സിദ്ധരാമയ്യ ഒഴിയുന്നു... ശിവകുമാര്‍ മുഖ്യമന്ത്രിപദത്തിലേക്ക്, അവകാശവാദവുമായി ജര്‍ക്കിഹോളിയും
ബെംഗളൂരു: കര്‍ണാടകയില്‍ ഡികെ ശിവകുമാര്‍ മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന. നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെയാണ് ഇത് സംബന്ധിച്ച സൂചനകള്‍ നല്‍തിയത്. ഉപമുഖ്യമന്ത്രി ശിവകുമാറുമായി അധികാരം പങ്കിടല്‍ കരാര്‍ ഉണ്ട് എന്ന് കഴിഞ്ഞ ദിവസം സിദ്ധരാമയ്യ അംഗീകരിച്ചിരുന്നു. ഇത് സംബന്ധിച്ച് മുന്‍കാലങ്ങളില്‍ പ്രതികരിച്ച രീതിയില്‍ നിന്നും തീര്‍ത്തും വിഭിന്നമായാണ് സിദ്ധരാമയ്യ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
മുന്‍പ് അധികാരം പങ്കിടുന്നത് സംബന്ധിച്ച് ധാരണയൊന്നുമില്ല എന്നായിരുന്നു സിദ്ധരാമയ്യ പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം താനും ശിവകുമാറും തമ്മില്‍ അധികാരം പങ്കിടല്‍ ക്രമീകരണം ഉണ്ടെന്ന് അംഗീകരിക്കുകയും ഏത് മാറ്റത്തിന്റെ കാര്യത്തിലും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സ്വീകരിക്കുന്ന അന്തിമതീരുമാനം അംഗീകരിക്കുമെന്നുമായിരുന്നു സിദ്ധരാമയ്യ പറഞ്ഞത്.

പാര്‍ട്ടി നേതൃത്വത്തിന്റെ കാര്യത്തില്‍ തീരുമാനമെടുത്താല്‍ താന്‍ തന്റെ കടമ നിര്‍വഹിക്കുമെന്ന് ശിവകുമാറും അടുത്തിടെ പറഞ്ഞിരുന്നു. 2023 ലെ നിയമസഭാ തിരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടിയതിന് തൊട്ടുപിന്നാലെയാണ് അധികാരം പങ്കിടല്‍ എന്ന ഫോര്‍മുലയും ഉയര്‍ന്ന് വന്നത്. സിദ്ധരാമയ്യയെ കൂടാതെ ശിവകുമാറും മുഖ്യമന്ത്രി സ്ഥാനത്തേക്ക് സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.
ഇതോടെയാണ് ഹൈക്കമാന്റ് ഇടപെട്ട് 30 മാസത്തെ അധികാരം പങ്കിടല്‍ ക്രമീകരണം നിര്‍ദ്ദേശിച്ചത്. ഈ വര്‍ഷം അവസാനത്തോടെ മുഖ്യമന്ത്രി പദത്തില്‍ 30 മാസം പൂര്‍ത്തിയാക്കാനാണ് സിദ്ധരാമയ്യ ഒരുങ്ങുന്നത്. നേരത്തേ അധികാരക്കൈമാറ്റം സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വവുമായി ധാരണയുണ്ടെന്നും തന്റെ അവസരത്തിനായി കാത്തിരിക്കുകയാണെന്നും ശിവകുമാര്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഇത് വലിയ വിവാദമായതോടെ സിദ്ധരാമയ്യയുടെ വാക്ക് അന്തിമമാണെന്ന് അറിയിച്ച് ശിവകുമാര്‍ തന്നെ രംഗം ശാന്തമാക്കുകയായിരുന്നു. ശിവകുമാറിനെ കൂടാതെ പൊതുമരാമത്ത് മന്ത്രി സതീഷ് ജാര്‍ക്കിഹോളിയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് കണ്ണെറിയുന്നുണ്ട്. രണ്ട് കൂട്ടരുടേയും അനുയായികള്‍ മുഖ്യമന്ത്രി സ്ഥാനം ഉറപ്പിക്കുന്നതിനായി ക്ഷേത്രങ്ങളില്‍ പ്രത്യേക ആചാരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.
അതേസമയം ഇതിലെല്ലാം ആത്യന്തികമായി ഹൈക്കമാന്‍ഡ് തീരുമാനമെടുക്കും എന്നാണ് സിദ്ധരാമയ്യ പറയുന്നത്. അതേസമയം എസ്സി/എസ്ടി ക്ഷേമ പരിപാടികള്‍ക്കായി അനുവദിച്ച ഫണ്ട് ദുരുപയോഗം ചെയ്തെന്ന ബിജെപിയുടെ ആരോപണങ്ങളിലും സിദ്ധരാമയ്യ പ്രതികരിച്ചു. ബിജെപിയുടേത് രാഷ്ട്രീയപ്രേരിതമായ ആരോപണങ്ങള്‍ മാത്രമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കോണ്‍ഗ്രസ് സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്‌തെന്നും എസ്സി/എസ്ടി സമുദായങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ബി വൈ വിജയേന്ദ്ര ആരോപിച്ചിരുന്നു.












Click it and Unblock the Notifications