ആഡംബര ഫ്‌ളാറ്റിന്റെ മാസവാടക ആറ് ലക്ഷം രൂപ; അയല്‍ക്കാരായി ഈ താരങ്ങള്‍: ഇതാണ് പ്രത്യേകതകള്‍
മുംബൈ: മുംബൈയിലെ ഒരു ഫ്‌ളാറ്റ് ആറു ലക്ഷം രൂപ വാടകയ്ക്ക് കരാര്‍ ഉറപ്പിച്ച വാര്‍ത്തയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. മുംബൈയിലെ ഏറ്റവും വിലപിടിപ്പുള്ള പ്രദേശങ്ങളിലൊന്നായ ജുഹുവിലാണ് ഈ ആഡംബര ഫ്‌ളാറ്റുള്ളത്. ബോളിവുഡ് താരം ശ്രദ്ധ കപൂറാണ് ഫ്‌ളാറ്റില്‍ വാടകയ്ക്ക് താമസിക്കുന്നത്. പ്രൈം ബീച്ച് എന്ന ആഡംബര അപ്പാര്‍ട്ട്മെന്റിന്റെ പാട്ടക്കരാറാണ് താരം പുതുക്കിയത്.
പ്രതിമാസം ആറു ലക്ഷം രൂപയാണ് ഈ ഫ്‌ളാറ്റിന്റെ വാടക. അതായത് ഒരു വര്‍ഷം മാത്രം ശ്രദ്ധ വാടകയിനത്തില്‍ നല്‍കുന്നത് 72 ലക്ഷം രൂപയാണ്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഇതുസംബന്ധിച്ച ഔദ്യോഗിക രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായത്. ഏകദേശം 3,929 ചതുരശ്ര അടി വിസ്തീര്‍ണമുള്ള അതിവിശാലമായ ഫ്‌ളാറ്റാണിത്. കടല്‍ അഭിമുഖമായാണ് ഈ ഫ്‌ളാറ്റ് നിലകൊള്ളുന്നത്. വലിയ ജനാലകളും പ്രകൃതിദത്ത വെളിച്ചവും കടല്‍ക്കാറ്റ് ലഭിക്കുന്ന വിശാലമായ ബാല്‍ക്കണിയും ഫ്‌ളാറ്റിന്റെ പ്രത്യേകതയാണ്.

മുംബൈ പോലുള്ള തിരക്കേറിയ നഗരത്തില്‍ നാല് കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള പ്രത്യേക സൗകര്യം ഈ ഫ്‌ളാറ്റിനോടൊപ്പമുണ്ട് എന്നതാണ് ഏറ്റവും വലിയ ആഡംബരമായി കണക്കാക്കപ്പെടുന്നത്. അമിതാഭ് ബച്ചന്‍, അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, ഹൃതിക് റോഷന്‍ തുടങ്ങിയ വമ്പന്‍ താരങ്ങളെല്ലാം ഈ മേഖലയിലാണു താമസിക്കുന്നത്. ഇതാണ് ശ്രദ്ധ കപൂറിനെ ഇവിടേക്ക് ആകര്‍ഷിച്ചത്. നിരവധി ബോളിവുഡ് താരങ്ങള്‍ ഉള്ളതിനാല്‍ ആഡംബരത്തിനും സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും വലിയ മുന്‍ഗണനയാണ് ഈ പ്രദേശത്തിന് നല്‍കുന്നത്. ഇതാണ് യുവ താരങ്ങളും ജുഹുവിനെ തിരഞ്ഞെടുക്കാന്‍ കാരണം. ജൂഹുവില്‍ താമസിക്കുന്നത് ഒരു സ്റ്റാറ്റസ് സിംബല്‍ ആയിട്ടാണ് ബോളിവുഡ് താരങ്ങള്‍ കാണുന്നത്. കടലിനെ അഭിമുഖീകരിക്കുന്ന ബംഗ്ലാവുകളുടെ വാസ്തുവിദ്യയും അതിമനോഹരമാണ്. ഇവിടുത്തെ
ആഡംബര ജീവിതശൈലി സാധാരണക്കാര്‍ക്ക് എപ്പോഴും ആകാംക്ഷയുണര്‍ത്തുന്ന കാര്യമാണ്.
'സ്ത്രീ' ഫ്രാഞ്ചൈസിയിലൂടെയും 'ആഷിഖി 2'വിലൂടെയും ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നായികമാരില്‍ ഒരാളായി ശ്രദ്ധ കപൂര്‍ മാറിയിട്ടുണ്ട്. സിനിമകളിലെ വന്‍ വിജയം താരത്തിന്റെ ജീവിതശൈലിയിലും മാറ്റം വരുത്തി. 2024 ഒക്ടോബറിലായിരുന്നു താരം ആദ്യമായി ഈ ഫ്‌ളാറ്റിന്റെ കരാരില്‍ ഒപ്പിട്ടത്. ഇപ്പോള്‍ അത് പുതുക്കിയത് ഈ സ്ഥലത്തോടുള്ള താരത്തിന്റെ താല്‍പര്യമാണ് സൂചിപ്പിക്കുന്നത്.












Click it and Unblock the Notifications