'സിദ്ധരാമയ്യ രാഷ്ട്രീയ ജീവിതത്തിന്റെ അവസാനഘട്ടത്തിൽ', വിവാദ പരാമർശവുമായി മകൻ
ബെംഗളൂരു: കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകത്തില്‍ നേതൃമാറ്റം സംബന്ധിച്ചുളള അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ ശ്രദ്ധേയമായി മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്രയുടെ പരാമര്‍ശം. സിദ്ധരാമയ്യ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ അവസാനഘട്ടത്തിലാണെന്നും അദ്ദേഹം മന്ത്രിസഭയിലെ സഹപ്രവര്‍ത്തകനായ സതീഷ് ജാര്‍ഖിഹോളിക്ക് മാര്‍ഗനിര്‍ദേശകനാകണമെന്നുമാണ് യതീന്ദ്ര പറഞ്ഞത്.
സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജി വെയ്ക്കുമെന്നും ഉപമുഖ്യമന്ത്രിയായ ഡികെ ശിവകുമാര്‍ മുഖ്യമന്ത്രിയാകും എന്നുമുളള സൂചനകള്‍ ഏതാനും നാളുകളായി അന്തരീക്ഷത്തിലുണ്ട്. കഴിഞ്ഞ മാസം സിദ്ധരാമയ്യ ഇത്തരം പ്രചരണങ്ങള്‍ തള്ളിക്കളഞ്ഞ് രംഗത്ത് വന്നിരുന്നു. എരിതീയില്‍ എണ്ണയൊഴിക്കുന്നത് പോലുളള പ്രസ്താവന കോണ്‍ഗ്രസ് എംപി ശിവരാമ ഗൗഡ നടത്തിയതിന് പിന്നാലെയാണ് സിദ്ധരാമയ്യ നേരിട്ട് രംഗത്ത് വന്നത്.

ഡികെ ശിവകുമാര്‍ താമസിയാതെ മുഖ്യമന്ത്രിയാകും എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റെതാണ്. പാര്‍ട്ടിയെ എങ്ങനെ നയിക്കണമെന്നും മുഖ്യമന്ത്രിയേയും ഉപമുഖ്യമന്ത്രിയേയും എങ്ങനെ ബാലന്‍സ് ചെയ്യണം എന്നതും ഹൈക്കമാന്‍ഡിന് അറിയാം. എന്തായാലും കഠിനാധ്വാനത്തിനുളള പ്രതിഫലം ലഭിക്കും, ശിവരാമ ഗൗഡ പറഞ്ഞു.
മുഖ്യമന്ത്രിയായി താന്‍ 5 വര്‍ഷം തികയ്ക്കും എന്നാണ് സിദ്ധരാമയ്യ പ്രതികരിച്ചത്. നേതൃമാറ്റം സംബന്ധിച്ചുളള വാര്‍ത്തകള്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വവും തള്ളിക്കളഞ്ഞിരുന്നു. അതേസമയം സിദ്ധരാമയ്യയെ പിന്തുണച്ചും ശിവകുമാറിനെ പിന്തുണച്ചു രണ്ട് ക്യാമ്പുകള്‍ കോണ്‍ഗ്രസിനുളളില്‍ നിലകൊണ്ടിരിക്കുകയാണ്. സിദ്ധരാമയ്യ ക്യാമ്പിലാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ സതീഷ് ജാര്‍ഖിഹോളി. ഈ പശ്ചാത്തലത്തിലാണ് യതീന്ദ്രയുടെ വാക്കുകള്‍ ശ്ര്‌ദ്ധേയമാകുന്നത്.












Click it and Unblock the Notifications