ജില്ലയായിരിക്കുമെന്നും ചൗഹാൻ പ്രഖ്യാപിച്ചു.
1980-കളിൽ മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്ന സിംഗ് പിവി നരസിംഹ റാവുവിന്റേയും മന്‍മോഹന്‍ സിങ്ങിന്റേയും മന്ത്രിസഭകളില്‍ അംഗമായിരുന്നു. വിന്ധ്യ മേഖലയിലെ ഏറ്റവും വലിയ നേതാക്കളിലൊരാളായിട്ടാണ് അദ്ദേഹത്തെ കണക്കാക്കുന്നത്. മുഖ്യമന്ത്രിക്കൊപ്പം പരിപാടിയില്‍ പങ്കെടുത്ത കോൺഗ്രസ് മുതിർന്ന നേതാവ് ദിഗ്‌വിജയ സിംഗ്, മൂന്ന് തവണ മുഖ്യമന്ത്രിയായ അദ്ദേഹത്തെ രാഷ്ട്രീയത്തിലെ തന്റെ ഗുരുവെന്നാണ് വിശേഷിപ്പിച്ചത്
അന്തരിച്ച കോൺഗ്രസ് നേതാവിനെ ആദരിക്കാൻ ചൗഹാൻ എത്തുന്നതിന് മുമ്പ് നിയമപരമായ തടസ്സങ്ങളും രാഷ്ട്രീയ പ്രശ്നങ്ങളും നേരിടേണ്ടി വന്നതിനാൽ പ്രതിമ സ്ഥാപിക്കുന്നതും അനാച്ഛാദനവും നീണ്ടുപോവുകയും ചെയ്തിരുന്നു. ഭോപ്പാലിലെ നങ്കെ പെട്രോൾ പമ്പ് കവലയിൽ പ്രതിമ സ്ഥാപിക്കാൻ 2019 ൽ തീരുമാനിച്ചത് കോൺഗ്രസ് സർക്കാരായിരുന്നു. എന്നാൽ, റോഡ് വീതി കൂട്ടുന്നതിനായി സ്വാതന്ത്ര്യ സമര സേനാനി ചന്ദ്രശേഖർ ആസാദിന്റെ പ്രതിമ സ്ഥലത്തുനിന്ന് നീക്കം ചെയ്തുവെന്നാരോപിച്ച് ബിജെപി പ്രതിഷേധിക്കുകയും ആസാദിന്റെ പ്രതിമയും സ്ഥലത്ത് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

റോഡുകളിലും നടപ്പാതകളിലും വശങ്ങളിലും പൊതു ഉപയോഗ സ്ഥലങ്ങളിലും ഇത്തരം പ്രതിമകൾ സ്ഥാപിക്കരുതെന്ന സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ അർജുൻ സിങ്ങിന്റെ പ്രതിമ ഉൾപ്പെടെയുള്ള വിവിധ പ്രതിമകൾ നീക്കം ചെയ്യാൻ മധ്യപ്രദേശ് ഹൈക്കോടതി കഴിഞ്ഞ വർഷം ഉത്തരവിടുകയും ചെയ്തു. തുടർന്ന് ഭോപ്പാൽ മുനിസിപ്പൽ കോർപ്പറേഷൻ പ്രതിമ ട്രൈസെക്ഷനിൽ നിന്ന് നീക്കം ചെയ്യുകയും വ്യാപം സ്‌ക്വയറിലേക്ക് മാറ്റുകയും ചെയ്തു.
ഏറ്റവും ഒടുവില്‍ കോൺഗ്രസ് വിട്ട് വിന്ധ്യ മേഖലയിൽ നിന്നുള്ള ബിജെപി എംഎൽഎ നാരായൺ ത്രിപാഠി ഫെബ്രുവരിയിൽ ശിവരാജിന് മാർച്ച് 4 ന് മുമ്പ് ഉദ്ഘാടനം നടത്തണമെന്ന് കത്തെഴുതിയതാണ് മറ്റൊരു ട്വിസ്റ്റ്. 'അർജുൻ സിംഗ് സിന്ദാബാദ്' എന്ന മുദ്രാവാക്യം വിളിച്ചാണ് ഞാൻ എന്റെ രാഷ്ട്രീയം ആരംഭിച്ചത്. പാർട്ടിയും ടിക്കറ്റും ഞാൻ കാര്യമാക്കുന്നില്ല. കക്ഷി രാഷ്ട്രീയത്തിന് അതീതനാണ് അർജുൻ സിംഗ്. അദ്ദേഹം ഒരു ഐക്കണാണ്, അദ്ദേഹത്തിന്റെ നല്ല രാഷ്ട്രീയത്തിന് എല്ലാവരും ബഹുമാനിക്കുന്നു, "ത്രിപാഠി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അർജുൻ സിങ്ങിന്റെ ശക്തായ പാരമ്പര്യം ഉണ്ടായിരുന്നിട്ടും, വിന്ധ്യ മേഖലയിൽ കോൺഗ്രസിന് പതുക്കെ പിടി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. മേഖലയിലെ സമീപ വർഷങ്ങളിലെ ഏറ്റവും മികച്ച പ്രകടനം 2013 ൽ നേടിയ 12 സീറ്റുകളാണ്. രേവ, സത്‌ന, സിങ്‌ഗ്രൗളി, സിദ്ധി, അനുപ്പൂർ ജില്ലകൾ ചേർന്ന് വിന്ധ്യ മേഖല ഉൾക്കൊള്ളുന്നു, ഇത് മധ്യപ്രദേശ് നിയമസഭയിലേക്ക് മൊത്തത്തിൽ 30 എംഎൽഎമാരെയാണ് അയക്കുന്നത്.
2018-ൽ മേഖലയിൽ 24 സീറ്റുകൾ നേടിയ ശേഷം, 2021 ലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ജോബത്തും പൃഥ്വിപൂരും വിജയിച്ചെങ്കിലും റായ്ഗാവിൽ ബിജെപി പരാജയപ്പെട്ടു. സത്‌ന ജില്ലയിലെ റായ്ഗാവ് 31 വർഷത്തിന് ശേഷം കോൺഗ്രസ് വിജയിച്ചതും ബി ജെ പിക്ക് തിരിച്ചടിയായി. കഴിഞ്ഞ വർഷം രേവയിലും സിങ്‌ഗ്രൗളിയിലും നടന്ന മേയർ തിരഞ്ഞെടുപ്പിൽ കോൺഗ്രസും എഎപിയും വിജയിച്ചത് മധ്യപ്രദേശിൽ ബിജെപിയെ കൂടുതൽ ആശങ്കയിലാക്കുന്നുണ്ട്.
"ഠാക്കൂർ, ബ്രാഹ്മണർ, ഗോത്രവർഗക്കാർ എന്നിവർക്കാണ് മേഖലയില്‍ ആധിപത്യം . അർജുൻ സിംഗ് ഒരു വലിയ താക്കൂർ നേതാവായിരുന്നു. അദ്ദേഹത്തെ ആദരിക്കുന്നതിലൂടെ, അദ്ദേഹത്തിന്റെ അനുഭാവികൾ നമ്മിലേക്ക് നീങ്ങും. ബിജെപി ഒരു വലിയ പാർട്ടിയാണ്, ഞങ്ങളുടെ പ്രത്യയശാസ്ത്രത്തിൽ നിന്ന് മാത്രമല്ല, മറ്റ് ആശയങ്ങളിൽ നിന്നുള്ള എല്ലാ നേതാക്കളെയും ബഹുമാനിക്കാൻ തയ്യാറാണ്. അർജുൻ സിങ്ങിനെ ആദരിക്കുന്നതിലും അദ്ദേഹത്തിന് ബഹുമാനം നൽകുന്നതിലും ഒരു ദോഷവുമില്ല," ബിജെപി എംപി ജനറൽ സെക്രട്ടറി വ്യക്തമാക്കി.
ഇത് തന്നെയാണ് ബി ജെ പി ഉദ്ദേശിക്കുന്നതും. നിയമസഭ തിരഞ്ഞെടുപ്പില്‍ അർജ്ജുന്‍ സിങിലൂടെ കോണ്‍ഗ്രസ് വോട്ടുകളും തങ്ങളുടെ പെട്ടിയിലാക്കാമെന്നാണ് ബി ജെ പി പ്രതീക്ഷിക്കുന്നത്. മേഖലയിലെ മുന്നേറ്റം ലക്ഷ്യമിട്ട് പ്രധാന വികസന പ്രവർത്തനങ്ങളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരിയിൽ, കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ചേർന്ന് രേവയിൽ ഒരു പുതിയ വിമാനത്താവളത്തിന്റെ തറക്കല്ലിട്ടതും ഈ ലക്ഷ്യം മുന്നില്‍ കണ്ടാണ്.












Click it and Unblock the Notifications