സിദ്ധരാമയ്യ കലിപ്പിപ്പിൽ; ഹൈക്കമാൻ്റ് നിർദേശങ്ങളോട് സമ്മതം മൂളിയില്ല..ബിജെപിയിലേക്ക് ചാടുമോ?
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെച്ചേക്കുമെന്ന അഭ്യഹം ശക്തം. നാളെ അദ്ദേഹം രാജി സമർപ്പിക്കാനിടയുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.വ്യാഴാഴ്ച തന്റെ ഔദ്യോഗിക വസതിയിൽ വെച്ച് മുഴുവൻ മന്ത്രിമാരെയും പങ്കെടുപ്പിച്ചുകൊണ്ട് അദ്ദേഹം ഒരു പ്രഭാതഭക്ഷണ യോഗം വിളിച്ചുചേർത്തിട്ടുണ്ട്. ഇതിനുശേഷം വിളിച്ച് ചേർത്ത പത്രസമ്മേളനത്തിൽ രാജി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വാർത്തകൾ
കഴിഞ്ഞ മൂന്ന് വർഷമായി കർണാടക സർക്കാരിൽ നേതൃത്വ തർക്കം നിലനിൽക്കുന്നുണ്ട്. എത്രയും പെട്ടെന്ന് ഇതിന് പരിഹാരം കാണണമെന്ന സംസ്ഥാന എംഎൽഎമാരുടെ നിർദേശത്തെ തുടർന്നാണ് മുഖ്യമന്ത്രിയെ മാറ്റാനുള്ള തീരുമാനത്തിന് ഹൈക്കമാൻ്റ് വേഗം കൂട്ടിയത്. കഴിഞ്ഞ ദിവസം സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഹൈക്കമാൻ്റുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ദേശീയ രാഷ്ട്രീയത്തിൽ സിദ്ധരാമയ്യക്ക് അർഹമായ സ്ഥാനം എന്ന നിർദേശമാണ് ഹൈക്കമാൻ്റ് അദ്ദേഹത്തിന് മുന്നിൽ വെച്ചിരിക്കുന്നതെന്നാണ് വിവരം. കോണ്‍ഗ്രസിലെ ഏറ്റവും പ്രമുഖ ഒബിസി നേതാക്കളിൽ ഒരാളാണ് സിദ്ധരമായ്യ. 2029ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് കോണ്‍ഗ്രസിൻ്റെ ജാതി സെൻസസ് പ്രചരണങ്ങൾക്ക് ചുക്കാൻ പിടിക്കാൻ സിദ്ധരാമയ്യയെ പോലൊരു നേതാവിനെ വേണം എന്നാണ് ഹൈക്കമാൻ്റ് അദ്ദേഹത്തെ അറിയിച്ചത്. രാജ്യസഭാ വഴി അദ്ദേഹത്തെ ഡൽഹിയിലേക്ക് എത്തിക്കാനാണ് നീക്കം.

സിദ്ധരാമയ്യ പക്ഷം ഇതിനെതിരെ പ്രതിഷേധം ഉയർത്താതിരിക്കാൻ ഒരു സ്ഥാനക്കയറ്റം എന്ന നിലയ്ക്കാണ് ഹൈക്കമാൻ്റ് ഇക്കാര്യം അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ നിർദേശം അദ്ദേഹം സ്വീകരിച്ചിട്ടില്ലെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്ഥാനം ഒഴിയാനായി മറ്റ് ചില ഉപാധികൾ സിദ്ധരാമയ്യ മുന്നോട്ട് വെച്ചതായും റിപ്പോർട്ടുകളുണ്ട്. തൻ്റെ അനുയായികളിലൊരാളെ ഉപമുഖ്യമന്ത്രിയാക്കണമെന്നാണ് നിർദേശങ്ങളിലൊന്ന്. എന്നാൽ ഇത് ഡികെ ശിവകുമാർ പക്ഷം അംഗീകരിക്കാൻ സാധ്യതയില്ല.
ഇതിനിടെ, സിദ്ധരാമയ്യയുടെ ഭാവി രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ചും അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. നിർബന്ധിത സാഹചര്യത്തിൽ രാജിവെക്കേണ്ടി വന്നാൽ അദ്ദേഹം പുതിയ രാഷ്ട്രീയ സാധ്യതകൾ തേടിയേക്കാമെന്നും ബിജെപിയുമായി സഹകരിക്കരിച്ചേക്കുമെന്നുമുള്ള അഭ്യൂഹങ്ങളും ശക്തമാണ്.
അതേസമയം ഡികെ ശിവാകുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാനുളള സാധ്യത മങ്ങുന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സിദ്ധരാമ പക്ഷത്തുള്ള വലിയ വിഭാഗം നേതാക്കളുടെ പിന്തുണ ശിവകുമാറിനില്ല. ഇരുപക്ഷത്തിനും സ്വീകാര്യനായ ഒരു മൂന്നാമനെ കണ്ടെത്താനുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ കർണാടക മുഖ്യമന്ത്രിയാവട്ടെയെന്ന നിർദേശവും ഉയരുന്നുണ്ട്. വൈകാതെ തന്നെ ഇക്കാര്യത്തിൽ നേതൃത്വം തീരുമാനമെടുത്തേക്കും.












Click it and Unblock the Notifications