സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചു; ഡികെ ശിവകുമാർ കർണാടകയുടെ അടുത്ത മുഖ്യമന്ത്രിയാകും
കർണാടക രാഷ്ട്രീയത്തിൽ നിർണ്ണായകമായ വഴിത്തിരിവ്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് സിദ്ധരാമയ്യ തന്റെ രാജി പ്രഖ്യാപിച്ചു. ഡികെ ശിവകുമാർ അടക്കമുളള നേതാക്കൾക്കൊപ്പമാണ് വാർത്താ സമ്മേളനത്തിൽ സിദ്ധരാമയ്യ രാജിക്കാര്യം അറിയിച്ചത്. കോൺഗ്രസ് ഹൈക്കമാൻഡ് പറയുന്നത് അനുസരിക്കുമെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി.
ഗവർണർക്ക് നേരിട്ട് രാജി സമർപ്പിക്കാൻ സിദ്ധരാമയ്യയ്ക്ക് സാധിച്ചിട്ടില്ല. ഗവർണർ സ്ഥലത്ത് ഇല്ലാത്തത് കാരണം അദ്ദേഹത്തിന്റെ ഓഫീസിൽ രാജിക്കത്ത് എത്തിക്കുകയായിരുന്നുവെന്നും സിദ്ധരാമയ്യ പറഞ്ഞു. തന്റെ ഭരണകാലയളവിൽ ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കാൻ സാധിച്ചതിൽ സംതൃപ്തിയുണ്ടെന്നും പാർട്ടിക്കുള്ളിൽ യാതൊരുവിധ ഭിന്നതകളുമില്ലെന്നും, പുതിയ സർക്കാരിന് തന്റെ പൂർണ്ണ പിന്തുണ ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതോടെ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി ചുമതലയേൽക്കും. കർണാടക കോൺഗ്രസ് പാർട്ടിക്കുള്ളിൽ ദീർഘനാളായി നിലനിന്നിരുന്ന അധികാര തർക്കങ്ങൾക്കാണ് ഇതോടെ ശുഭപര്യവസാനമായിരിക്കുന്നത്.

സിദ്ധരാമയയ്യയും ഡികെ ശിവകുമാറും പാർട്ടി ഹൈക്കമാൻഡുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനം. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയം മുതൽക്കേ മുഖ്യമന്ത്രി സ്ഥാനത്തിനായി ശിവകുമാറിന്റെ അനുയായികൾ ശക്തമായി വാദിച്ചിരുന്നു. അന്ന് ഉണ്ടാക്കിയ രണ്ടര വർഷത്തെ അധികാര പങ്കാളിത്ത കരാർ അനുസരിച്ചാണ് ഇപ്പോൾ ഈ നേതൃമാറ്റം നടപ്പിലാക്കുന്നത്.
രാജി പ്രഖ്യാപനത്തിന് ശേഷം പാർട്ടിയിൽ ഭിന്നതകളില്ലെന്ന് നേതാക്കൾ വ്യക്തമാക്കി. പുതിയ മുഖ്യമന്ത്രിക്ക് കീഴിൽ സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുമായി കോൺഗ്രസ് സർക്കാർ ശക്തമായി മുന്നോട്ട് പോകുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. പുതിയ മന്ത്രിസഭാ രൂപീകരണത്തിനായുള്ള ചർച്ചകൾ ഇപ്പോൾ സജീവമായി പുരോഗമിക്കുകയാണ്. 4 ഉപമുഖ്യമന്ത്രിമാർ എന്ന ഒത്തുതീർപ്പ് ഫോർമുലയാണ് സിദ്ധരാമയ്യ മുന്നോട്ട് വെച്ചിരിക്കുന്നത് എന്നാണ് വിവരം. സിദ്ധരാമയ്യയുടെ മകൻ അടക്കമുളള നേതാക്കൾ മന്ത്രിസഭയിലേക്ക് എത്തിയേക്കും.
മുഖ്യമന്ത്രി പദം ഒഴിഞ്ഞ സിദ്ധരാമയ്യയ്ക്ക് കോൺഗ്രസ് ദേശീയ നേതൃത്വത്തിൽ വലിയ പദവി നൽകിയേക്കുമെന്നാണ് സൂചന. അദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യാനും പാർട്ടി ആലോചിക്കുന്നുണ്ട്.
രാജിക്ക് തൊട്ടുമുമ്പുള്ള മണിക്കൂറുകളിൽ ബംഗളൂരുവിലെ തന്റെ ഔദ്യോഗിക വസതിയായ 'കാവേരി'യിൽ വെച്ച് സിദ്ധരാമയ്യ കാബിനറ്റ് സഹപ്രവർത്തകർക്കായി ഒരു പ്രഭാതഭക്ഷണ വിരുന്ന് സംഘടിപ്പിച്ചിരുന്നു. ഡി.കെ. ശിവകുമാർ ഉൾപ്പെടെയുള്ള മന്ത്രിമാരും മുതിർന്ന കോൺഗ്രസ് നേതാക്കളും ഈ യോഗത്തിൽ പങ്കെടുത്തു.
താൻ രാജിവെക്കാൻ തീരുമാനിച്ച വിവരം സിദ്ധരാമയ്യ സഹപ്രവർത്തകരെ അറിയിച്ചതോടെ വസതിയിലെ അന്തരീക്ഷം തികച്ചും വികാരാധീനമായി മാറിയെന്നാണ് റിപ്പോർട്ടുകൾ. പ്രഭാതഭക്ഷണത്തിന് മുൻപായി ഡി കെ ശിവകുമാർ സിദ്ധരാമയ്യയെ കെട്ടിപ്പിടിക്കുകയും കാല് തൊട്ട് അനുഗ്രഹം വാങ്ങുകയും ചെയ്യുന്ന ദൃശ്യങ്ങൾ മുഖ്യമന്ത്രിയുടെ വസതിയിൽ നിന്ന് പുറത്തുവന്നിരുന്നു.













Click it and Unblock the Notifications