സെയ്ഫ് കേസില്‍ വന്‍ ട്വിസ്റ്റ്..! പ്രതിയുടെ വിരലടയാളവും വീട്ടില്‍ നിന്ന് ലഭിച്ച വിരലടയാളവും തമ്മില്‍ വ്യത്യാസം
മുംബൈ: നടന്‍ സെയ്ഫ് അലി ഖാന് സ്വന്തം വീട്ടില്‍ വെച്ച് കുത്തേറ്റ സംഭവത്തില്‍ അപ്രതീക്ഷിത വഴിത്തിരിവ്. സെയ്ഫ് അലി ഖാന്റെ വസതിയില്‍ നിന്ന് ശേഖരിച്ച 19 സെറ്റ് വിരലടയാളങ്ങള്‍ പ്രതി ഷരീഫുള്‍ ഇസ്ലാമിന്റെ വിരലടയാളവുമായി പൊരുത്തപ്പെടുന്നില്ല എന്നാണ് പുതിയ കണ്ടെത്തല്‍. സെയ്ഫ് അലി ഖാന്റെ വീട്ടില്‍ നിന്ന് ശേഖരിച്ച വിരലടയാളം മുംബൈ പൊലീസ് സംസ്ഥാന ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ഫിംഗര്‍പ്രിന്റ് ബ്യൂറോയിലേക്ക് അയച്ചിരുന്നു.
ഇവിടെ നടത്തിയ പരിശോധനയില്‍ ഷരീഫുള്‍ ഇസ്ലാമിന്റെ വിരലടയാളവുമായി പൊരുത്തപ്പെടുന്നില്ല എന്നാണ് കണ്ടെത്തിയത് എന്ന് സിഐഡി വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. പരിശോധനാ ഫലം നെഗറ്റീവാണെന്ന് മുംബൈ പൊലീസിനെ അറിയിച്ചതായി സിഐഡി വൃത്തങ്ങള്‍ അറിയിച്ചു. കൂടുതല്‍ സാമ്പിളുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി മുംബൈ പൊലീസ് അയച്ചിട്ടുണ്ട്.

ജനുവരി 15 നാണ് സെയ്ഫ് അലി ഖാന്റെ വീട്ടില്‍ അതിക്രമിച്ച് കടന്നയാള്‍ താരത്തെ ആക്രമിച്ചത്. ആക്രമണത്തില്‍ 54 കാരനായ നടന് ആറ് കുത്തേറ്റിരുന്നു. നട്ടെല്ലിന് സമീപത്താണ് സെയ്ഫ് അലി ഖാന് ഒരു തവണ കുത്തേറ്റത്. സെയ്ഫ് അലി ഖാനെ ആക്രമിച്ച ശേഷ അക്രമി രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായ പരിക്കുകളോടെ ഖാനെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കത്തിയുടെ മുറിവുകളിലൊന്ന് നടന്റെ നട്ടെല്ലില്‍ ആയിരുന്നെന്നും നട്ടെല്ലിലെ ദ്രാവകം ചോരാന്‍ കാരണമായെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കത്തി സുഷുമ്‌നാ നാഡിയില്‍ നിന്ന് 2 മില്ലിമീറ്റര്‍ മാത്രം അകലെയായിരുന്നു എന്നും അല്ലാത്തപക്ഷം ഗുരുതരമായ പരിക്കിന് കാരണമായേനെ എന്നുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്. ശസ്ത്രക്രിയയ്ക്ക് വിധേയനായ സെയ്ഫ് അലി ഖാന്‍ കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്.
അദ്ദേഹത്തിന് ഒരാഴ്ചത്തെ വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം ആക്രമണം നടന്ന് 70 മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രതിയായ ഷെരിഫുളിനെ പിടികൂടിയത്. അനധികൃതമായി ഇന്ത്യയില്‍ കടന്ന ബംഗ്ലാദേശ് പൗരനാണ് ഷെരീഫുള്‍. പണം നല്‍കിയാല്‍ വ്യാജ പൗരത്വ രേഖകള്‍ ഉണ്ടാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് അനുസരിച്ചാണ് സെയ്ഫ് അലി ഖാന്റെ വീട്ടില്‍ മോഷണം നടത്താന്‍ ശ്രമിച്ചതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.
ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. അതേസമയം സെയ്ഫ് അലി ഖാന്റെ വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ തന്റെ മകന്റേതല്ല എന്ന് ഷെരിഫുളിന്റെ പിതാവ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സെയ്ഫ് അലി ഖാന്റെ വീട്ടിലെ വിരലടയാളവും ഷെരിഫുളിന്റെ വിരലടയാളവും യോജിക്കുന്നില്ല എന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നത്.












Click it and Unblock the Notifications