എല്ലാവരെയും സ്വാഗതം ചെയ്യുന്ന രാജ്യത്തെ കാണിച്ച് തരൂ: സിഎഎക്കെതിരായ വിമര്‍ശനങ്ങളില്‍ കേന്ദ്രമന്ത്രി
ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ പോലും രൂക്ഷ വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ലോകത്തെവിടെയും ഒരു രാജ്യവും എല്ലാവരെയും സ്വാഗതം ചെയ്യുന്നില്ലെന്ന് സിഎഎ വിഷയത്തെ മുന്‍നിര്‍ത്തി ജയശങ്കര്‍ അവകാശപ്പെട്ടു. സിഎഎ വിഷയത്തില്‍ അന്താരാഷ്ട്ര ഇടപെടലിനെ കുറിച്ച് ഇന്ത്യയുടെ നിലപാട് നേരത്തെ അറിയിച്ചിട്ടുണ്ട്. പൗരത്വ നിയമം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്.
ശ്രീരാമനും ഹിന്ദുത്വവും ഒരുപാര്‍ട്ടിയുടെ മാത്രം സ്വത്തല്ല, ബിജെപിക്ക് മറുപടിയുമായി ശിവസേന!!
രാജ്യത്തിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിദേശ രാജ്യങ്ങള്‍ക്ക് സ്ഥാനമില്ല. അമേരിക്ക ഉള്‍പ്പെടെ എല്ലാ രാജ്യങ്ങള്‍ക്കും വ്യത്യസ്ത പൗരത്വ മാനദണ്ഡങ്ങളുണ്ടെന്നും അത് സന്ദര്‍ഭത്തെയും സാമൂഹിക മാനദണ്ഡങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണെന്നും ജയശങ്കര്‍ പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതിയിലാണ് കശ്മീര്‍, സിഎഎ വിഷയങ്ങളിലെ ലോകരാഷ്ട്രങ്ങളുടെ ഇടപെടലിനെതിരെ ആഞ്ഞടിച്ച് ജയശങ്കര്‍ രംഗത്തെത്തിയത്. കശ്മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്ര സഭയുടെ മുന്‍കാല നിലപാടുകള്‍ തെറ്റായിരുന്നുവെന്നും ഇക്കാര്യം രേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൗരത്വ ഭേദഗതി നിയമത്തിലൂടെ സ്വന്തമായി ഒരു രാജ്യം പോലുമില്ലാത്തവരുടെ എണ്ണം കുറയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചത്. അഭിനന്ദനാര്‍ഹമായ ഒരു ചുവട് വെപ്പായിരുന്നു അത്. ആര്‍ക്കും വലിയ പ്രശ്നം സൃഷ്ടിക്കാത്ത രീതിയിലാണ് ഇത്തരമൊരു നിയമം നടപ്പിലാക്കാന്‍ തങ്ങള്‍ ശ്രമിച്ചതെന്നും ജയശങ്കര്‍ പറഞ്ഞു. ഏതൊരു രാജ്യത്തും പൗരത്വം ലഭിക്കാനായി അവരവരുടേതായ മാനദണ്ഡങ്ങളുണ്ട്. എല്ലാവര്ക്കും സ്വാഗതമരുളുന്ന ഒരു രാജ്യം ലോകത്തെവിടെയും ഇല്ല. അങ്ങനെയൊന്നുണ്ടെങ്കില്‍ ആരെങ്കിലും കാണിച്ചു തരൂ, അത്തരത്തിലൊരു രാജ്യം ആര്‍ക്കും കാണിച്ചു തരാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.
തീവ്രവാദ വിഷയത്തില്‍ മനുഷ്യാവകാശ സമിതിയുടെ നിലപാടുകള്‍ തെറ്റായിരുന്നുവെന്ന് പറഞ്ഞ ജയശങ്കര്‍ അതിര്‍ത്തിയിലെ തീവ്രവാദത്തില്‍ മാത്രമായിരുന്നു സമിതി ചുറ്റിപ്പറ്റി നിന്നിരുന്നതെന്ന് ആരോപിച്ചു. തീവ്രവാദം എവിടെ നിന്നാണ് വരുന്നതെന്ന് ദയവായി മനസ്സിലാക്കണം. കശ്മീര്‍ വിഷയത്തിലെ പ്രശ്നം അവര്‍ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് കഴിഞ്ഞ കാലം പരിശോധിച്ചാല്‍ മനസ്സിലാകുമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റീജിയണല്‍ കോംപ്രിഹെന്‍സീവ് ഇക്കണോമിക് പാര്‍ട്ണര്‍ഷിപ്പില്‍ നിന്നും പുറത്തു പോകുന്നത് ഇന്ത്യയുടെ വാണിജ്യ താല്പര്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.