മുഖ്യമന്ത്രി സ്ഥാനം മാറില്ലെന്ന് സിദ്ധരാമയ്യ, പിന്തുണയ്ക്കുകയല്ലാതെ താനെന്ത് ചെയ്യുമെന്ന് ഡികെ
ബെംഗളൂരൂ: അഞ്ച് വര്‍ഷത്തേക്ക് താന്‍ തന്നെയായിരിക്കും കര്‍ണാടക മുഖ്യമന്ത്രിയെന്ന് സിദ്ധരാമയ്യ. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്ന പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ക്കുള്ള പരോക്ഷ മുന്നറിയിപ്പെന്നോണമാണ് സിദ്ധരാമയ്യയുടെ പ്രതികരണം. അഞ്ച് വര്‍ഷം താന്‍ തന്നെയായിരിക്കും മുഖ്യമന്ത്രി എന്നും അതില്‍ എന്താണ് സംശയം എന്നും സിദ്ധരാമയ്യ ചോദിച്ചു.
നേരത്തെ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെ ഭാവി മുഖ്യമന്ത്രിയായി പാര്‍ട്ടി നിയമസഭാംഗങ്ങള്‍ പിന്തുണയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ സന്ദേശം. അതേസമയം നേതൃമാറ്റ ചര്‍ച്ചകളെ തള്ളിക്കൊണ്ട് ഡികെ ശിവകുമാറും രംഗത്തെത്തി. മുഖ്യമന്ത്രിയെ മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ല എന്നും തന്നെ മുഖ്യമന്ത്രിയാക്കാന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് കൂടിയായ ഡികെ ശിവകുമാര്‍ പറഞ്ഞു.

നേതൃമാറ്റ വിഷയത്തില്‍ പരസ്യ പ്രസ്താവനകള്‍ നടത്തുന്ന നേതാക്കള്‍ക്ക് നോട്ടീസ് നല്‍കുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. 'എല്ലാവരും കഠിനാധ്വാനം ചെയ്തിട്ടുണ്ട്. എന്നെപ്പോലെ നൂറുകണക്കിന് ആളുകള്‍ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഞാന്‍ ഒറ്റയ്ക്കാണോ? ലക്ഷക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ആദ്യം നമ്മള്‍ അവരെക്കുറിച്ച് ചിന്തിക്കണം,' ശിവകുമാര്‍ പറഞ്ഞു.
സിദ്ധരാമയ്യയെ പിന്തുണയ്ക്കുക എന്നതല്ലാതെ തനിക്ക് മറ്റൊരു മാര്‍ഗവുമില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'എനിക്ക് മുന്നില്‍ എന്ത് വഴിയാണുള്ളത്? ഞാന്‍ അദ്ദേഹത്തോടൊപ്പം നില്‍ക്കുകയും പിന്തുണയ്ക്കുകയും വേണം. എനിക്ക് അതില്‍ എതിര്‍പ്പില്ല, പാര്‍ട്ടി ഹൈക്കമാന്‍ഡ് എന്ത് പറഞ്ഞാലും അവര്‍ എന്ത് തീരുമാനിച്ചാലും അത് നിറവേറ്റപ്പെടും,'ഡികെ ശിവകുമാര്‍ വ്യക്തമാക്കി.
ഇപ്പോള്‍ ഒന്നും ചര്‍ച്ച ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്നും ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ ഈ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിദ്ധരാമയ്യ നേതാവായതില്‍ കോണ്‍ഗ്രസില്‍ അതൃപ്തിയൊന്നുമില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം കര്‍ണാടകയിലെ ഏകദേശം 100 കോണ്‍ഗ്രസ് എംഎല്‍എമാര്‍ സിദ്ധരാമയ്യയില്‍ നിന്ന് ഡികെ ശിവകുമാറിലേക്ക് നേതൃമാറ്റം ആവശ്യപ്പെട്ടതായി കോണ്‍ഗ്രസ് എംഎല്‍എ ഇക്ബാല്‍ ഹുസൈന്‍ പറഞ്ഞിരുന്നു.
ശിവകുമാറിന്റെ കടുത്ത അനുയായി കൂടിയായ ഹുസൈന്‍ നേതൃമാറ്റത്തിനായി എ ഐ സി സി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാലയോട് അഭ്യര്‍ത്ഥിച്ചിരുന്നു. അതേസമയം എംഎല്‍എമാരുടെ പരസ്യ പ്രതികരണത്തിന് പിന്നാലെ രണ്‍ദീപ് സുര്‍ജേവാല അടിയന്തരമായി ബെംഗളൂരുവില്‍ എത്തി പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.












Click it and Unblock the Notifications