കുറുന്തോട്ടിക്കും വാതമോ? ഇന്ത്യയില്‍ വില്‍ക്കുന്ന മഞ്ഞളില്‍ വിഷാംശമുണ്ടെന്ന് പഠന റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഇന്ത്യ, നേപ്പാള്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ വില്‍ക്കുന്ന മഞ്ഞളില്‍ ഉയര്‍ന്ന അളവില്‍ ലെഡ് കണ്ടെത്തിയതായി പഠന റിപ്പോര്‍ട്ട്. ഇന്ത്യയുടെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി മഞ്ഞളില്‍ അനുവദനീയമായ പരമാവധി ലെഡിന്റെ അളവ് 10 മൈക്രോ ഗ്രാം ആയി സജ്ജീകരിച്ചിട്ടുണ്ട്. സയന്‍സ് ഓഫ് ദ ടോട്ടല്‍ എന്‍വയോണ്‍മെന്റില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ലെഡിന്റെ അളവ് മഞ്ഞളില്‍ കൂടുതലാണ് എന്ന കണ്ടെത്തല്‍ പുറത്ത് വന്നിരിക്കുന്നത്.
ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍ എന്നിവിടങ്ങളിലെ 23 നഗരങ്ങളില്‍ നിന്നുള്ള മഞ്ഞള്‍ ആണ് പഠനത്തിന് വിധേയമാക്കിയത്. ഏകദേശം 14% സാമ്പിളുകളില്‍ ലെഡ് സാന്ദ്രത 2 മൈക്രോ ഗ്രാം കവിഞ്ഞു എന്നാണ് പഠനത്തില്‍ പറയുന്നത്. ലെഡ് അമിതമായാല്‍ എല്ലുകളില്‍ അടിഞ്ഞുകൂടിയും മറ്റും ശരീരത്തിന്റെ അവശ്യ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തിയേക്കും. പാട്ന, ഗുവാഹത്തി, ചെന്നൈ, നേപ്പാളിലെ കാഠ്മണ്ഡു, പാകിസ്ഥാനിലെ കറാച്ചി, ഇസ്ലാമാബാദ്, പെഷവാര്‍ എന്നീ ഏഴ് നഗരങ്ങളിലെ മഞ്ഞളിലെ ലെഡിന്റെ അളവ് 10 മൈക്രോ ഗ്രാം കവിഞ്ഞു.

പട്നയിലെ മഞ്ഞളില്‍ 2,274 മൈക്രോ ഗ്രാം ലെഡ് ആണ് അടങ്ങിയിരിക്കുന്നത്. ഗുവാഹത്തിയിലെ മഞ്ഞളില്‍ 127 മൈക്രോ ഗ്രാം ലെഡ് ആണ് അടങ്ങിയിരിക്കുന്നത്. അതേസമയം പാക്ക് ചെയ്തതും ബ്രാന്‍ഡഡ് ആയതുമായ മഞ്ഞള്‍ ഉല്‍പന്നങ്ങളില്‍ താരതമ്യേന കുറഞ്ഞ ലെഡ് സാന്ദ്രതയാണ് ഉള്ളത്. മഞ്ഞളില്‍ ലെഡ് നിയമവിരുദ്ധമല്ലെങ്കിലും അമിതമായാല്‍ കുട്ടികള്‍ക്ക് ഇത് ഗുരുതരമായ ദോഷം ചെയ്യും.
ബുദ്ധിക്കുറവ്, പെരുമാറ്റ പ്രശ്‌നങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമായേക്കാം. രക്തത്തില്‍ 3.5 മൈക്രോ ഗ്രാം/ ഡെസിലിറ്റര്‍ ലെഡ് പോലും കുട്ടികളില്‍ വൈജ്ഞാനികവും പെരുമാറ്റപരവുമായ വൈകല്യങ്ങള്‍ക്ക് കാരണമാകുമെന്ന് മുന്‍കാല പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ലോകമെമ്പാടും 800 ദശലക്ഷത്തിലധികം കുട്ടികളില്‍ രക്തത്തിലെ ലെഡിന്റെ അളവ് സുരക്ഷിതമായ പരിധിയേക്കാള്‍ കൂടുതലാണെന്ന് കണക്കാക്കപ്പെടുന്നു.
പെയിന്റ് പോലുള്ള വ്യാവസായിക ഉല്‍പന്നങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്ന മഞ്ഞ പിഗ്മെന്റായ ലെഡ് ക്രോമേറ്റ് ആണ് പലപ്പോഴും മഞ്ഞളുകളില്‍ ചേര്‍ക്കുന്നത്. മഞ്ഞളില്‍ നിറം കൂട്ടാനാണ് ഇത് ഉപയോഗിക്കുന്നത്. ബംഗ്ലാദേശിലെ മഞ്ഞള്‍ വിതരണ ശൃംഖലയെക്കുറിച്ചുള്ള അന്വേഷണങ്ങളില്‍ ഗുണനിലവാരം കുറഞ്ഞ മഞ്ഞള്‍ വേരുകളില്‍ ലെഡ് ക്രോമേറ്റ് ചേര്‍ക്കുന്നു എന്ന് കണ്ടെത്തിയിരുന്നു.
പണ്ട് കാലത്ത് വിഷാംശങ്ങള്‍ ഒഴിവാക്കുന്നതിന് മഞ്ഞള്‍ ഉപയോഗിക്കാറുണ്ടായിരുന്നു. ആയുര്‍വേദത്തിലും ഈ സമ്പ്രദായം ഉണ്ട്. എന്നാല്‍ ഇപ്പോള്‍ മഞ്ഞളില്‍ തന്നെ വിഷാംശം എന്ന പഠനം എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്.












Click it and Unblock the Notifications