"രാജ്യത്തെ ഒറ്റുകാരെ വെടിവെക്കൂ" വിവാദത്തിന് തിരികൊളുത്തി കേന്ദ്രമന്ത്രി, കമ്മീഷൻ റിപ്പോർട്ട് തേടി
ദില്ലി: ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി അനൂരാഗ് ഠാക്കൂർ. രാജ്യത്തെ ഒറ്റുകാരെ വെടിവെക്കാനുള്ള ആഹ്വാനവുമായാണ് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ രംഗത്തെത്തിയിട്ടുള്ളത്. റാലിയിൽ പങ്കെടുത്ത ജനങ്ങളെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിക്കുന്നതുമായ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. ദില്ലിയിലെ ബിജെപി യോഗത്തിലാണ് ഈ സംഭവം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത പരിപാടിയിൽ ഠാക്കൂറിന്റെ വിവാദ പ്രസ്താവനക്ക് ശേഷമാണ് അമിത് ഷായെത്തിയത്. സംഭവത്തിൽ ദില്ലിയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറിൽ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ട്.
കേന്ദ്രമന്ത്രിയുടെ വിവാദ പ്രസ്താവനക്കെതിരെ രംഗത്തെത്തിയ പ്രതിപക്ഷ നേതാക്കൾ സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. രാജ്യത്ത് തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം എന്നീ പ്രതിസന്ധി നിലനിൽക്കെ കേന്ദ്ര ധനകാര്യ സഹമന്ത്രി ജനങ്ങളെ വെടിനവെച്ച് കൊല്ലാൻ ആഹ്വാനം ചെയ്യുകയാണെന്നും ആപ് നേതാക്കൾ ആരോപിക്കുന്നു. നേരത്തെ ജെഎൻയു സംഘർഷത്തിനിടെയും സംഘ് പരിവാർ സംഘടനകൾ സമാന മുദ്രാവാക്യം മുഴക്കിയിരുന്നു. പൌരത്വ നിയമ ഭേദഗതി വിരുദ്ധ പ്രക്ഷോഭകർക്കെതിരെയാണ് വ്യാപകമായി ഈ മുദ്രാവാക്യം മുഴക്കുന്നത്.

നേരത്തെ പൌരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് നാഗ്പൂരിൽ സംഘടിപ്പിച്ച ബിജെപി റാലിയിലും ഇതേ മുദ്രാവാക്യം ഉയർന്നിരുന്നു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയായിരുന്നു അന്ന് പരിപാടിയിൽ പങ്കെടുത്തത്. നേരത്തെ ഷഹീൻ ബാഗിനെ പൌരത്വ ഭേദഗതി വിരുദ്ധ സമരത്തെത്തിനെതിരെ പരസ്യ പ്രസ്താവന നടത്തിയ ബിജെപി നേതാവ് കപിൽ മിശ്രയുടെ നടപടിയും വിവാദമായിരുന്നു. തുടർന്ന് ദില്ലി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മിശ്രയ്ക്ക് 48 മണിക്കൂർ നേരത്തേക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രചാരണ വിലക്ക് ഏർപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications