
ആര്‍എസ്എസിനെതിരെ 'ആര്യന്' വിമര്‍ശനം ശക്തമാക്കി സിദ്ധരാമയ്യ; ലക്ഷ്യം തമിഴ്നാട് മോഡല്‍ പ്രതിരോധം?
ബെംഗളൂരു: ആര് എസ് എസിനെതിരായ വിമര്‍ശനം ശക്തമായി ആവര്‍ത്തിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. ആര് എസ് എസും ബി ജെ പിയും ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്നു എന്ന വാദത്തേയും അദ്ദേഹം വിമര്‍ശിച്ചു. ആര് എസ് എസിന്റെ തത്വപ്രകാരം എങ്ങനെയാണ് ഒരാള്‍ ഹിന്ദുവായി തിരിച്ചറിയപ്പെടുന്നത് എന്ന് അദ്ദേഹം ചോദിച്ചു. ഹിന്ദു മാതാപിതാക്കള്‍ക്ക് ജനിച്ചാല്‍ മതിയോ? അതോ അയാള്‍ ബി ജെ പിയില്‍ അംഗമാകണോ?, സിദ്ധരാമയ്യ ചോദിച്ചു. ആര് എസ് എസിന്റെ ഈ ഹൈന്ദവ കാഴ്ചപ്പാടില്‍ എല്ലാ ജാതികളും യോജിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
'എല്ലാ ഹിന്ദുക്കളും ഒന്നാണെന്ന് അവകാശപ്പെടുന്ന ആര് എസ് എസ് എന്തിനാണ് അവരുടെ എല്ലാ ഭാരവാഹി സ്ഥാനങ്ങളും ഒരു ജാതിക്ക് വേണ്ടി മാറ്റിവെച്ചത്? എത്ര ആര് എസ് എസ് ഭാരവാഹികള്‍ ദളിത്, പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്? സിദ്ധരാമയ്യ ചോദിച്ചു. നേരത്തെ ജവഹര്‍ലാല്‍ നെഹ്റുവിന്റെ ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍, ആര് എസ് എസിന്റെ ഉത്ഭവം ഇന്ത്യയിലാണോയെന്നും അത് ആര്യന് അല്ലെങ്കില്‍ ദ്രാവിഡ സംഘടനയാണോ എന്നും സിദ്ധരാമയ്യ ചോദിച്ചിരുന്നു.
'ആര് എസ് എസ് ഇന്ത്യയിലെയാണോ? നമ്മള് അതൊന്നും അനാവശ്യമായി ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല, നമ്മള് നിശബ്ദരാണ്. ആര്യന്മാര് ഈ നാട്ടില്‍ നിന്നുള്ളവരാണോ? അവര്‍ ദ്രാവിഡരാണോ? അവരുടെ ഉത്ഭവം നോക്കണം, ''പാഠപുസ്തക പരിഷ്കരണ സമിതിയുടെ ശുപാര്‍ശ പ്രകാരം കര്‍ണാടകയിലെ ബി ജെ പി സര്‍ക്കാര്‍ നടപ്പ് അധ്യയന വര്‍ഷത്തെ സ്കൂള്‍ പാഠപുസ്തകങ്ങളില്‍ ആര് എസ് എസ് സ്ഥാപകന്‍ കെ ബി ഹെഡ്ഗേവാറിന്റെ പ്രസംഗം ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ആര് എസ് എസിന്റെ ഉത്ഭവത്തെ യൂറോപ്പിലെ അഡോള്‍ഫ് ഹിറ്റ്ലറുടെയും ബെനിറ്റോ മുസ്സോളിനിയുടെയും കീഴിലുള്ള ഫാസിസ്റ്റ് ആശയങ്ങളുമായി ബന്ധപ്പെടുത്തിയായിരുന്നു സിദ്ധരാമയ്യയുടെ പരാമര്‍ശം. ആര് എസ് എസിനോട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് അവര്‍ ഉത്തരം നല്‍കാത്തത് എന്തുകൊണ്ടാണെന്നും ഉത്തരം നല്കാന് ബി ജെ പി നേതാക്കളെ ആശ്രയിക്കുന്നത് എന്തുകൊണ്ടാണെന്നും സിദ്ധരാമയ്യ ചോദിച്ചു. ആര് എസ് എസ് 'ഹിന്ദുക്കളുടെ ഏക സംരക്ഷകരാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ബി ജെ പിയെ മാത്രമാണ് പിന്തുണയ്ക്കുന്നത്. അവര്‍ ബി ജെ പിക്ക് പുറത്തുള്ള ഹിന്ദുക്കളെ കാണുന്നില്ലേ,'' അദ്ദേഹം ചോദിച്ചു.
ഹിന്ദുത്വത്തിന്റെ സാമൂഹിക തിന്മകളെ ചോദ്യം ചെയ്യുന്നത് ഒരാളെ ഹിന്ദു വിരുദ്ധനായി മുദ്രകുത്താന്‍ ഇടയാക്കിയാല്‍, അതേ കാര്യം ചെയ്ത സ്വാമി വിവേകാനന്ദനെയും കനകദാസനെയും നാരായണ ഗുരുവിനെയും നിങ്ങള്‍ എന്ത് വിളിക്കും? എന്നും അദ്ദേഹം ചോദിച്ചു. തമിഴ്നാട്ടില്‍ ആര് എസ് എസ് ആക്രമണത്തെ ദ്രാവിഡ സംസ്കാരം ഉയര്‍ത്തി പ്രതിരോധിക്കുന്ന സ്റ്റാലിന്റെയും ഡി എം കെയുടെ സമാനമായാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിദ്ധരാമയ്യയുടെ പ്രതികരണങ്ങള്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുന്നേറ്റമുണ്ടാക്കാന്‍ ബി ജെ പി ശ്രമിക്കുന്ന സാഹചര്യത്തിലാണ് കര്‍ണാടകയില്‍ നിന്ന് ഇത്തരമൊരു പ്രതിരോധമുയരുന്നത് എന്നതും ശ്രദ്ധേയമാണ്.
ഡ്രെസും ഫാഷനും ഏതുമാകട്ടെ...ഷംന ചുമ്മാ പൊളിയാണ്; വൈറല്‍ ചിത്രങ്ങള്‍
ഇതുവരെ ബി ജെ പി സര്‍ക്കാര്‍ രൂപീകരിച്ച ഏക ദക്ഷിണേന്ത്യന്‍ സംസ്ഥാനമാണ് കര്‍ണാടക എന്നതും ഇതിനോട് ചേര്‍ത്ത് വായിക്കണം. എന്നാല്‍ സിദ്ധരാമയ്യയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ ബി ജെ പി രംഗത്തെത്തി. സിദ്ധരാമയ്യ സ്വയം 'ആര്യനോ ദ്രാവിഡനോ' എന്ന് ആദ്യം പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ആര് എസ് എസുകാര്‍ ഇന്ത്യക്കാരനാണെന്നും അതിന്റെ അനുയായികള്‍ ഇറ്റാലിയന്‍ നേതൃത്വമുള്ള ഇറ്റലിക്കാരല്ലെന്നും കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് അഭിപ്രായപ്പെട്ടു.