വെര്‍ട്ടിക്കല്‍ ഡ്രില്ലിംഗിന് നാല് ദിവസം, സില്‍ക്ക്യാരയില്‍ സൈന്യമെത്തി, ഇനി നിര്‍ണായക ദിനങ്ങള്‍
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ സില്‍ക്ക്യാര തുരങ്കത്തില്‍ കുടുങ്ങി കിടക്കുന്നവരെ പുറത്തെത്തിക്കുന്നത് ഇനിയും വൈകും. ഡ്രില്ലിംഗ് മെഷീന്‍ അടക്കം കേടുപാട് സംഭവിച്ചിരിക്കുകയാണ്. ഇതോടെ രക്ഷാപ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. അതേസമയം സൈന്യം മാനുവല്‍ ഡ്രില്ലിംഗിനായി ഇവിടെ എത്തിയിട്ടുണ്ട്. ഇനി ഇവരുടെ സഹായവും ഉണ്ടാവും.
ഓഗര്‍ മെഷീന്റെ ബ്ലേഡുകള്‍ പൈപ്പുകള്‍ക്കിടയില്‍ കുടുങ്ങിയതാണ് രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടാന്‍ കാരണം. സില്‍ക്ക്യാര തുരങ്കം തകര്‍ന്നപ്പോഴുണ്ടായ അവശിഷ്ടങ്ങളെ നീക്കം ചെയ്തിരുന്നത് ഈ ഓഗര്‍ മെഷീനായിരുന്നു. എന്നാല്‍ ഇവ ഇനി ഉപയോഗിക്കില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു.

നാല് ദിവസത്തോളം എടുക്കും മാനുവല്‍ ഡ്രില്ലിംഗിനെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താനായി ഉപയോഗിക്കുന്ന വഴിയിലേക്ക് ഇറങ്ങി ഒരാള്‍ ഡ്രില്‍ ചെയ്യണം. ഒരു ചെറിയ ഇടത്തിലിരുന്ന് കുറച്ച് നേരം മാത്രമാണ് ഇത് ചെയ്യേണ്ടത്. തുടര്‍ന്ന് മറ്റൊരാള്‍ വന്ന് ഇതേ കാര്യം ചെയ്യണം. അതേസമയം മാനുവല്‍ ഡ്രില്ലിംഗിന് നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ സൈന്യമായിരിക്കും.
മദ്രാസ് ട്രൂപ്പില്‍ നിന്നുള്ള യൂണിറ്റും, സൈന്യത്തിലെ എഞ്ചിനീയര്‍ ഗ്രൂപ്പും സില്‍ക്ക്യാരയില്‍ ഇന്ന് എത്തിയിട്ടുണ്ട്. ഇവര്‍ രക്ഷാപ്രവര്‍ത്തനത്തിന് സഹായിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഒന്നിലധികം പദ്ധതികള്‍ തൊഴിലാളികളെ രക്ഷപ്പെടുത്താനായി തയ്യാറാക്കിയിട്ടുണ്ടെന്ന് നാഷണല്‍ ഹൈവേ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലെപ്‌മെന്റ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ പറഞ്ഞു.
അതേസമയം മറ്റ് തടസ്സങ്ങള്‍ ഒന്നുമില്ലെങ്കില്‍ വെര്‍ട്ടിക്കല്‍ ഡ്രില്ലിംഗ് വിജയകരമാകുമെന്നും, കുടുങ്ങി കിടക്കുന്നവര്‍ക്ക് അടുത്തെത്താന്‍ സാധിക്കുമെന്നും മഹമ്മൂദ് അഹമ്മദ് പറഞ്ഞു. ഏകദേശം 360 മണിക്കൂറോളമായി ഇവര്‍ കുടുങ്ങി കിടക്കാന്‍ തുടങ്ങിയിട്ട്. ഇതോടെ ഇനിയും ദിവസങ്ങള്‍ ഇവര്‍ കാത്തിരിക്കേണ്ടി വരുമെന്ന അവസ്ഥയിലാണ്.
ജീവനക്കാര്‍ക്ക് ഓക്‌സിജനും, അതുപോലെ ഭക്ഷണവും, വെള്ളവും, മരുന്നുകളും എത്തിച്ച് നല്‍കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ ക്ഷമ പാലിക്കണമെ ന്നാണ് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിരിക്കുന്നത്. ഒരു മലയുടെ മകുളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അത് ദീര്‍ഘനേരം എടുക്കും. കാരണം എല്ലാം അപ്രവചനീയമായിരിക്കുമെന്ന് എന്‍ഡിഎംഎ അംഗം സയ്യിദ് അത്താ ഹസ്‌നൈന്‍ പറഞ്ഞു.
കൃത്യമായ ഒരു ടൈം ലൈന്‍ വെച്ച് പ്രവര്‍ത്തിക്കാനാവില്ലെന്നാണ് ഹസ്‌നൈന്‍ പറയുന്നത്. അതേസമയം കുടുങ്ങി കിടക്കുന്നവര്‍ ക്രിസ്മസിന് ഉള്ളില്‍ പുറത്തുവരുമെന്ന് അന്താരാഷ്ട്ര തുരങ്ക വിദഗ്ധന്‍ അര്‍നോള്‍ഡ് ഡിക്‌സ് പറഞ്ഞു. ഇത് ഇനിയും ദിവസങ്ങളെടുക്കുമെന്ന സൂചനയാണ് നല്‍കുന്നത്. വെര്‍ട്ടിക്കല്‍ ഡ്രില്ലിംഗ് നേരത്തെ തന്നെ തുടങ്ങിയിട്ടുണ്ട്. ഇനി മാനുവല്‍ ഡ്രില്ലിംഗാണ് ആരംഭിക്കാനുള്ളത്. ഇതും ഉടനെ ആരംഭിക്കും. ഡ്രില്ലിംഗ് മെഷീഷന്‍ പുറത്തെടുത്താല്‍ ഉടന്‍ അത് ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പ്ലാസ്മ കട്ടറും ഉടന്‍ എത്തും.












Click it and Unblock the Notifications