വീണ്ടും ക്രൂരത; 12കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ജീവനോടെ കത്തിച്ചു, സംഭവം രാജസ്ഥാനില്‍
ജയ്പൂര്‍: രാജസ്ഥാനില്‍ കാണാതായ 12 വയസുകാരിയുടെ മൃതദേഹം ഇഷ്ടികച്ചൂളയില്‍ നിന്നും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ ഭില്‍വാര ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത്‌ശേഷം ജീവനോടെ കത്തിച്ചതാണെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്. പെണ്‍കുട്ടിയെ ജീവനോടെ കത്തിച്ചതാണെന്ന വിവരവും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
രാജസ്ഥാനില്‍ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ പെണ്‍കുട്ടിയുടെ മരണം രാഷ്ടീയമായും ചര്‍ച്ചയായിട്ടുണ്ട്. ബുധനാഴ്ച ഉച്ചയോടെ ആടിനെ മേയ്ക്കാന്‍ പോയ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. നാട്ടുകാരും ബന്ധുക്കളും കുട്ടിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. പിന്നീട് അടുത്തുള്ള ഇഷ്ടികചൂളയില്‍ നിന്നും പെണ്‍കുട്ടിയുടെ വള ലഭിച്ചതോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചതോടെയാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. പെണ്‍കുട്ടിക്കും കുടുംബത്തിനും നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.
തിരഞ്ഞെടുപ്പ് അടുത്തെത്തിയതിനാല്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ബി ജെ പിയും രംഗത്തുണ്ട്. രാജസ്ഥാനില്‍ സ്ത്ീകളുടെ സുരക്ഷ ഒരു തമാശയായി മാറിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി അശോക് ഗേലോട്ട് രാജിവയ്ക്കണമെന്നും ബി ജെ പി നേതാവ് വിക്രം ഗൗഡ് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് പ്രതിദിനം 17 ബലാത്സംഗ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് കേന്ദ്രമന്ത്ര്ി ഗജേന്ദ്ര സിംഗ് ശെഖാവത്ത് പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ബലാത്സംഗത്തിലും കൂട്ടബലാത്സംഗ സംഭവങ്ങളിലും രാജസ്ഥാന്‍ ഒന്നാമതെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഈ സംഭവത്തിന് ദിവസങ്ങള്‍ക്ക് മുമ്പ്, അല്‍വാര്‍ ജില്ലയിലെ ഒരു ഇഷ്ടിക ചൂളയില്‍ വെച്ച് 15 ഉം 13 ഉം വയസ്സുള്ള സഹോദരിമാരെ പിതാവിന്റെ രണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്ന് ബലാത്സഗം ചെയ്തിരുന്നു. പെണ്‍കുട്ടികള്‍ ഗര്‍ഭിണിയായതിന് ശേഷമാണ് ഇക്കാര്യം പുറത്തറിയുന്നത്. കൂടാതെ ബന്‍സൂര്‍ മേഖലയില്‍ സ്‌കൂളിലേക്ക് പോകുതയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സഗം ചെയ്തിരുന്നു.
ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിനെതിരെ ബി ജെ പി പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്. രാജസ്ഥാന്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത സംസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാണെന്നാണ് ബി ജെ പി വിമര്‍ശനം.












Click it and Unblock the Notifications