മഹാരാഷ്ട്രയിൽ പിന്നോട്ടില്ലെന്ന് ശിവസേനാ; സഞ്ജയ് റൗട്ട് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി
മുംബൈ: ശിവസേനാ നേതാവ് സഞ്ജയ് റൗട്ട് എൻസിപി നേതാവ് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി. മഹാരാഷ്ട്രയിൽ ബിജെപിയുമായി അധികാരത്തർക്കം നില നിൽക്കുന്നതിനിടയിൽ ശരദ് പവാറുമായി ശിവസേനാ നേതാവിന്റെ കൂടിക്കാഴ്ച അഭ്യൂഹങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. എന്നാൽ ദീപാവലിയോട് അനുബന്ധിച്ച സൗഹൃദ സന്ദർശനം മാത്രമാണിതെന്നാണ് സഞ്ജയ് റൗട്ട് പ്രതികരിച്ചത്.
സർക്കാർ രൂപികരണവുമായി ബന്ധപ്പെട്ട് തർക്കം രൂക്ഷമായതോടെ നേരത്തെ ശിവസേന ഗവർണർ ഭഗത് സിംഗ് കോഷ്യാരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ശിവസേനാ തലവൻ ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെയും വ്യാഴാഴ്ച ഗവർണറെ കണ്ടിരുന്നു. സർക്കാർ രൂപികരമവുമായി ബന്ധപ്പെട്ടല്ല കർഷക പ്രശ്നങ്ങൾ ചർച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ച എന്നാണ് ഉദ്ധവ് താക്കറെ പ്രതികരിച്ചത്.

സഖ്യകക്ഷിയായ കോൺഗ്രസിനൊപ്പം പ്രതിപക്ഷത്തിരിക്കുമെന്നാണ് എൻസിപി പ്രഖ്യാപിച്ചിരിക്കുന്നത്. അതേ സമയം എൻഡിഎയിൽ തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ശിവസേനയ്ക്കൊപ്പം ചേർന്ന് എൻസിപി പുതിയ രാഷ്ട്രീയ സമവാക്യങ്ങൾക്ക് ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
ബിജെപിയുമായി ചേർന്ന് മാത്രമെ സർക്കാർ രൂപികരിക്കുകയുള്ളുവെന്ന് ശിവസേനാ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തിനായുളള ശിലസേനയുടെ അവകാശ വാദം അംഗീകരിക്കാനാവില്ലെന്ന് ബിജെപി പ്രഖ്യാപിച്ചതോടെയാണ് ശിവസേനയും നിലപാട് കടുപ്പിച്ചത്.
തർക്കം രൂക്ഷമായ സാഹചര്യത്തിൽ ശിവസേനയ്ക്ക് പിന്തുണയുമായി ശരദ് പവാർ രംഗത്ത് എത്തിയിരുന്നു. ശിവസേനയുടെ ആവശ്യത്തിൽ തെറ്റില്ലെന്നായിരുന്നു പവാറിന്റെ പ്രതികരണം. നേരത്തെ മഹാരാഷ്ട്രയിൽ ശിവസേനാ നേതാക്കൾ മുഖ്യമന്ത്രിമാരായിട്ടുണ്ടെന്നും പവാർ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications