ഉത്തരാഖണ്ഡ് രക്ഷാദൗത്യം വിജയം, 16 ദിവസത്തിന് ശേഷം 41 തൊഴിലാളികളെയും വിജയകരമായി പുറത്തെത്തിച്ചു
ഡെറാഡൂണ്‍: ഉത്തരകാശിയിലെ സില്‍ക്ക്യാര തുരങ്കത്തിലെ രക്ഷാപ്രവര്‍ത്തനം വിജയകരം. ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിനാണ് വിരാമമായിരിക്കുന്നത്. തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും പുറത്തെത്തിച്ചു. രണ്ടാഴ്ച്ചയില്‍ അധികമായി ഇവര്‍ തുരങ്കത്തില്‍ കുടുങ്ങി കിടക്കുകയായിരുന്നു. നേരത്തെ രാത്രി എട്ട് മണിയോടെ ആദ്യത്തെയാളെ പുറത്തെത്തിക്കുമെന്ന് രക്ഷാപ്രവര്‍ത്തന സംഘത്തിലെ അംഗമായ ഹര്‍പാല്‍ സിംഗ് പറഞ്ഞിരുന്നു.
വൈകീട്ട് 7.05നാണ് രക്ഷാപ്രവര്‍ത്തനത്തില്‍ വഴിത്തിരിവുണ്ടായത്. അതേസമയം രക്ഷപ്പെടുത്തിയവരെ മെഡിക്കല്‍ ചെക്കപ്പുകള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്. ഇവര്‍ക്ക് വസ്ത്രങ്ങള്‍ അടക്കം അധികൃതര്‍ കൈമാറി.അതേസമയം രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ തന്നെ പ്രദേശവാസികളും, തുരങ്കത്തില്‍ കുടുങ്ങിയവരുടെ ബന്ധുക്കളുമെല്ലാം മധുരവിതരണം ആരംഭിച്ചിരുന്നു.

മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധമി രക്ഷാപ്രവര്‍ത്തനത്തിന്റെ വിവരങ്ങള്‍ എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. തൊഴിലാളികള്‍ക്ക് മെഡിക്കല്‍ പരിശോധനകള്‍ നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ തന്നെ ഇവിടെ ആംബുലന്‍സുകളും, ഡോക്ടര്‍മാരുമെല്ലാം സജ്ജമായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ 17ാം ദിവസമാണ് തൊഴിലാളികള്‍ പുറത്തെത്തിയത്.
അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ എല്ലാവരും പുറത്തെത്തുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്. ഓരോ ആളെയും പുറത്തെത്തിക്കാന്‍ അഞ്ച് മുതല്‍ ഏഴ് മിനുട്ടുകള്‍ വരെ വേണമെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. അതേസമയം രക്ഷാപ്രവര്‍ത്തനം വളരെ പതിയെ നടക്കാന്‍ വേറെയും കാരണങ്ങളുണ്ട്. കാരണം പതിനാറ് ദിവസത്തോളം ഇവര്‍ വെളിച്ചമൊന്നുമില്ലാതെയാണ് തുരങ്കത്തിനുള്ളില്‍ കഴിഞ്ഞിരുന്നത്. അതുകൊണ്ട് പുറത്തെത്തുമ്പോള്‍ അതിന്റേതായ മുന്‍കരുതലുകളും സ്വീകരിക്കണം.
ഉത്തരാഖണ്ഡില്‍ 14 ഡിഗ്രി സെല്‍ഷ്യസാണ് താപനില. സ്‌ട്രെച്ചറുകള്‍ പൈപ്പിലേക്ക് ഇറക്കി അതിലാണ് ഇവരെ പുറത്തേക്ക് എത്തിച്ചത്. ഓരോ ആളുകള്‍ക്കും ഓരോ ആംബുലന്‍സ് നേരത്തെ തന്നെ ഇവിടെ സജ്ജമാക്കി നിര്‍ത്തിയിരുന്നു. ഇവര്‍ക്ക് എളുപ്പത്തില്‍ കടന്നുപോകാനും സൗകര്യമൊരുക്കിയിട്ടുണ്ട്. തൊഴിലാളികളെ ചിന്‍യാലിസോറിലെ മെഡിക്കല്‍ കേന്ദ്രത്തിലേക്കാണ് മാറ്റുക. സില്‍ക്ക്യാരയില്‍ നിന്ന് മുപ്പത് കിലോമീറ്റര്‍ അകലെയാണിത്.
നിലവില്‍ 41 പേരെയും തുരങ്കത്തിനുള്ളില്‍ തന്നെയുള്ള ആശുപത്രികളിലേക്കാണ് മാറ്റിയിരിക്കുന്നത്. ഇത് താല്‍ക്കാലികമായി സ്ഥാപിച്ചതാണ്. ഇവര്‍ക്ക് പുറത്തുള്ള താപനില താങ്ങാനാവില്ലെന്നാണ് വിലയിരുത്തല്‍. അതേസമയം എല്ലാ തൊഴിലാളികളുടെ ആരോഗ്യ നിലയില്‍ കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആശുപത്രിക്ക് പുറമേ ഇവരെ എയര്‍ലിഫ്റ്റ് ചെയ്യാന്‍ വ്യോമസേനയുടെ ചിനൂക് ഹെലികോപ്ടറുകളും ഇവിടെ എത്തിയിരുന്നു.
ക്ഷമയും, കഠിനാധ്വാനവും, വിശ്വാസവും വിജയിച്ചുവെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധമി ട്വീറ്റ് ചെയ്തു. ഉത്തരകാശിയിലെ ഖനിയില്‍ കുടുങ്ങിയ പോയവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനത്തിന്റെ വിജയം നമ്മളെ വികാരഭരിതരാക്കുന്നു. ഇത്രയും ദിവസം തുരങ്കത്തില്‍ കുടുങ്ങിയവരുടെ ധൈര്യവും ക്ഷമയും എല്ലാവരെയും പ്രചോദിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.












Click it and Unblock the Notifications