ഭീഷണി ഉണ്ടായിട്ടും എന്തിനാണ് സിദ്ധു മുസ് വാലയുടെ സുരക്ഷ പിന്‍വലിച്ചത്? കൊലപാതകത്തിന്റെ ചുരുളഴിയുമോ?
അമൃത്സര്‍: പ്രശസ്ത പഞ്ചാബി ഗായകനും റാപ്പറുമായ സിദ്ധു മൂസ് വാല വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍. സിദ്ധു മൂസ് വാലയുടെ പിതാവ് ബല്‍ക്കൗര്‍ സിങ്ങിന്റെ കത്തിന് പിന്നാലെയാണ് തീരുമാനം.
സിദ്ധുവിന്റെ സുരക്ഷ പിന്‍വലിച്ച തീരുമാനത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ഭഗവന്ത് ഉത്തരവിട്ടു. മകന്റെ മരണം സിബിഐയും എന്‍ഐഎയും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബല്‍ക്കര്‍ സിങ് ഭഗവന്ത് മന്നിന് കത്തയച്ചത്. കുറ്റവാളികള്‍ ഒരു കാരണവശാലും രക്ഷപ്പെടില്ലെന്നും ഹൈക്കോടതി സിറ്റിംഗ് ജഡ്ജ് കേസ് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസ് അന്വേഷണത്തിന് പഞ്ചാബ് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ ഉണ്ടാവുമെന്നും ഭഗവന്ത് മന്‍ ഉറപ്പ് നല്‍കി.

സിദ്ധു മൂസ് വാല ഉള്‍പ്പെടെ 424 പേരുടെ സുരക്ഷ പഞ്ചാബ് പോലീസ് കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അക്രമം നടന്നത്. പഞ്ചാബി ഗായകന് കുറച്ച് കാലമായി ഗുണ്ടാസംഘത്തില്‍ നിന്ന് ഭീഷണി കോളുകള്‍ വന്നിരുന്നെന്ന് ബല്‍ക്കൗര്‍ സിങ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സിദ്ധുവിനും സുഹൃത്തുക്കള്‍ക്കും നേരെ വെടിയുതിര്‍ത്ത് മിനിറ്റുകള്‍ക്കുള്ളില്‍, കാറുകള്‍ പാഞ്ഞുപോയെന്നും താന്‍ നിലവിളിച്ചപ്പോള്‍ ആളുകള്‍ തടിച്ചുകൂടി. പിന്നാലെ മകനെയും അവന്റെ സുഹൃത്തുക്കളെയും ആശുപത്രിയില്‍ എത്തിച്ചു, അവിടെ വെച്ച് സിദ്ധു മരിച്ചുപോയെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് സിദ്ധു കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ടിക്കറ്റില്‍ മനാസയില്‍ നിന്ന് മത്സരിക്കുകയും ചെയ്തിരുന്നു. ആം ആദ്മി പാര്‍ട്ടിയുടെ ഡോക്ടര്‍ വിജയ് സിംഗ്ലയോട് 63,323 വോട്ടുകള്‍ക്ക് പരാജയപ്പെട്ട അദ്ദേഹം പിന്നീട് പാര്‍ട്ടി വേദികളില്‍ സജീവവുമായിരുന്നില്ല. മന്‍സ ജില്ലയിലെ മൂസ എന്ന ഗ്രാമത്തില്‍ നിന്നുള്ള സിദ്ധു മൂസ് വാല കഴിഞ്ഞ വര്‍ഷം നവംബറില്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസ് ദേശീയ തലത്തില്‍ തന്നെ വലിയ ആഘേഷമാക്കിയിരുന്നു.

മന്‍സ അസംബ്ലി മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് അദ്ദേഹത്തിന് ടിക്കറ്റ് നല്‍കിയതോടെ, ഗായകന്റെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ക്കുമെന്ന് പറഞ്ഞ് അന്നത്തെ സിറ്റിംഗ് എംഎല്‍എ നാസര്‍ സിംഗ് മന്‍ഷാഹിയ പാര്‍ട്ടിക്കെതിരെ വിമതനായി മത്സരിക്കുകയും ചെയ്തിരുന്നു. പഞ്ചാബി സംഗീതവുമായും പഞ്ചാബി സിനിമയുമായും ബന്ധപ്പെട്ടിരുന്ന പ്രശസ്ത കലാകാരനായിരുന്നു സിദ്ധു മൂസ് വാല. 2017-ല്‍ അദ്ദേഹമിറക്കിയ 'സോ ഹൈ' എന്ന ട്രാക്കിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. 2018-ല്‍, ബില്‍ബോര്‍ഡ് കനേഡിയന്‍ ആല്‍ബങ്ങളുടെ ചാര്‍ട്ടില്‍ 66-ാം സ്ഥാനത്തായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ആല്‍ബം. 2020-ല്‍, ദ ഗാര്‍ഡിയന്‍ അദ്ദേഹത്തെ '2020-ലെ 50 പുതിയ കലാകാരന്മാരില്‍' ഉള്‍പ്പെടുത്തുകയും ചെയ്തു.
അതേസമയം, സിദ്ധു മൂസ് വാലയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം കാനഡ ആസ്ഥാനമായുള്ള ഗുണ്ടാസംഘം ഗോള്‍ഡി ബ്രാര്‍ ഏറ്റെടുത്തിരുന്നു. 700 അംഗ ബിഷ്‌ണോയി സംഘം പോലീസ് റഡാറിന് കീഴിലാണ്. ജയിലില്‍ കിടക്കുന്ന ഗുണ്ടാസംഘം ലോറന്‍സ് ബിഷ്‌ണോയിയുടെ അടുത്ത സഹായിയാണ് ഗോള്‍ഡി ബ്രാര്‍. മൂസ് വാലയ്‌ക്കെതിരായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഫേസ്ബുക്കിലൂടെയാണ് ഇവര്‍ ഏറ്റെടുക്കുന്നത്. ഇതില്‍ സച്ചിന്‍ ബിഷ്‌ണോയ് ധട്ടാരന്‍വാലിയെയും ലോറന്‍സ് ബിഷ്‌ണോയിയെയും പരാമര്‍ശിക്കുകയും ചെയ്തിരുന്നു. മൂസ് വാലെയുടെ കൊലപാതകത്തിന് ശേഷം ഡല്‍ഹിയിലെ വിവിധ ജയിലുകളില്‍ കഴിയുന്ന ഗുണ്ടാസംഘങ്ങളായ നീരജ് ബവാനിയ, തില്ലു താജ്പുരിയ, ലോറന്‍സ് ബിഷ്‌ണോയ്-കാലാ ജാഥേഡി-ഗോള്‍ഡി ബ്രാര്‍ എന്നിവരെ പോലീസ് നിരീക്ഷിക്കുന്നുണ്ട്.












Click it and Unblock the Notifications