തലപ്പാവ് അഴിക്കാത്ത സിഖ് യാത്രക്കാരന് ചെന്നൈ മെട്രോയില്‍ അധിക്ഷേപം
ചെന്നൈ: ചെന്നൈ മെട്രോയില്‍ കയറിയ സിഖ് സമുദായക്കാരനായ യുവാവിനെ ഗാര്‍ഡ് അധിക്ഷേപിച്ചതായി ആരോപണം. ഹരിയാണ സ്വദേശിയായ ഇരുപത്തിയൊമ്പതുകാരന്‍ തന്‍ദീപ് സിങ് ആണ് ആരോപണം ഉന്നയിച്ചത്. കഴിഞ്ഞദിവസം ചെന്നൈ മെട്രോ ട്രെയിനിയില്‍ കയറാന്‍ ശ്രമിക്കവെ തന്നെ ഗാര്‍ഡ് തടഞ്ഞുവെക്കുകയായിരുന്നെന്ന് തന്‍ദീപ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
സെക്യൂരിറ്റി ചെക്കിങ്ങിനായിട്ടായിരുന്നു തടഞ്ഞത്. ശരീരത്തിലെ പരിശോധനയ്ക്കുശേഷം തലപ്പാവ് അഴിക്കാന്‍ ഗാര്‍ഡ് ആവശ്യപ്പെട്ടു. എന്നാല്‍ ഡിറ്റക്ടര്‍ കൊണ്ടു പുറത്തുപരിശോധിക്കാമെന്നും തലപ്പാവ് അഴിക്കാന്‍ പറ്റില്ലെന്നും തന്‍ദീപ് പ്രതികരിച്ചു. തലപ്പാവ് പൊതു സ്ഥലത്തുനിന്നും അഴിക്കാന്‍ സാധ്യമല്ല, അത് തങ്ങളുടെ മതവിശ്വാസമാണെന്നും യുവാവ് വ്യക്തമാക്കി.

എന്നാല്‍, തലപ്പാവ് അഴിച്ച് പരിശോധിക്കാതെ മെട്രോയില്‍ യാത്ര ചെയ്യാന്‍ അനുവദിക്കാന്‍ കഴിയില്ലെന്നായിരുന്നു ഗാര്‍ഡിന്റെ പിടിവാശി. സിഖുകാരുടെ തലപ്പാവിനെക്കുറിച്ച് അറിവല്ലാത്തയാളായിരിക്കാം ഗാര്‍ഡ് എന്നാണ് തന്‍ദീപ് സിങ് പിന്നീട് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ സംഭവം വിവരിക്കവെ കുറിച്ചത്.
സംഭവം സോഷ്യല്‍ മീഡിയയിലൂടെ വിവാദമായതോടെ ചെന്നൈ മെട്രോ അധികൃതര്‍ തന്‍ദീപിനോട് ക്ഷമ ചോദിച്ചു. അധികൃതര്‍ നേരിട്ട് ക്ഷമ ചോദിച്ചതായി യുവാവ് അറിയിച്ചു. ചെറുപ്പംമുതല്‍ മാതാപിതാക്കള്‍ക്കൊപ്പം ചെന്നൈയില്‍ കഴിയുന്നയാളാണ് തന്‍ദീപ്. ഇത്തരത്തില്‍ ഒരു അനുഭവം ആദ്യമായിട്ടാണെന്ന് യുവാവ് പറയുന്നു.












Click it and Unblock the Notifications