ടീസ്ത നദിക്കരയില്‍ വന്‍ സ്‌ഫോടനം, സ്‌ഫോടക വസ്തുക്കള്‍ മിന്നല്‍ പ്രളയത്തില്‍ ഒലിച്ച് പോയി?
ന്യൂഡല്‍ഹി: സിക്കിമിലെ ടീസ്ത നദിക്കരയിലെ റാങ്ക്‌പോയില്‍ വന്‍ സ്‌ഫോടനം. ഇതിന്റെ ദൃശ്യങ്ങള്‍ വീഡിയോകളിലൂടെ പുറത്തുവന്നിട്ടുണ്ട്. വലിയ അളവിലുള്ള വെടിമരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. അതേസമയം ഇവ ഇന്ത്യന്‍ സൈന്യത്തിന്റേതാണെന്ന് സൂചനയുണ്ട്. എന്നാല്‍ ഈ വെടിമരുന്ന് മിന്നല്‍ പ്രളയത്തില്‍ ഒലിച്ചുപോയെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്.
അതേസമയം സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ടീസ്ത നദിയിലെ മിന്നല്‍ പ്രളയത്തില്‍ ഇവ വെടിക്കോപ്പുകള്‍ ഒലിച്ചുപോയതായിട്ടാണ് സൈനിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ആയുധങ്ങളോ സ്‌ഫോടക വസ്തുക്കളോ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ അധികൃതരെ അറിയിക്കാന്‍ സൈന്യം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

വ്യാഴാഴ്ച്ച സ്‌ഫോടക വസ്തുക്കള്‍ വീട്ടിലേക്ക് കൊണ്ടുവന്നതിനെ തുടര്‍ന്ന് രണ്ട് പേര്‍ കൊല്ലപ്പെടുകയും, നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതോടെയാണ് സൈന്യം ഇത്തരമൊരു നിര്‍ദേശം നല്‍കിയത്. ഇവര്‍ ഗ്രനേഡ് പശ്ചിമ ബംഗാളിലെ ന്യൂ ജല്‍പായ്ഗുരിയിലുള്ള വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. അവിടെ വെച്ചാണ് ഇത് പൊട്ടിത്തെറിച്ചത്.
അതേസമയം സിക്കിമ്മില്‍ വെള്ളപ്പൊക്കവും കനത്ത മഴയും തുടരുകയാണ്. മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് മുപ്പത് പേര്‍ മരിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. ഉത്തര സിക്കിമിലെ ലോനക്ക് തടാകത്തില്‍ പെട്ടെന്നുണ്ടായ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് ടീസ്ത നദിയിലെ ജലനിരപ്പ് ഉയര്‍ന്നതാണ് ദുരന്തകാരണമായത്. ചുങ്താങ് ഡാമില്‍ നിന്ന് വെള്ളം തുറന്നുവിട്ടതും നദിയിലെ ജലനിരപ്പ് ഉയര്‍ത്താന്‍ കാരണായിട്ടുണ്ട്.
അതേസമയം മരിച്ചവരില്‍ ഏഴ് സൈനികരുമുണ്ട്. പ്രളയം 25100 പേരെ ബാധിക്കപ്പെട്ടതായി സിക്കിം ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മുഖ്യമന്ത്രി പ്രേം സിംഗ് തമാങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, രാഷ്ട്രപതി ദ്രൗപതി മുര്‍മു,എന്നിവരുമായി എല്ലാം സംസാരിച്ചിട്ടുണ്ട്. ഇവരെല്ലാം സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം നഷ്ടപരിഹാരം നല്‍കും. അടിയന്തര സഹായമായി രണ്ടായിരം രൂപ വീതം ദുരിതാശ്വാസ ക്യാമ്പിലുമുള്ള എല്ലാവര്‍ക്കുമായി നല്‍കും












Click it and Unblock the Notifications